എ.ഐ കാമറ ഇടപാട്: എല്ലാ പദ്ധതി വരുമ്പോഴും ആളുകൾ പറയുന്നതാണ് ഇതെന്ന് എം.വി ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: എ.ഐ കാമറ ഇടപാടിലെ അഴിമതി ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, എല്ലാ പദ്ധതി വരുമ്പോഴും ആളുകൾ പറയുന്നതാണ് ഇതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ പ്രതികരണം. പറയുന്ന അഴിമതിയുടെ വലിപ്പമല്ല പ്രശ്നം, അത് സത്യസന്ധമായി പരിശോധിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കള്ള പ്രചാരണത്തിൽ സാധാരണ ബി.ജെ.പിക്കാരനെയും കടത്തിവെട്ടുന്ന പ്രകടനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നതെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. കേരളത്തിൽനിന്ന് ഒന്നും ലഭിക്കില്ലെന്ന് മോദിക്കറിയാം. അദ്ദേഹത്തിനില്ലാത്ത ആവേശമാണ് തർജമയിൽ മന്ത്രി വി. മുരളീധരനെന്നും ഗോവിന്ദൻ വാർത്തസമ്മേളനത്തിൽ പരിഹസിച്ചു.
സംസ്ഥാനത്തിന് ലഭിക്കേണ്ട 4000 കോടി രൂപ കുറവ് വരുത്തിയ കേന്ദ്ര സർക്കാറും പ്രധാനമന്ത്രിയുമാണ് കേരളത്തിനെതിരെ കള്ള പ്രചാരണം നടത്തുന്നത്. കേന്ദ്ര സർക്കാറിന്‍റെ നീതി ആയോഗിന്‍റെ മുഴുവൻ വികസന സൂചികകളിലും കേരളമാണ് മുന്നിൽ. കേന്ദ്ര സർവിസിലും പൊതുമേഖല സ്ഥാപനങ്ങളിലും നിയമനം നടത്താത്ത കേന്ദ്ര സർക്കാറാണ് തൊഴിലില്ലായ്മയിൽ കേരളത്തെ കുറ്റപ്പെടുത്തുന്നത്. സ്വർണക്കടത്തിൽ തിരുവനന്തപുരത്തേക്കാൾ മുന്നിലാണ് ഗുജറാത്ത്. തിരുവനന്തപുരത്തെ സ്വർണക്കടത്തിൽ അന്വേഷണം ആവശ്യപ്പെട്ടത് കേരള സർക്കാറാണ്. സ്വർണം ആരാണ് കൊടുത്തുവിട്ടതെന്നും ആർക്ക് വേണ്ടിയായിരുന്നുവെന്നും ഇതുവരെ കണ്ടെത്താൻ കേന്ദ്രത്തിന് കഴിഞ്ഞിട്ടില്ല. കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്‍റെ സ്വത്ത് കണ്ടുകെട്ടേണ്ടന്ന് കോടതിയിൽ സത്യവാങ്മൂലം നൽകിയത് കേന്ദ്രസർക്കാർ ആണെന്നും ഗോവിന്ദൻ പറഞ്ഞു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ പിന്തുണ ബി.ജെ.പിക്ക് ലഭിക്കുന്നുവെന്ന പ്രചാരണവും കള്ളമാണ്. ക്രിസ്ത്യൻ ജന സംഖ്യ കൂടുതലുള്ള നാഗാലാൻഡിൽ 12ഉം മിസോറമിൽ ഒന്നും മേഘാലയയിൽ രണ്ടും വീതം സീറ്റ് മാത്രമാണ് ബി.ജെ.പിക്കുള്ളത്. ഗോവയിൽ കോൺഗ്രസ് എം.എൽ.എമാരെ പണം കൊടുത്തുവാങ്ങിയാണ് ഭരണം പിടിച്ചത്.
എം.കെ. സാനുവിനെ പോലുള്ള ഒരാൾക്ക് വർഗീയവാദത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്തത്തിനെക്കുറിച്ച് ചോദിച്ചപ്പോൾ എം.വി. ഗോവിന്ദൻ പ്രതികരിച്ചു. കെ-റെയിൽ കേരളത്തിന്‍റെ സ്വപ്ന പദ്ധതിയാണെന്നും അത് നടപ്പാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

