ആഭ്യന്തരവകുപ്പിനെ നാണംകെടുത്തി വീണ്ടും പൊലീസിന്റെ ക്ഷേത്രഫണ്ട്; വിവാദമായതോടെ പണപ്പിരിവ് നിർത്തി
text_fieldsക്ഷേത്രഫണ്ട് സംബന്ധിച്ച് നേരത്തെ ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാർത്ത
കോഴിക്കോട്: ആഭ്യന്തരവകുപ്പിനെ നാണംകെടുത്തി സിറ്റി പൊലീസിൽ വീണ്ടും ക്ഷേത്രഫണ്ട് പിരിവ് ശ്രമം. സംഭവം വിവാദമായി സേനാംഗങ്ങളിൽനിന്നടക്കം വൻ പ്രതിഷേധം ഉയർന്നതോടെ പണപ്പിരിവ് താൽക്കാലികമായി അവസാനിപ്പിച്ചു. മുതലക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രനടത്തിപ്പിനായാണ് സേനയിലെ മുഴുവൻ അംഗങ്ങളിൽനിന്ന് മാസത്തിൽ 20 രൂപ വീതം പിരിക്കാൻ സിറ്റി പൊലീസ് മേധാവി രാജ്പാൽ മീണ ജൂലൈ 19ന് സർക്കുലർ ഇറക്കിയത്. വർഷങ്ങൾക്കുമുമ്പേ തുടങ്ങിയ ഫണ്ട് പിരിവ് മതചിഹ്നങ്ങൾപോലും ഉപയോഗിക്കാൻ വിലക്കുള്ള പൊലീസിൽ വിഭാഗീയത സൃഷ്ടിക്കുന്നുവെന്നുകാട്ടി ‘മാധ്യമം’ ഉൾപ്പെടെ വാർത്ത നൽകിയതോടെ മാസങ്ങൾക്കുമുമ്പ് അവസാനിപ്പിച്ച ഫണ്ട് പിരിവാണ് ഇടവേളക്കുശേഷം പുതിയ ഉത്തരവിലൂടെ പുനരാരംഭിക്കാൻ ശ്രമിച്ചത്.
‘‘മുതലക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രനടത്തിപ്പ് ചെലവിലേക്ക് കോഴിക്കോട് സിറ്റിയിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും ശമ്പളത്തിൽനിന്ന് 20 രൂപ വീതം മാസംതോറും സംഭാവന ഇനത്തിൽ റിക്കവറി നടത്താൻ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. സംഭാവന നൽകാൻ താൽപര്യമില്ലാത്ത സേനാംഗങ്ങളുടെ വിവരങ്ങൾ ജൂലൈ 24നകം സിറ്റി പൊലീസ് ഓഫിസിലേക്ക് അറിയിക്കണം’’ എന്നായിരുന്നു സർക്കുലറിലുള്ളത്. ക്ഷേത്ര ഫണ്ടിന്റെ അറിയിപ്പ് ലഭിച്ചതോടെ കടുത്ത വിമർശനമാണ് സിവിൽ പൊലീസ് ഓഫിസർ മുതൽ അസി. കമീഷണർ വരെയുള്ളവരിൽനിന്ന് ഉയർന്നത്. വിമർശനങ്ങൾ മുൻകൂട്ടിക്കണ്ടാണ് സർക്കുലറിൽ തന്നെ സംഭാവന നൽകാൻ താൽപര്യമില്ലാത്തവരുടെ പേരുവിവരമറിയിക്കാൻ നിർദേശിച്ചതെന്ന് പലരും ചൂണ്ടിക്കാട്ടി.
സംഭാവന നൽകാൻ താൽപര്യമില്ലെന്ന് ആരെങ്കിലും രേഖാമൂലം അറിയിച്ചാൽ അവരെ ‘നോട്ടഡ് പേഴ്സനായി’ കാണുന്ന സ്ഥിതിയുണ്ടാവുമെന്നും സേനക്കുള്ളിൽ വിശ്വാസികൾ, അവിശ്വാസികൾ, ഇതര വിശ്വാസികൾ എന്നിങ്ങനെയുള്ള വിഭാഗീയത സൃഷ്ടിക്കുമെന്നും അഭിപ്രായങ്ങൾ ഉയർന്നു. സേനാംഗങ്ങളിൽനിന്ന് അച്ചടക്കലംഘനങ്ങളുണ്ടാവുമ്പോൾ നടപടി സ്വീകരിക്കേണ്ട സിറ്റി പൊലീസ് മേധാവിതന്നെ ഇതര മതവിശ്വാസികൾ ഉൾപ്പെടെയുള്ള പൊലീസുകാർ ക്ഷേത്രനടത്തിപ്പിന് പണം നൽകണമെന്ന് സർക്കുലർ ഇറക്കിയത് എന്തടിസ്ഥാനത്തിലാണെന്നും ചോദ്യമുയർന്നു. ഇതോടെ ക്ഷേത്രഫണ്ട് പിരിക്കാനുള്ള തീരുമാനം താൽക്കാലികമായി നിർത്തിവെച്ചുവെന്ന് കാണിച്ച് അഡീഷനൽ എസ്.പി പ്രകാശൻ പി. പടന്നയിൽ പൊലീസുകാർക്ക് സന്ദേശം കൈമാറുകയായിരുന്നു.
അതേസമയം, ക്ഷേത്രനടത്തിപ്പിലേക്ക് ഇഷ്ടമുള്ളവർ പണം നൽകിയാൽ മതിയെന്ന് സിറ്റി പൊലീസ് മേധാവി രാജ്പാൽ മീണ ‘മാധ്യമ’ത്തോട് പറഞ്ഞു. സേനാംഗങ്ങളുടെ ശമ്പളത്തില്നിന്ന് ക്ഷേത്രഫണ്ട് പിരിക്കുന്നതിനെതിരെ പൊലീസ് അസോസിയേഷൻ തന്നെ നേരത്തെ പരസ്യ വിമർശനമുയർത്തിയിട്ടും ആഭ്യന്തരവകുപ്പ് നടപടി സ്വീകരിച്ചിരുന്നില്ല. ഉത്തരേന്ത്യക്കാരനായ ആൾ ഐ.ജിയായിരിക്കെ 2017ൽ സ്വർണപ്രശ്നം നടത്തി ലക്ഷങ്ങൾ ചെലവഴിച്ച് നിലവിലെ ക്ഷേത്രം നവീകരിക്കുകയും പുതിയ ക്ഷേത്രം നിർമിക്കുകയും ചെയ്തിരുന്നു. ഇത്തരം നടപടി സേനയിൽ വിഭാഗീയതയുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയ സ്പെഷൽ ബ്രാഞ്ച് പൊലീസ് നിയന്ത്രണത്തിലുള്ള ക്ഷേത്രം മലബാർ ദേവസ്വം ബോർഡിന് കൈമാറണമെന്ന് റിപ്പോർട്ട് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

