മുതലപ്പൊഴി അപകടം; ഒരാളുടെ മൃതദേഹം കരക്കടിഞ്ഞു
text_fieldsഫ്രീമോൺ
ചിറയിൻകീഴ്: മുതലപ്പൊഴി അപകടത്തിൽ കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കരക്കടിഞ്ഞു. അഞ്ചുതെങ്ങ് കൊച്ചുമേത്തൻകടവ് കടവത്ത് പുരയിടത്തിൽ അമ്പിളി ഹൗസിൽ ഫ്രീമോണിന്റെ (26) മൃതദേഹമാണ് കണ്ണാന്തുറയിൽ കരക്കടിഞ്ഞത്. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിൽ. വിദേശത്തുള്ള ഫ്രീമോണിന്റെ പിതാവ് രജനികുമാർ തിങ്കളാഴ്ച പുലർച്ചയോടെ നാട്ടിലെത്തും.
വെള്ളിയാഴ്ച രാത്രി ഒമ്പതോടെ മുതലപ്പൊഴി ഹാർബറിന് സമീപം കടലിലാണ് അപകടമുണ്ടായത്. ജോസിന്റെ ഉടമസ്ഥതയിലുള്ള വള്ളത്തിൽ മറ്റ് നാല് തൊഴിലാളികളുമായി മത്സ്യബന്ധനത്തിനായി കടലിലേക്ക് പോകവേയായിരുന്നു അപകടം. ശക്തമായ തിരമാലയിൽപ്പെട്ട് വള്ളം മറിഞ്ഞു. കരയിലേക്ക് നീന്തിയ ജോസിനെയും സ്മിത്തിനെയും മറ്റു മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു. ഷിജിൻ, ഫ്രീമോൺ എന്നിവർ പുലിമുട്ടിനടുത്തുവരെ നീന്തിയെത്തിയതായി മറ്റു മത്സ്യത്തൊഴിലാളികൾ പറയുന്നു. ശേഷം കാണാതാവുകയായിരുന്നു. ഷിജിനു വേണ്ടി തിരച്ചിൽ തുടരുന്നു. ഫ്രീമോൺ അവിവാഹിതനായിരുന്നു. മാതാവ്: അമ്പിളി. സഹോദരങ്ങൾ: ജനിഫർ, ഏഞ്ചൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

