വൈഷ്ണയുടെ പേര് നീക്കം ചെയ്യാൻ പരാതി നൽകിയതിൽ തെറ്റില്ല; കോലാഹലങ്ങൾ ബാധിക്കില്ലെന്ന് മുട്ടടയിലെ ഇടത് സ്ഥാനാർഥി
text_fieldsഅഡ്വ. അംശു വാമദേവൻ, വൈഷ്ണ സുരേഷ്
തിരുവനന്തപുരം: വോട്ടർപട്ടികയിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് വെട്ടിയതുമായി ബന്ധപ്പെട്ട കോലാഹലങ്ങൾ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് മുട്ടടയിലെ എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. അംശു വാമദേവൻ. വലിയ ആത്മവിശ്വാസത്തോടെയാണ് മുട്ടട വാർഡിൽ മത്സരിക്കുന്നത്. കേശവദാസപുരത്ത് കഴിഞ്ഞ തവണ ചെയ്ത വികസനം ചൂണ്ടിക്കാട്ടിയാണ് മുട്ടടയിൽ വോട്ട് തേടുന്നതെന്നും അംശു പറഞ്ഞു.
വൈഷ്ണ അടക്കമുള്ളവരുടെ പേര് നീക്കം ചെയ്യാൻ പരാതി കൊടുത്തതിൽ തെറ്റില്ല. തെരഞ്ഞെടുപ്പ് പ്രചാരണ ഒരുക്കത്തിന്റെ ഭാഗമായി വോട്ടർപട്ടിക പരിശോധിച്ചിരുന്നു. പുതിയ വോട്ടുകളും മരിച്ചവരുടെയും താമസം മാറി പോയവർ അടക്കമുള്ളവരുടെ കൃത്യമായ കണക്ക് ബൂത്ത് തല പ്രവർത്തകരുടെ കൈയിലുണ്ട്. അതിൽ സംശയം തോന്നിയ മുന്നൂറോളം പേരുടെ വോട്ടിലാണ് പരാതി നൽകിയത്. ഇതിൽ 69 പേരുടെ വോട്ടുകൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്.
പരാതി കൊടുത്ത ഒരുപാട് പേരുകളിൽ ഒന്നാണ് വൈഷ്ണയുടേത്. പരാതി കൊടുത്തപ്പോൾ വൈഷ്ണയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ജനാധിപത്യത്തിന്റെ സൗന്ദര്യം നിലനിർത്തി കൊണ്ടുള്ള മത്സരമാണിതെന്നും ജനങ്ങൾ വിധിയെഴുതട്ടെ എന്നും അംശു വാമദേവൻ വ്യക്തമാക്കി.
അതേസമയം, തിരുവനന്തപുരം കോർപറേഷൻ മുട്ടട വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയത് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ പുനഃസ്ഥാപിച്ചു. ഹൈകോടതി നിർദേശപ്രകാരമാണ് ഇതുസംബന്ധിച്ച നടപടി ക്രമങ്ങൾ തെറ്റാണെന്ന് കണ്ടെത്തി തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിറക്കിയത്.
വൈഷ്ണയുടെ പേര് നീക്കിയ കോർപറേഷൻ ഇലക്ടറർ രജിസ്ട്രേഷൻ ഓഫിസറെ കമീഷൻ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. വൈഷ്ണ ഹാജരാക്കിയ താമസം സംബന്ധിച്ച രേഖകൾ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ പരിഗണിച്ചില്ലെന്നും വോട്ട് നീക്കിയ നടപടിക്ക് നീതീകരണമില്ലെന്നും കമീഷൻ വ്യക്തമാക്കി.
വൈഷ്ണക്കെതിരെ സി.പി.എം മുട്ടട ബ്രാഞ്ച് കമ്മിറ്റിയംഗം ധനേഷ് കുമാറാണ് പരാതി നൽകിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ മാത്രം വൈഷ്ണയുടെ എതിർവാദം കേൾക്കാതെ വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കിയ നടപടി നിയമപരമായി നിലനിൽക്കില്ലെന്ന് കമീഷണർ എ. ഷാജഹാൻ ഉത്തരവിൽ പറഞ്ഞു. ഒരു പ്രത്യേക പ്രദേശത്തെ സാധാരണ താമസക്കാരാണെങ്കിൽ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അർഹരാണെന്ന് നിഷ്കർഷിച്ച് കമീഷൻ ഇലക്ടറർ രജിസ്ട്രേഷൻ ഓഫിസർമാർക്ക് മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്.
തദ്ദേശസ്ഥാപനം നൽകുന്ന വീട്ടുനമ്പറോ ഉടമസ്ഥാവകാശമോ വാടകകരാറോ ഒന്നും ഇതിൽ ആവശ്യമായ രേഖകളല്ല. എന്നാൽ ഇതിന്റെ അന്തസത്ത ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ ഉത്തരവ് പുറപ്പെടുവിച്ചപ്പോൾ ഉൾക്കൊണ്ടില്ല. വൈഷ്ണ ഹാജരാക്കിയ രേഖകൾ പരിഗണിക്കാതെയും ചട്ടപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കാതെയും അന്തിമ വോട്ടർപട്ടികയിൽ നിന്ന് ഏകപക്ഷീയമായി പേര് നീക്കുകയായിരുന്നുവെന്നും ഉത്തരവിൽ പറയുന്നു. കോർപറേഷൻ മുട്ടട വാർഡ് ഭാഗം നമ്പർ അഞ്ചിലെ വോട്ടർപട്ടികയിലാണ് വൈഷ്ണയുടെ പേര് പുനഃസ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

