മുത്തങ്ങ സമരം; ആദിവാസി നേതാക്കൾ ഹൈകോടതിയിൽ അപ്പീൽ നൽകി
text_fieldsമുത്തങ്ങ സമരഭൂമിയിൽ നിന്ന് (ഫയൽചിത്രം)
കൊച്ചി: മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട ആദിവാസി ഗോത്ര മഹാസഭ നേതാക്കൾ ഹൈകോടതിയിൽ അപ്പീൽ നൽകി. അഞ്ച് വർഷം കഠിന തടവിന് ശിക്ഷിച്ച കൽപറ്റ സെഷൻസ് കോടതി വിധിക്കെതിരെ പ്രതികളായ എം. ഗീതാനന്ദൻ, ബിനു, രമേശൻ, അനിൽകുമാർ എന്നിവരാണ് അപ്പീൽ സമർപ്പിച്ചത്. സംസ്ഥാന സർക്കാറിന്‍റെയും കേന്ദ്ര സർക്കാറിന്‍റെയും മുൻകൂർ അനുമതിയില്ലാതെ സി.ബി.ഐ നടത്തിയ അന്വേഷണം നിയമവിരുദ്ധമാണെന്നും വിചാരണക്കോടതി വിധി റദ്ദാക്കണമെന്നുമാണ് ആവശ്യം.
2003 ജനുവരി അഞ്ചിന് ആദിവാസി ഗോത്ര മഹാസഭ പ്രവർത്തകർ മുത്തങ്ങ വന്യജീവി സങ്കേതത്തിൽ അതിക്രമിച്ചു കയറി തകരപ്പാടിയിലും അമ്പുകുത്തിയിലും ചെക്പോസ്റ്റുകൾ സ്ഥാപിച്ച് ഗതാഗതം തടസ്സപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ഫെബ്രുവരി 19ന് കുണ്ടൻവയലിൽ വെച്ച് ഗൂഢാലോചന നടത്തി പൊലീസിനെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും തടയുകയും ആക്രമിക്കുകയും ചെയ്തു. ആക്രമണത്തിൽ പൊലീസ് കോൺസ്റ്റബിൾ വിനോദ് കൊല്ലപ്പെടുകയും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ അബ്ദുൽ സലാം, ഫോറസ്റ്റ് ഓഫിസർ ശശിധരൻ എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തു. സുൽത്താൻ ബത്തേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിനും തുടർന്ന് സി.ബി.ഐക്കും കൈമാറുകയായിരുന്നു.
കൊലപാതകം, കവർച്ച എന്നീ കുറ്റങ്ങളിൽനിന്ന് ഒഴിവാക്കിയെങ്കിലും തടഞ്ഞുവെക്കൽ, മർദനം, വധശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി അഞ്ച് വർഷം കഠിനതടവിനും 36,000 രൂപ പിഴക്കും ശിക്ഷിച്ചിരുന്നു. ഗൂഢാലോചനക്കുറ്റം പ്രഥമദൃഷ്ട്യ മാത്രമേ തെളിയിക്കപ്പെട്ടിട്ടുള്ളൂ എന്ന് കോടതി തന്നെ നിരീക്ഷിച്ചിട്ടും മറ്റ് കുറ്റങ്ങളിൽ ശിക്ഷിച്ചത് നിയമപരമല്ല. പ്രധാന സാക്ഷിയായ പി.കെ. ശശിധരന്‍റെ മൊഴിയിൽ വൈരുധ്യങ്ങളുണ്ട്. സി.ബി.ഐ തുടരന്വേഷണത്തിന് പകരം പുനരന്വേഷണം നടത്തിയത് പ്രതിഭാഗത്തെ ബാധിച്ചു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നതിന് മതിയായ തെളിവില്ലെന്നും വാദമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

