മുതലപ്പൊഴി: മരിച്ചവരുടെ കുടുംബങ്ങളെ സർക്കാർ ഏറ്റെടുക്കും
text_fieldsതിരുവനന്തപുരം: ജൂലൈ 10ന് മുതലപ്പൊഴിയിൽ അപകടത്തിൽ മരിച്ച നാല് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ സർക്കാർ സംരക്ഷിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. അപകട പശ്ചാത്തലത്തിൽ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികൾ ആലോചിക്കാൻ ചേർന്ന മന്ത്രിതല ചർച്ചക്കുശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ. അനിൽ, സജി ചെറിയാൻ എന്നിവരുടെ ചർച്ചയിലെ വിവരങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചു.
വീട്, കുട്ടികളുടെ പഠനം, തൊഴിൽ, മറ്റ് സാമ്പത്തിക ബാധ്യതകൾ എന്നിവയിൽ അടിയന്തര നടപടിയെടുക്കും. ഇൻഷുറൻസ് തുകയായ 10 ലക്ഷം ഉടൻ കൈമാറുന്നതിന് പുറമേയാണിത്. അടിയന്തര നടപടിയെന്ന നിലയിൽ അപ്രോച്ച് ചാനലിലെ കല്ലും മണ്ണും നീക്കംചെയ്യും. വിഴിഞ്ഞം തുറമുഖത്തിനുള്ള കല്ല് ശേഖരണത്തിന് പെരുമാതുറ ബീച്ച് താൽക്കാലികമായി വിട്ടുനൽകാൻ 2024 വരെ കരാറുണ്ട്. അതനുസരിച്ച് ഡ്രെഡ്ജ് ചെയ്ത് ആഴം കൂട്ടാൻ അദാനി ഗ്രൂപ്പിന് ബാധ്യതയുണ്ട്. മഴക്കാല പൂർവ ശുചീകരണ യോഗത്തിനിടെ മണ്ണ് നീക്കംചെയ്യുമെന്ന് ഉറപ്പ് നൽകിയതുമാണ്. ഇക്കാര്യത്തിൽ ചൊവ്വാഴ്ച ചർച്ച നടത്തും.
സ്ഥിരം സംവിധാനമായി 10 കോടി ചെലവിൽ സാൻഡ് ബൈപാസിങ് പദ്ധതി നടപ്പാക്കും. കാലാവസ്ഥ അനുകൂലമായാലുടൻ ടെൻഡർ വിളിക്കും. എസ്റ്റിമേഷൻ തയാറാക്കുന്നതിനും പൊഴിയുടെ ഇരുകരകളിൽ പ്രകാശ സംവിധാനവും ലൈറ്റ് ബോയ്കളും സ്ഥാപിക്കുന്നതിനും ഹാർബർ എൻജിനീയറിങ് വകുപ്പിനെ ചുമതലപ്പെടുത്തി. അടിയന്തരമായി മത്സ്യത്തൊഴിലാളി ട്രേഡ് യൂനിയനുകളുമായും സാമൂഹിക സംഘടനകളുമായും ചർച്ച നടത്തും. ഫാ. യൂജിൻ പെരേരയടക്കമുള്ളവരുടെ പേരിലെടുത്ത കേസ് പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയൊന്നും നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ശാശ്വത പരിഹാരം കാണുമെന്ന് കേന്ദ്രമന്ത്രി
ചിറയിൻകീഴ്: മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം അപകടമേഖലയായി മാറിയ സംഭവത്തിൽ ശാശ്വത പരിഹാരം കാണുമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. കേന്ദ്ര പഠനസംഘത്തോടൊപ്പം മുതലപ്പൊഴി സന്ദർശിക്കുകയായിരുന്നു അദ്ദേഹം. തുടർച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി മുൻകൈയെടുത്ത് പഠനസംഘത്തെ അയച്ചത്. ഈ പ്രദേശത്തെ മത്സ്യമേഖലയുമായി ബന്ധപ്പെട്ടവരോടും സംസ്ഥാന സർക്കാറിനോടും അഭിപ്രായം തേടും. ഇതിനുശേഷം ശാശ്വത പരിഹാരം കാണുന്നതിനാണ് വിദഗ്ധസംഘത്തെ ചുമതലപ്പെടുത്തിയത്. ആവശ്യമെങ്കിൽ ഹാർബറിൽ നവീകരണം ഉൾപ്പെടെ കാര്യങ്ങൾ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. ഫിഷറീസ് ഡെവലപ്മെൻറ് കമീഷണർ ആന്റണി സേവിയർ, അസി. കമീഷണർ രാമകൃഷ്ണ റോയ് തുടങ്ങിയവരടങ്ങുന്ന സംഘമാണ് മന്ത്രിക്കൊപ്പം മുതലപ്പൊഴിയിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

