ശിവശങ്കറിന് ചികിത്സ ഉറപ്പാക്കണം, ചോദ്യംചെയ്യല്‍ പകല്‍ മാത്രം; ഇ.ഡിയോട് കോടതി
text_fieldsകൊച്ചി: എന്‍ഫോഴ്സ്മെന്‍റ് കസ്റ്റഡിയില്‍ വിട്ട മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന് ആയുര്‍വേദ ചികിത്സ ഉറപ്പാക്കണമെന്ന് കോടതി. മാനസിക പീഡനം പാടില്ല. ചോദ്യംചെയ്യല്‍ പകല്‍ 9 മുതല്‍ 6 വരെ മാത്രമേ പാടുള്ളൂവെന്നും കോടതി നിര്‍ദേശിച്ചു.
നടുവേദനയുണ്ടെന്നും ചികിത്സ വേണമെന്നും ശിവശങ്കര്‍ കോടതിയില്‍ പറയുകയുണ്ടായി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെയും ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞു. നിരന്തരമായ ചോദ്യം ചെയ്യൽ ഉണ്ടാകുന്നു. ചോദ്യംചെയ്യൽ പുലര്‍ച്ചെ വരെ നീളുന്നു. അന്വേഷണത്തോട് പൂർണമായി സഹകരിച്ചിട്ടുണ്ടെന്നും ശിവശങ്കര്‍ കോടതിയെ ധരിപ്പിച്ചു.
എന്നാല്‍ ശിവശങ്കർ സഹകരിക്കുന്നില്ലെന്നും ഭക്ഷണം കഴിക്കാൻ പോലും തയ്യാറാകുന്നില്ലെന്നും ഇ.ഡി പറഞ്ഞു. ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചാം പ്രതിയാണ് ശിവശങ്കര്‍. ഒരാഴ്ചത്തെ കസ്റ്റഡിയിലാണ് ശിവശങ്കറിനെ വിട്ടത്. അഭിഭാഷകന്‍ എസ് രാജീവാണ് ശിവശങ്കറിന് വേണ്ടി ഹാജരായത്.
2019 ഏപ്രിലിൽ നയതന്ത്ര ബാഗേജ് വിട്ടുനൽകാൻ ശിവശങ്കർ ഇടപെട്ടെന്നാണ് ഇ.ഡിയുടെ വാദം. സ്വപ്നയുടെ ആവശ്യപ്രകാരമായിരുന്നു ഇത്. ചോദ്യം ചെയ്യലിൽ ശിവശങ്കർ ഇത് നിഷേധിച്ചു. എന്നാൽ സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്സ് ആപ് ചാറ്റിന്‍റെ തെളിവുണ്ടെന്ന് ഇ.ഡി പറഞ്ഞു.