മുട്ടടയിലെ ക്ലൈമാക്സ്: തീരുമാനം കലക്ടറുടെ കോർട്ടിൽ; പ്രചാരണവിഷയമാക്കാൻ കോൺഗ്രസ്
text_fieldsതിരുവനന്തപുരം: വോട്ടർ പട്ടികയിൽനിന്ന് സ്ഥാനാർഥിയുടെ പേര് വെട്ടിയ മുട്ടട വാർഡിലെ തുടർനീക്കങ്ങളിൽ കരുതലോടെ കോൺഗ്രസ്. മറുവശത്ത് ഇനി എന്ത് സംഭവിക്കുമെന്ന ആകാംക്ഷയിലാണ് സി.പി.എം. വോട്ടർ പട്ടികയിൽനിന്ന് കോർപറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്‍റെ പേര് വെട്ടിയതുമായി ബന്ധപ്പെട്ട് സ്ഥാനാർഥി കലക്ടർക്ക് അപ്പീൽ നൽകിയിരിക്കുകയാണ്. തിങ്കളാഴ്ച ഇക്കാര്യത്തിൽ അന്തിമതീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്.
താമസസ്ഥലത്തിന്‍റെ ടി.സി നമ്പറിൽ വന്ന വ്യത്യാസം മാത്രമാണ് പോരായ്മയായി ചൂണ്ടിക്കാട്ടുന്നത്. അത് പരിഹരിക്കാനാകുമെന്നാണ് കോൺഗ്രസ് കരുതുന്നത്. അങ്ങനെവന്നാൽ സി.പി.എമ്മിന്‍റെ അടുത്ത നീക്കം എന്താകുമെന്നതും കാത്തിരുന്ന് കാണേണ്ടതാണ്. അതേസമയം, വിഷയം സി.പി.എമ്മിന്‍റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തുവന്നു. കേരളം മുഴുവൻ ‘മുട്ടട’ പ്രചാരണ വിഷയമാക്കാൻ കോൺഗ്രസും യു.ഡി.എഫും തീരുമാനിച്ചു. വൈഷ്ണയെ കോർപറേഷന്‍റെ നൂറ് വാർഡിലും യു.ഡി.എഫിന്‍റെ പ്രചാരണ മുഖമാക്കാനും കോൺഗ്രസ് തീരുമാനിച്ചു.
ശബരീനാഥൻ കഴിഞ്ഞാൽ സ്ഥാനാർഥി പട്ടികയിലെ രണ്ടാം പേരുകാരി എന്ന നിലയിലാണ് വൈഷ്ണയെ കോൺഗ്രസ് അവതരിപ്പിച്ചത്. ജനറൽ സീറ്റായതിനാൽ പുരുഷന്മാർ തമ്മിലുള്ള മത്സരമായിരിക്കുമെന്നും വാർഡ് തങ്ങളുടെ കൈയ്യിൽ സുരക്ഷിതമാകുമെന്നുമാണ് സി.പി.എം കരുതിയത്. പ്രചാരണത്തിൽ ആദ്യറൗണ്ടിൽ വൈഷ്ണ മേൽക്കൈ നേടി. ഇതിനിടെയാണ് കോൺഗ്രസിന് അപ്രതീക്ഷിത തിരിച്ചടിയേറ്റതും പ്രചാരണം നിർത്തിവെക്കേണ്ടിവന്നതും. വൈഷ്ണയുടെ സ്ഥാനാർഥിത്വം തള്ളിയാൽ പകരം ആര് എന്ന ചോദ്യം കോൺഗ്രസിനെ അലട്ടുന്നുണ്ട്. എൻ.ജി.ഒ അസോസിയേഷന്റെ സംസ്ഥാന നേതാവായിരുന്ന കോട്ടാത്തല മോഹനും 2023ൽ മുട്ടടയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച ലാലനുമാണ് പരിഗണനയിലുള്ളത്. സംവരണ വാർഡ് ആയിരുന്നപ്പോഴാണ് ലാലൻ സി.പി.എമ്മിനെ ഞെട്ടിച്ച് മുട്ടടയിൽ രണ്ടാംസ്ഥാനം നേടിയത്. ജനറൽ വാർഡ് ആയതോടെ ലാലനെ സ്ഥാനാർഥിയാക്കാനുള്ള സാമൂഹിക സാചര്യമല്ല വാർഡിലുള്ളതെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

