മുട്ടിൽ മരംമുറി: പുതിയ കുറ്റപത്രം സമർപ്പിച്ച് വനംവകുപ്പ്
text_fieldsകൽപറ്റ: മുട്ടിൽ മരംമുറിക്കേസിൽ വർഷങ്ങൾക്കൊടുവിൽ തങ്ങൾ സമർപ്പിച്ച കുറ്റപത്രം കോടതി മടക്കിയതോടെ വനംവകുപ്പ് പുതിയ കുറ്റപത്രം സമർപ്പിച്ചു. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടിയിലാണ് കോടതി ചൂണ്ടിക്കാണിച്ച തിരുത്തലുകൾ വരുത്തി വനംവകുപ്പ് വെള്ളിയാഴ്ച ഉച്ചയോടെ പുതിയ കുറ്റപത്രം നൽകിയത്.
വയനാട്ടില്‍നിന്നു കടത്തിയ 54 ഈട്ടിക്കഷണങ്ങള്‍ എറണാകുളം കരിമുകളിലെ മലബാര്‍ ടിമ്പര്‍ ഇന്‍ഡസ്ട്രീസില്‍നിന്നു പിടിച്ചെടുത്ത കേസിലാണ് സെപ്റ്റംബർ 17ന് വനം വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചത്. വാഴവറ്റ സൂര്യ ടിമ്പേഴ്സ് ഉടമയും റിപ്പോർട്ടർ ടി.വി ഡയറക്ടറുമായ റോജി അഗസ്റ്റിനാണ് കേസില്‍ ഒന്നാം പ്രതി. ഇദ്ദേഹത്തിന്റെ സഹോദരന്മാരായ ജോസുകുട്ടി അഗസ്റ്റിന്, ആന്റോ അഗസ്റ്റിന് എന്നിവരടക്കം ഏഴ് പ്രതികളാണ് കേസില്‍ ആകെയുള്ളത്.
വന നിയമത്തിലെയും ജൈവ വൈവിധ്യ നിയമത്തിലെയും വകുപ്പുകള്‍ പ്രകാരമാണ് കുറ്റം ചുമത്തിയത്. എന്നാൽ, മരംമുറിച്ചത് വനഭൂമിയിൽ നിന്നാണോ എന്ന കാര്യത്തിൽ കുറ്റപത്രത്തിൽ വ്യക്തത ഉണ്ടായിരുന്നില്ല.
തങ്ങൾ മരംമുറിച്ചത് വനത്തിൽ നിന്നല്ല എന്ന വാദമാണ് പ്രതികൾ പ്രധാനമായും കാലങ്ങളായി ഉയർത്തുന്നത്. ഇതോടെ പ്രതികളെ രക്ഷിക്കാനായി വനംവകുപ്പ് ഒത്തുകളിക്കുകയാണെന്ന ആരോപണവും ഉയർന്നിരുന്നു. കേസിന് ആവശ്യമായ രേഖകളും കുറ്റപത്രത്തിനൊപ്പം ഉണ്ടായിരുന്നില്ല. ഇതടക്കം കാര്യങ്ങൾ ഉന്നയിച്ചാണ് കോടതി കുറ്റപത്രം മടക്കിയത്. ഇതോടെയാണ് വേണ്ട തിരുത്തലുകൾ വരുത്തിയതും രേഖകൾ ഉൾപ്പെട്ടതുമായ പുതിയ കുറ്റപത്രം ഇന്നലെ സമർപ്പിച്ചത്. ഇത് കോടതി ശനിയാഴ്ച പരിഗണിക്കുമെന്നാണ് സൂചന.
പട്ടയം ലഭിച്ച ഭൂമിയിലെ ചന്ദനമൊഴികെയുള്ള മരങ്ങൾ മുറിക്കാൻ 2020 ഒക്ടോബറിൽ ഉപാധികളോടെ റവന്യൂ വകുപ്പ് നൽകിയ ഉത്തരവിന്റെ മറവിൽ 2021ൽ മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് വ്യാപക മരംകൊള്ള നടന്ന സംഭവത്തിലെ സുപ്രധാന കേസാണിത്. വനം, പൊലീസ്, റവന്യൂ വകുപ്പുകൾ ആകെ 120 ലധികം കേസുകളാണെടുത്ത്. ഇതിൽ വനംവകുപ്പിന്റെ 41 കേസുകളിൽ പ്രധാനപ്പെട്ട 1/2021 നമ്പർ കേസിലാണ് വനംവകുപ്പിന്റെ കുറ്റപത്രം. വയനാട്ടിൽ നിന്ന് അഗസ്റ്റിൻ സഹോദരൻമാർ മുറിച്ചുകടത്തിയ ഈട്ടിത്തടികൾ 2021 ഫെബ്രുവരി മൂന്നിനാണ് മേപ്പാടി റേഞ്ച് ഓഫിസർ കസ്റ്റഡിയിലെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

