മുട്ടിൽ മരം മുറി തട്ടിപ്പ് കേസ് പ്രതികൾ ഓൺലൈനിൽ കോടതിയിൽ ഹാജരായി
text_fieldsകൊച്ചി: മുട്ടിൽ മരം മുറി തട്ടിപ്പു കേസിലെ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർ ഓൺലൈായി കോടതിയിൽ ഹാജരായി. വിചാരണ നടപടികൾക്കായാണ് ചോറ്റാനിക്കര മജിസ്ട്രേട്ട് കോടതിയിൽ പ്രതികളായ റോജി അഗസ്റ്റിൻ, ജോസ്‌കുട്ടി അഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ എന്നിവർ ഹാജരായത്. വിചാരണ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹരജി നൽകിയിട്ടുള്ളതായി പ്രതികൾ കോടതിയെ അറിയിച്ചു.
വയനാട് മുട്ടിൽ വനമേഖലയിൽ നിന്ന് മരംമുറിച്ച് കടത്തിയതിലെ പ്രധാന കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്നും അതിനാൽ വിചാരണ മാറ്റണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, രണ്ടും വ്യത്യസ്ത കേസുകളാണെന്ന് മജിസ്ട്രേട്ട് കോടതി വ്യക്തമാക്കി. തുടർന്ന് കേസ് വീണ്ടും 19ന് പരിഗണിക്കാനായി മാറ്റി.
വയനാട് മേപ്പാടിയില്‍ നിന്ന് മുറിച്ച ഈട്ടിമരങ്ങള്‍ വനംവകുപ്പിന്‍റെ നിയമപരമായ പാസോടെയാണെന്ന് വ്യാജരേഖ കാണിച്ചു തെറ്റിദ്ധരിപ്പിച്ച് വില്‍പന നടത്തി വിശ്വാസവഞ്ചന കാട്ടി 1.40 കോടി രൂപ തട്ടിയെടുത്തെന്ന കരിമുകൾ മലബാർ ടിംബേഴ്സ് ഉടമ എം.എം. അലിയാരിന്‍റെ പരാതിയിൽ അമ്പലമേട് പൊലീസെടുത്ത കേസാണ് ചോറ്റാനിക്കര മജിസ്ട്രേട്ട് കോടതിയുടെ പരിഗണനയിലുള്ളത്. മരംവെട്ട് കേസിലെ കുറ്റപത്രം സമർപ്പിക്കും വരെ തട്ടിപ്പു കേസിലെ വിചാരണ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അഗസ്റ്റിൻ സഹോദരന്മാർ നൽകിയ ഹരജി ഹൈകോടതി വിധി പറയാൻ മാറ്റിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

