അന്ന് വനത്തിന് തീയിട്ടത് ആര്? അണയാതെ മുത്തങ്ങ തീ
text_fieldsമുത്തങ്ങ (വയനാട്): 2003 ജനുവരി അഞ്ചിനാണ് സി.കെ. ജാനുവിന്റെയും ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദന്റെയും നേതൃത്വത്തില് മുത്തങ്ങ പൊൻകുഴി വനമേഖലയിലായി ആദിവാസികൾ കുടിൽകെട്ടി സമരം തുടങ്ങുന്നത്. അതിനുശേഷം 43ാം ദിവസം തകരപ്പാടിക്ക് സമീപം വനത്തിന് തീയിട്ടത് ആരായിരുന്നു? ആ തീ എങ്ങനെ വന്നു എന്നത് സംബന്ധിച്ച് ഇന്നും ദുരൂഹത നിലനിൽക്കുന്നു. നാലു ദിവസംകൂടി കഴിഞ്ഞ് സമരത്തിന്റെ 47ാം ദിവസമായിരുന്നു പൊലീസ് വെടിവെപ്പ് നടന്നതും പൊലീസുകാരൻ വിനോദും ആദിവാസിയായ ജോഗി കൊല്ലപ്പെടുന്നതും.
വനം വകുപ്പുകാർ തന്നെ കാടിന് തീയിടുകയായിരുന്നുവെന്നും ആദിവാസികൾ തീയിട്ടു എന്ന് പ്രചരിപ്പിച്ച് സമരത്തിനെതിരെ ജനവികാരമുണ്ടാക്കുകയായിരുന്നു അധികൃതരുടെ ലക്ഷ്യമെന്നും സമരനായിക സി.കെ. ജാനു തന്നെ പറയുന്നു.
‘2003 ഫെബ്രുവരി 17ന് രാവിലെ ഒമ്പതിന് ഫോറസ്റ്റുകാരും വാച്ചർമാരും ഗുണ്ടകളും ചേർന്ന് കാടിന് തീയിട്ടു. ഓടിക്കൊണ്ടിരുന്ന ജീപ്പിൽനിന്ന് ആനപ്പിണ്ടി മണ്ണെണ്ണയിൽ മുക്കി തീകൊളുത്തി എറിഞ്ഞാണ് തീപടർത്തിയത്. 80 കുടിലുകളും 1000 ഏക്കർ സ്ഥലവും എരിഞ്ഞമർന്നു. അവർ കടന്നുകളയാൻ ശ്രമിച്ചപ്പോൾ റോഡിലേക്ക് മരം വലിച്ചിട്ട് ഞങ്ങൾ തടഞ്ഞു. ജീപ്പിലുണ്ടായിരുന്ന ഫോറസ്റ്റുകാരെയും വാച്ചർമാരെയും ഗുണ്ടകളെയും പിടികൂടി. ജീപ്പിൽ ആനപ്പിണ്ടിയുടെ ശേഖരവുമുണ്ടായിരുന്നു. യഥാർഥ കുറ്റവാളികളെ പൊതുസമൂഹത്തിനു മുന്നിൽ കൊണ്ടുവരാനാണ് ഫോറസ്റ്റുകാരെയും വാച്ചർമാരെയും ഗുണ്ടകളെയും തടഞ്ഞുവെച്ചത്’ -സി.കെ. ജാനു മുൻ അഭിമുഖത്തിൽ ഇങ്ങനെ പറയുന്നുണ്ട്.
മുത്തങ്ങയിൽ പൊലീസുകാരൻ വിനോദ് കൊല്ലപ്പെട്ട കേസിൽ ഗീതാനന്ദൻ അടക്കമുള്ളവരെ കോടതി വെറുതെ വിട്ടപ്പോഴും ഉയരുന്ന ചോദ്യം ആ തീയിട്ടത് ആരാണ് എന്നാണ്. അതിന് പിന്നാലെയാണ് ഭൂസമരത്തെ ഭരണകൂടം ചോരയിൽ മുക്കിയത്.
825 കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളുമടക്കം 4200ഓളം പേരാണ് അന്ന് വനത്തിൽ കുടിൽ കെട്ടിയത്. ഒഴിപ്പിക്കാൻ വനംവകുപ്പ് ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. പിന്നീടാണ് ഇവിടെ വൻ തീപിടിത്തമുണ്ടാവുന്നത്. ഇതോടെയാണ് സമരക്കാരെ വനത്തിൽനിന്ന് ഒഴിപ്പിക്കാനുള്ള നീക്കം തകൃതിയായത്. ഫെബ്രുവരി 17ന് വനം വകുപ്പ് അന്ത്യശാസനം നൽകി. 18ന് ഇറങ്ങിയില്ലെങ്കിൽ ബലം പ്രയോഗിച്ച് ഇറക്കുമെന്ന മുന്നറിയിപ്പ് ആദിവാസികൾ തള്ളി.
19ന് രാവിലെ എട്ടിന് വനംവകുപ്പ്, പൊലീസ് സേനകൾ വനത്തിൽ പ്രവേശിച്ച് കുടിലുകൾ പൊളിച്ചുനീക്കി. പൊലീസ് സ്ത്രീകളെയും കുട്ടികളെയുമടക്കം അതിക്രൂരമായി മർദിച്ചു. സ്ത്രീകളുടെ കൈയിലുണ്ടായിരുന്ന സഞ്ചിയിലെ അരിയടക്കം നിലത്ത് കൊട്ടിക്കളഞ്ഞ് ഭീകരമായി മർദിച്ചു. അമ്പും വില്ലും ഉപയോഗിച്ച് ആദിവാസികളും പ്രതിരോധിച്ചു. പൊലീസ് വെടിവെപ്പിലാണ് ജോഗി എന്ന ആദിവാസി കൊല്ലപ്പെട്ടത്. ഉച്ചയോടെയാണ് വിനോദ് എന്ന പൊലീസുകാരനെ ഗോത്രമഹാസഭ പ്രവർത്തകർ പിടികൂടി ബന്ദിയാക്കിയത്. പൊലീസുകാരനെ വിട്ടയക്കണമെങ്കിൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നായി ആദിവാസികൾ. എന്നാൽ, കാലിൽ മുറിവുമായി വനത്തിൽ വീണുകിടന്ന പൊലീസുകാരന്റെ മുറിവ് തുണികൊണ്ട് കെട്ടി ശുശ്രൂഷിക്കാനാണ് തങ്ങൾ ശ്രമിച്ചതെന്നും അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ പൊലീസ് സഹായിച്ചില്ലെന്നും ജാനുവടക്കം നേരത്തേ ആരോപിച്ചിട്ടുണ്ട്.
പൊലീസ് വെടിവെപ്പിൽ ജോഗി കൊല്ലപ്പെട്ട സംഭവത്തിൽ എഫ്.ഐ.ആർ ഇടുകയല്ലാതെ ക്രിമിനൽ കേസോ അന്വേഷണമോ ഉണ്ടായിട്ടില്ല. വിനോദ് കൊല്ലപ്പെട്ട ഷെഡിനുള്ളിൽ എന്താണ് സംഭവിച്ചത് എന്നതു സംബന്ധിച്ചും വിവിധ വാദങ്ങളുണ്ട്. പൊലീസ് ബന്തവസ്സിലുള്ള ഈ ഷെഡ് സംഭവദിവസം രാത്രി കത്തിനശിച്ചു. ഇതിനുള്ളിൽ രാത്രി ആദിവാസികളുടെ മൃതദേഹങ്ങൾ പൊലീസ് ചുട്ടെരിച്ചുവെന്ന് അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

