മുത്തങ്ങ പൊലീസ് മർദനത്തിന്റെ മുറിവുകൾക്ക് ഒടുവിൽ നീതി; മുൻ അധ്യാപകന് 12.5 ലക്ഷം നഷ്ടപരിഹാരം, തുക ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കും
text_fieldsകെ.കെ. സുരേന്ദ്രൻ മുഖ്യമന്ത്രി വി.ഡി. സതീശനൊപ്പം
തിരുവനന്തപുരം: 2003 ഫെബ്രുവരി 19 ന് മുത്തങ്ങ സമരത്തിനിടെ പൊലീസ് മർദനത്തിനിരയായ മുന്‍ ഡയറ്റ് അധ്യാപകന്‍ കെ.കെ. സുരേന്ദ്രന് ഒടുവില്‍ നഷ്ടപരിഹാരം. സമരകാലത്ത് സുരേന്ദ്രന് നേരിടേണ്ടി വന്ന ക്രൂരമായ പൊലീസ് പീഡനങ്ങള്‍ കണക്കിലെടുത്ത് 12.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.
നഷ്ടപരിഹാരത്തുക സര്‍ക്കാറിന് സാമ്പത്തിക ബാധ്യത വരുത്താതെ, മർദനത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് തന്നെ ഈടാക്കാനും ഉത്തരവില്‍ പറയുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് സുരേന്ദ്രന്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിട്ട് കണ്ട് തന്റെ അവസ്ഥ ബോധ്യപ്പെടുത്തിയിരുന്നു. കേസില്‍ ഇനിയും മേല്‍ക്കോടതികളില്‍ അപ്പീലിന് പോകേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് ഉത്തരവ്.
നേരത്തെ, കേസില്‍ സുരേന്ദ്രനെ സി.ബി.ഐ കുറ്റവിമുക്തനാക്കിയിരുന്നു. നഷ്ടപരിഹാരം നല്‍കാന്‍ കോടതി ആദ്യം ഉത്തരവിട്ടത് 2021ലാണ്. എന്നാല്‍, ഈ വിധിക്കെതിരെ സര്‍ക്കാരും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും അപ്പീല്‍ നല്‍കുകയായിരുന്നു. തുടര്‍ന്ന് 2026ല്‍ കല്‍പ്പറ്റ കോടതി നഷ്ടപരിഹാരത്തുക 12.5 ലക്ഷമായി ഉയര്‍ത്തി വിധി പ്രസ്താവിച്ചു.
എ.കെ. ആന്റണി സർക്കാറിന്റെ കാലത്താണ് 2003 ഫെബ്രുവരി 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി നൽകണമെന്നാവശ്യപ്പെട്ട് സി.കെ. ജാനു, എം. ഗീതാനന്ദൻ എന്നിവരുടെ നേതൃത്വത്തിൽ ആദിവാസി ഗോത്രമഹാസഭയുടെ കീഴിൽ വയനാട് മുത്തങ്ങ വന്യജീവി സങ്കേതത്തിൽ കുടിൽകെട്ടി അവകാശ സമരം ആരംഭിക്കുകയായിരുന്നു. വനം കൈയേറിയുള്ള ഈ സമരത്തെ തുടർന്ന് ആദിവാസികളെ ഒഴിപ്പിക്കാൻ പൊലീസ് വലിയ സന്നാഹങ്ങളോടെ എത്തുകയും ശ്രമം വലിയ സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു.
പൊലീസ് നടപടിക്കിടെയുണ്ടായ ഏറ്റുമുട്ടലിൽ കണ്ണൂർ കെ.എ.പി നാലാം ബറ്റാലിയൻ കോൺസ്റ്റബിൾ കെ.വി. വിനോദ് മർദനമേറ്റ് കൊല്ലപ്പെട്ടിരുന്നു. പൊലീസ് നടത്തിയ വെടിവയ്പിൽ ജോഗി എന്ന ആദിവാസി യുവാവും കൊല്ലപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

