മുത്തങ്ങ കേസിൽ ശിക്ഷ ഇളവ് തേടിയ ഹരജി 17ന് ഹൈകോടതിയുടെ പരിഗണനയിൽ
text_fieldsകൊച്ചി: മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട് ആദിവാസി ഗോത്ര മഹാസഭ നേതാക്കളായ പ്രതികൾക്ക് വിചാരണക്കോടതി വിധിച്ച തടവുശിക്ഷ മരവിപ്പിക്കുന്നത് സംബന്ധിച്ച അപേക്ഷ ഹൈകോടതി ആഗസ്റ്റ് 17ന് പരിഗണിക്കാൻ മാറ്റി. അഞ്ച് വർഷം കഠിന തടവിന് ശിക്ഷിച്ച കൽപറ്റ സെഷൻസ് കോടതി ഉത്തരവിനെതിരെ എം. ഗീതാനന്ദൻ, ബിനു, രമേശൻ, അനിൽകുമാർ എന്നിവർ നൽകിയ അപ്പീൽ ഹരജിക്കൊപ്പമാണ് അപേക്ഷയും ജസ്റ്റിസ് എ. ബദറുദ്ദീൻ മാറ്റിയത്.
അപ്പീലിൽ വാദത്തിനിടെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന അപേക്ഷ പരിഗണിക്കണമെന്ന് ഹരജിക്കാർ ആവശ്യപ്പെട്ട സാഹചര്യത്തിൽ സി.ബി.ഐ അഭിഭാഷകന്റെ കൂടി നിർദേശം പരിഗണിച്ചാണ് കേസ് മാറ്റിയത്. ഗൂഢാലോചനക്കുറ്റം ‘പ്രഥമദൃഷ്ട്യ’ നിലനിൽക്കുമെന്ന് വിലയിരുത്തി സെഷൻസ് കോടതി ശിക്ഷ വിധിച്ചത് തെറ്റാണെന്നതടക്കമുള്ള വാദമാണ് ഹരജിക്കാർ ഉന്നയിക്കുന്നത്.
അന്തിമ ഉത്തരവിൽ പ്രഥമദൃഷ്ട്യ കുറ്റം തെളിഞ്ഞുവെന്നടക്കമുള്ള പ്രയോഗങ്ങൾ നടത്തിയ വിചാരണക്കോടതി നടപടിയെ നേരത്തെ ഹൈകോടതി വിമർശിച്ചിരുന്നു. നിയമവിരുദ്ധമായി സംഘം ചേരൽ കുറ്റം ചുമത്തിയിട്ടില്ലെന്നും ഗൂഢാലോചനക്കുറ്റം ചുമത്തിയതായും ഹരജിക്കാർ ചൂണ്ടിക്കാട്ടുന്നു. നിയമവിരുദ്ധമായി സംഘം ചേരൽ കുറ്റം നിലനിൽക്കുന്നുണ്ടോയെന്ന കാര്യത്തിൽ കോടതി പ്രോസിക്യൂഷന്റെ നിലപാട് തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

