മുഖ്യമന്ത്രിയുടെ മകന് ഇ.ഡി നോട്ടീസ് ലഭിച്ചോ എന്നതൊന്നും സി.പി.എം അറിയേണ്ടതില്ലെന്ന് എം.വി. ഗോവിന്ദൻ
text_fieldsഎം.വി. ഗോവിന്ദൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൻ വിവേക് കിരണിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‍റെ (ഇ.ഡി) നോട്ടീസ് ലഭിച്ചോ എന്നതൊന്നും പാർട്ടി അറിയേണ്ട കാര്യമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഏതെങ്കിലും പത്രം ഇത്തരമൊരു വാർത്ത പ്രസിദ്ധീകരിച്ചാൽ അതിനുപിന്നാലെ പോവുകയാണോ പാർട്ടി. ഇതൊന്നും കാണിച്ച് ഞങ്ങളെ പേടിപ്പിക്കണ്ട. സമൻസ് ഇ.ഡിയുടെ വെബ്സൈറ്റിലുണ്ടെങ്കിൽ അവിടെ കിടന്നോട്ടെ. നിയസമഭ തെരഞ്ഞെടുപ്പുവരെ ഇതുപോലെ പലതും വരും -അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ശബരിമല സ്വർണ കൊള്ളയിൽ ആരൊക്കെയാണോ കുറ്റവാളികൾ അവരെയൊക്ക നിയമത്തിന് മുന്നിൽ കൊണ്ടുവരും. ആർക്കും ഒരു സംരക്ഷണവും നൽകില്ല. നഷ്ടമായ സ്വർണം തിരിച്ചുപിടിക്കും. വിശ്വാസികൾക്ക് ഒപ്പമാണ് പാർട്ടി. ഇത് ആർ.എസ്.എസും ബി.ജെ.പിയും കോൺഗ്രസും അടക്കം കേരളത്തിൽ ധ്രുവീകരണത്തിന് ശ്രമിക്കുന്നവർക്ക് ഇഷ്ടമാകുന്നില്ല.
പാർട്ടിയിൽ പ്രവർത്തിച്ച് 75 വയസ് കഴിഞ്ഞവർക്ക് നിരാശയുണ്ടാകുക സ്വഭാവികമാണ്. ജി. സുധാകരനടക്കം എല്ലാവരെയും ചേർത്തുനിർത്തി മുന്നോട്ടുപോവും. പാർട്ടിയിലെ 75 വയസ് കഴിഞ്ഞവർ വിരമിച്ചവരല്ല. അവരിൽ ആരോഗ്യമുള്ളവർക്കെല്ലാം സംഘടന സംവിധാനത്തിന്‍റെ ഭാഗമായി പ്രവർത്തിക്കാം.
സംസ്ഥാനമാകെ സംഘർഷം സൃഷ്ടിക്കാൻ യു.ഡി.എഫ് ശ്രമിക്കുന്നതിന്‍റെ തെളിവാണ് പേരാമ്പ്ര സംഭവം. എം.പിയുടെ നേതൃത്വത്തിൽ പൊലീസിനെതിരെ ആക്രമണം അഴിച്ചുവിട്ട് കലാപം സൃഷ്ടിക്കാനാണ് കോൺഗ്രസും യൂത്ത് കോൺഗ്രസും ശ്രമിച്ചത്. കോൺഗ്രസിൽ ആഭ്യന്തര സംഘർഷം വർധിച്ചതോടെയാണ് നാട്ടിൽ കലാപത്തിനും വർഗീയ ധ്രുവീകരണത്തിനും ശ്രമിക്കുന്നത്. ബോംബും സ്ഫോടക വസ്തുക്കളുമായി പൊലീസുമായി സംഘർഷത്തിന് ശ്രമിച്ചാൽ ഇതൊക്കെയുണ്ടാകുമെന്നായിരുന്നു ഷാഫി പറമ്പിൽ എം.പിക്ക് പൊലീസ് മർദനമേറ്റതിനെകുറിച്ച് ചോദിച്ചപ്പോഴുള്ള മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

