ചെങ്കോട്ടക്ക് കാവലായി മുസ്തഫ; കോട്ട തകർക്കാൻ സന്ദീപ്, മുന്നേറാൻ രവിയും
text_fieldsസന്ദീപ് വാര്യർ എം.കെ. രാഘവൻ എം.പിക്കൊപ്പം വലിയപറമ്പിലെ പ്രചാരണത്തിൽ
എൽ.ഡി.എഫ്
തൃക്കരിപ്പൂർ: ഒരിക്കലുമിളകാത്ത ഇടതിന്റെ ചുവപ്പുകോട്ടയെന്ന് വിളിക്കുന്ന തൃക്കരിപ്പൂർ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾതന്നെ ഒറ്റപ്പേരിലുറപ്പിച്ച സ്ഥാനാർഥിയാണ് വി.പി.പി. മുസ്തഫയുടേത്. മുസ്തഫയുടെ പേര് കേൾക്കാൻ തുടങ്ങിയിട്ടുതന്നെ വർഷങ്ങളായിരുന്നു. ഇടതിന്റെ ഉറച്ചമണ്ഡലത്തിൽ മത്സരിച്ച് മുഖ്യമന്ത്രിവരെയായവരുണ്ട്. സിറ്റിങ് എം.എൽ.എയായ എം. രാജഗോപാലൻ സി.പി.എം ജില്ല സെക്രട്ടറിയായതോടെയാണ് മുസ്തഫയുടെ വഴി ക്ലിയറായത്. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം കൂടിയായ വി.പി.പി. മുസ്തഫ കന്നിയംഗം കുറിക്കുകയാണ്.
ലോക്സഭ തെരഞ്ഞെടുപ്പിലെ മേൽക്കൈ പക്ഷേ, നിയമസഭ തെരഞ്ഞെടുപ്പിൽ ഒരിക്കലും പ്രതിഫലിക്കാറില്ലെന്നത് ചരിത്രമാണ്. ഏറ്റവുമൊടുവിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ കണക്കുകൾ ഇടതുമുന്നണിക്ക് അനുകൂലമാണ്. മണ്ഡലത്തിൽ 10 വർഷത്തിനിടെ നടപ്പാക്കിയ 2500 കോടി രൂപയുടെ വികസനം മുൻനിർത്തിയാണ് വോട്ടർമാരെ സമീപിക്കുന്നത്. പശ്ചാത്തലവികസനത്തിൽ അഭൂതപൂർവമായ പുരോഗതിയാണുണ്ടായത്. 48 പൊതുമരാമത്ത് റോഡുകൾ മെക്കാഡം നിലവാരത്തിലേക്ക് ഉയർത്തിയതും 34 പാലങ്ങൾക്ക് അനുമതി ലഭിച്ചതിൽ 13 എണ്ണം കമീഷൻ ചെയ്യാൻ സാധിച്ചതും വോട്ടാകുമെന്നതിൽ ഇടതുപക്ഷത്തിന് അനകൂലഘടകമായുണ്ട്.
സംരംഭകത്വ സാധ്യതകൾ ഉപയോഗപ്പെടുത്തി പ്രദേശവാസികളായ യുവതീയുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നതിനാവശ്യമായ പരിശ്രമങ്ങളുണ്ടാകുമെന്നും കുടുംബശ്രീ മുഖേന വനിതകളുടെ ഇടയിലും പ്രവാസികളെ ഉൾപ്പെടുത്തിയും സംരംഭകത്വ വികസനത്തിന് ഊന്നൽ നൽകുമെന്നുമാണ് മുസ്തഫയുടെ വാഗ്ദാനങ്ങൾ. 2021ൽ 26,000 കവിഞ്ഞ ഭൂരിപക്ഷം വർധിപ്പിക്കുക എന്നത് മാത്രമാണ് ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പുതന്ത്രം.
യു.ഡി.എഫ്
കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ് കഴിഞ്ഞതവണ മത്സരിച്ച തൃക്കരിപ്പൂർ മണ്ഡലം ഇത്തവണ കോൺഗ്രസ് ഏറ്റെടുത്തത് കടുത്ത മത്സരത്തിനും സ്റ്റാർ ഫൈറ്റിന്റെ പ്രതീതിക്കും വഴിവെച്ചിട്ടുണ്ട്. ഏറെ ചർച്ചകൾക്കൊടുവിൽ വന്ന സ്ഥാനർഥിയായിരുന്നു സന്ദീപ് വാര്യർ. പേര് മണ്ഡലത്തില അഭ്യൂഹമായി പടർന്നപ്പോൾതന്നെ പ്രാദേശികവാദം പറഞ്ഞ് യു.ഡി.എഫ് ജില്ല നേതൃത്വം ഉടക്കിയെങ്കിലും പിന്നീട് അതേ നേതൃത്വംതന്നെ വലിയ സ്വീകരണമൊരുക്കുന്നതാണ് കാണാൻ കഴിഞ്ഞത്. എങ്ങനെയും ഇടതിന്റെ കോട്ടതകർത്ത് വെന്നിക്കൊടി പാറിക്കാനാണ് യു.ഡി.എഫ് മത്സരം. തുടർച്ചയായി രണ്ടുതവണ കാസർകോട് ലോക്സഭ മണ്ഡലം പിടിച്ചെടുക്കാൻ യു.ഡി.എഫിന് സാധിച്ചിട്ടുണ്ടെങ്കിൽ തൃക്കരിപ്പൂർ മണ്ഡലം ബാലികേറാമലയല്ലെന്ന് ഐക്യമുന്നണി സ്ഥാനാർഥി സന്ദീപ് വാര്യർ പറയുന്നു. രണ്ടാം തവണ ലോക്സഭ തെരഞ്ഞെടുപ്പിൽ തൃക്കരിപ്പൂർ മണ്ഡലത്തിലെ ഭൂരിപക്ഷം 10,448 ആയിരുന്നു.
തീരദേശവും ഇടനാടും മലനാടും ഉൾപ്പെടുന്ന സമഗ്രമായ വികസനപദ്ധതിയാണ് യു.ഡി.എഫ് മുന്നോട്ടുവെക്കുന്നത്. ഒന്നാംനിര നേതാക്കളുടെ നേതൃത്വത്തിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തിയപ്പോൾ വികസനമുരടിപ്പിന്റെ നേർചിത്രമാണ് കാണാൻ സാധിച്ചതെന്നും തൃക്കരിപ്പൂരിന് അനന്തമായ വികസനസാധ്യതകളുണ്ടെന്നും നാടിന്റെ സമഗ്രപുരോഗതിയും ജനങ്ങളുടെ ക്ഷേമവുമാണ് ലക്ഷ്യമെന്നും യു.ഡി.എഫ് പറയുന്നു.
ചീമേനി ഐ.ടി പാർക്ക് യാഥാർഥ്യമാകാത്തതും നിർമിച്ച ചുറ്റുമതിലും ഗേറ്റും തകർന്നുകിടക്കുന്ന അവസ്ഥയിലായതുമെല്ലാം തുറന്നുകാണിച്ചാണ് സന്ദീപ് വോട്ടുതേടുന്നത്. നൂതന സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക പാക്കേജും തൃക്കരിപ്പൂർ നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ശാസ്ത്രീയമായി പരിഹരിക്കാനുള്ള പദ്ധതികളും യാത്രാക്ലേശം പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി കൂടുതൽ സർവിസുകളും പ്രധാന വാഗ്ദാനങ്ങളായി യു.ഡി.എഫ് അവതരിപ്പിക്കുന്നുണ്ട്. റെയിൽവേ ഓവർ ബ്രിഡ്ജിനുള്ള കാലങ്ങളായുള്ള കാത്തിരിപ്പിന് അറുതിവരുത്തി തൃക്കരിപ്പൂരിലെ റെയിൽവേ ഓവർ ബ്രിഡ്ജ് യാഥാർഥ്യമാക്കുമെന്നും കാർഷികമേഖലയിൽ മൂല്യവർധിത വിപ്ലവം കൊണ്ടുവരുമെന്നും കാർഷികോൽപന്നങ്ങളെ മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റാൻ പ്രത്യേക പ്രോസസിങ് യൂനിറ്റുകൾ ഉണ്ടാക്കുമെന്നും ഐക്യമുന്നണി വാഗ്ദാനമാണ്.
എൻ.ഡി.എ
മോദിയുടെ വികസന ഗാരന്റിതന്നെയാണ് എൻ.ഡി.എ മണ്ഡലത്തിൽ മുന്നേറ്റമുണ്ടാക്കാനുള്ള വഴിയായി കരുതുന്നത്. ട്വന്റി 20 സ്ഥാനാർഥിയെ ഇറക്കിയുള്ള പരീക്ഷണമാണ് തൃക്കരിപ്പൂർ മണ്ഡലത്തിൽ എൻ.ഡി.എ പയറ്റുന്നത്. വേറിട്ടവികസനത്തിന് എൻ.ഡി.എക്ക് വോട്ടുതേടിയാണ് ട്വന്റി 20 സ്ഥാനാർഥി രവി കുളങ്ങരയുടെ പ്രചാരണം.
തൃക്കരിപ്പൂരിലെ വോട്ടർമാർ ഇരുമുന്നണികളിൽനിന്നും മാറ്റം ആഗ്രഹിക്കുന്നതായി രവി പറയുന്നു. ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രചാരണമാരംഭിച്ചത്. ഉത്സവം നടക്കുന്ന മുഴുവൻ ക്ഷേത്രങ്ങളിലും ബി.ജെ.പി-ആർ.എസ്.എസ്-ഹിന്ദുമുന്നണി നേതാക്കൾക്കൊപ്പം പര്യടനം നടത്തി. ട്വന്റി 20 സംസ്ഥാന വൈസ് പ്രസിഡന്‍റ് വി. ഗോപകുമാർ ഉൾപ്പടെയുള്ള നേതാക്കൾ പ്രചാരണത്തിന് എത്തുന്നുണ്ട്.2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 10,961 വോട്ടാണ് എൻ.ഡി.എ നേടിയത്. ലോക്സഭ തെരഞ്ഞെടുപ്പിൽ 17,085 ആയി വർധിപ്പിക്കാൻ സാധിച്ചത് ആവേശപൂർവമാണ് സ്ഥാനാർഥി കാണുന്നത്. അതുകൊണ്ടുതന്നെ മണ്ഡലത്തിൽ ഇനിയും വോട്ട് വർധിപ്പിക്കാനാകുമെന്ന ആത്മവിശ്വാസവും ബി.ജെ.പി പുലർത്തുന്നു.
തദ്ദേശതെരഞ്ഞെടുപ്പിൽ എൻ.ഡി.എ വോട്ടോഹരി 8529 ആയി കുറഞ്ഞത് നിയമസഭ സാധ്യതകളെ ബാധിക്കില്ലെന്നാണ് അദ്ദേഹം കരുതുന്നത്. പ്രവാസജീവിതത്തിൽ പ്രവാസി കോൺഗ്രസ് പ്രവർത്തകനായിരുന്ന രവി പിന്നീട് എൻ.സി.പിയിലെത്തുകയായിരുന്നു. ഏറ്റവും ഒടുവിലാണ് ട്വന്റി 20യിൽ ചേർന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ വർധിപ്പിച്ച പ്രവൃത്തിദിനങ്ങൾ, ആസ്തികളുടെ സൃഷ്ടിയിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ, ഡിജിറ്റൽ സുതാര്യതയും ഉത്തരവാദിത്തവും, വികേന്ദ്രീകൃത ആസൂത്രണം, വേതനം യഥാർഥ തൊഴിലാളികളിൽ നേരിട്ടെത്തിക്കുക എന്നിവ വഴി വിക്സിത് ഭാരത് 2047നെ കുറിച്ചാണ് എൻ.ഡി.എ തൊഴിലാളികളോട് സംസാരിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിൽ ഒരടിസ്ഥാനവുമില്ലാതെ രാഷ്‌ട്രീയപ്രേരിതമായി ആശങ്കകൾ സൃഷ്ടിക്കുകയാണ് ഇടതുവലത് മുന്നണികൾ ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
സന്ദീപ് വാര്യർ
പാലക്കാട് ചെത്തല്ലൂർ സ്വദേശി. കോൺഗ്രസ് വക്താവ്. കെ.പി.സി.സി ജന. സെക്രട്ടറി. കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്കിങ്ങിൽ ഡിപ്ലോമ. ബി.ജെ.പിയിൽ ആയിരുന്നപ്പോൾ ഷൊർണൂരിൽനിന്ന് മത്സരിച്ചിട്ടുണ്ട്. ശബരിമല സ്വർണപ്പാളി വിഷയത്തിലെ പ്രതിഷേധസമരവുമായി ബന്ധപ്പെട്ട് 10 ദിവസം റിമാൻഡിൽ.
ഡോ. വി.പി.പി. മുസ്തഫ
എഴുത്തുകാരൻ, അഭിഭാഷകൻ സി.ഐ.ടി.യു ജില്ല പ്രസിഡന്‍റ്, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം. തൃക്കരിപ്പൂർ കാരോളം സ്വദേശിയാണ്. മൂന്നുതവണ ജില്ല പഞ്ചായത്ത് അംഗമായ അദ്ദേഹം ഒരുതവണ സ്ഥിരം സമിതി അധ്യക്ഷ പദവിയിലിരുന്നു. 15 വർഷം ജില്ല ആസൂത്രണസമിതി അംഗമായും പ്രവർത്തിച്ചു. സാമ്പത്തികശാസ്ത്രത്തിലും നിയമത്തിലും ബിരുദവും മലയാളസാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും. രാഷ്ട്രീയ കേസുകളിൽ മൂന്നാഴ്ച ജയിൽവാസം.
രവി കുളങ്ങര
പ്രവാസി വ്യവസായി ചെറുവത്തൂർ ആനിക്കാടി സ്വദേശി. തീയ്യ ക്ഷേമസഭ സംസ്ഥാന പ്രസിഡന്റാണ്. ട്വന്റി 20 പാർട്ടിയുടെ ജില്ല കോഓഡിനേറ്റർ. ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം പ്രവാസജീവിതത്തിനുശേഷം ബിസിനസ് മേഖലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

