മുതലപ്പൊഴി അപകടം; അഞ്ചുദിനം പിന്നിട്ടിട്ടും ഷിജിനെ കണ്ടെത്താനായില്ല
text_fieldsമുതലപ്പൊഴി കടലിൽ തിരച്ചിൽ നടത്തുന്ന ബോട്ട്
ചിറയിൻകീഴ്: മുതലപ്പൊഴി അപകടം കഴിഞ്ഞ് അഞ്ചുദിനം പിന്നിട്ടിട്ടും കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്താനായില്ല. അഞ്ചുതെങ്ങ് കൊച്ചുമെത്തൻ കടവ് ഷെക്കേന ഭവനിൽ ഷിജിനെ (32) വെള്ളിയാഴ്ച രാത്രിയാണ് മുതലപ്പൊഴിയിൽ ബോട്ടപകടത്തിൽ കാണാതായത്. രക്ഷാപ്രവർത്തനം വൈകുന്തോറും ജീവൻരക്ഷിക്കാനും കണ്ടെത്താനുമുള്ള സാധ്യതകൾ കുറയുമെന്ന് മത്സ്യത്തൊഴിലാളികൾ നിരന്തരം ചൂണ്ടിക്കാട്ടുന്നതാണ്.
മുതലപ്പൊഴിയിൽ ഇപ്പോഴുണ്ടായ അപകടത്തിലും അതാണ് സംഭവിച്ചത്. അപകടമുണ്ടായി 15 മണിക്കൂറിന് ശേഷമാണ് കാര്യമായ തിരച്ചിൽ നടന്നത്. ഷിജിനായുള്ള തിരച്ചിലിൽ അടിയന്തരമായി മുങ്ങൽവിദഗ്ധരുടെ സേവനം തേടണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. പുലിമുട്ടിലെ കല്ലുകൾക്കിടയിൽ മൃതദേഹം കുടുങ്ങിക്കിടക്കാൻ സാധ്യതയുണ്ടെന്ന് കുടുംബം സംശയിക്കുന്നു.
പുലിമുട്ടിന് അടുത്തുവരെ ഷിജിൻ നീന്തിയെത്തിയതായി ദൃക്സാക്ഷികൾ പറഞ്ഞിരുന്നു. സർക്കാർ അനുമതി നൽകിയാൽ മുങ്ങൽവിദഗ്ധരായ മത്സ്യത്തൊഴിലാളികൾ തിരച്ചിലിന് തയാറാണെന്നും കുടുംബം പറയുന്നു. വെള്ളിയാഴ്ച രാത്രി ഒമ്പതിനുണ്ടായ അപകടത്തിൽ കടൽ പ്രക്ഷുബ്ധമായതിനാൽ സാധാരണഗതിയിലുള്ള രക്ഷാപ്രവർത്തനം സാധ്യമായിരുന്നില്ല.
ഈ സമയത്ത് കോസ്റ്റ് ഗാർഡ്, മറൈൻ എൻഫോഴ്സ്മെന്റ്, നേവി എന്നിവരുടെ കപ്പലോ അല്ലെങ്കിൽ ഹെലികോപ്റ്റർ ഉൾപ്പെടെയുള്ള സംവിധാനങ്ങളോ എത്തിച്ചിരുന്നെങ്കിൽ അപകടത്തിൽപ്പെട്ട രണ്ടുപേരെയും രക്ഷിക്കാൻ കഴിയുമായിരുന്നു. എന്നാൽ അടിയന്തര സാഹചര്യം പരിഗണിച്ച് അത്തരമൊരു തീരുമാനം എടുക്കുവാൻ അധികൃതർക്കായില്ല. ആധുനികസംവിധാനങ്ങളുടെ പിൻബലത്തോടെയുള്ള തിരച്ചിൽ നടന്നത് ശനിയാഴ്ച ഉച്ചക്കുശേഷം മാത്രമാണ്. കോസ്റ്റ് ഗാർഡ് കപ്പൽ, നേവിയുടെ ഹെലികോപ്ടർ, ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിൽ എന്നിവയെല്ലാം നടന്നത് ശനിയാഴ്ച ഉച്ചക്കുശേഷമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

