Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.എം ശ്രീയിലും...

പി.എം ശ്രീയിലും മദ്യനയത്തിലും ലീഗ് നിലപാട് വ്യക്തമാക്കണം; സാദിഖലി തങ്ങൾക്ക് കത്തെഴുതി വി. ശിവൻകുട്ടി

text_fields
bookmark_border
പി.എം ശ്രീയിലും മദ്യനയത്തിലും ലീഗ് നിലപാട് വ്യക്തമാക്കണം; സാദിഖലി തങ്ങൾക്ക് കത്തെഴുതി വി. ശിവൻകുട്ടി
cancel

തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ സമീപകാല പ്രവർത്തനങ്ങളെ വിമർശിച്ചുകൊണ്ട് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് സി.പി.എം സംസ്ഥാന സമിതി അംഗവും മുൻ മന്ത്രിയുമായ വി. ശിവൻകുട്ടി തുറന്ന കത്തയച്ചു. സംസ്ഥാനത്ത് സംഘപരിവാർ അജണ്ടകൾക്ക് യു.ഡി.എഫ് സർക്കാർ വഴിയൊരുക്കുമ്പോൾ ലീഗ് നേതൃത്വം പുലർത്തുന്ന മൗനവും അലംഭാവവും അങ്ങേയറ്റം ദുരൂഹമാണെന്ന് ശിവൻകുട്ടി കത്തിൽ കുറ്റപ്പെടുത്തുന്നു. മതേതര പാരമ്പര്യം അവകാശപ്പെടുന്ന പാർട്ടി, നിലവിൽ സ്വീകരിക്കുന്ന നിലപാടുകൾ വിരോധാഭാസമാണ്. കേന്ദ്ര ഭവന പദ്ധതിയിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കണമെന്ന വ്യവസ്ഥ അംഗീകരിക്കാമെന്ന മന്ത്രി കെ.എം. ഷാജിയുടെ പ്രസ്താവന കേരളത്തിന്റെ മതേതര മനസ്സിന് നേരെയുള്ള പ്രഹരമാണെന്ന് അദ്ദേഹം വിമർശിച്ചു. മുൻപ് സർക്കാർ വീടുകളിൽ ഭരണകർത്താക്കളുടെ ചിത്രം പതിപ്പിക്കരുതെന്ന് കർശന നിലപാടെടുത്ത പാരമ്പര്യത്തെയാണ് യു.ഡി.എഫ് സർക്കാർ ഇപ്പോൾ കാറ്റിൽപ്പറത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.


വിദ്യാഭ്യാസ രംഗത്ത് കാവിവൽക്കരണത്തിന് വഴിയൊരുക്കുന്ന 'പി.എം ശ്രീ' പദ്ധതിയുമായി മുന്നോട്ട് പോകാൻ ലീഗ് മന്ത്രിമാർ അനുമതി നൽകിയെന്നും, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച് മദ്യപാനം പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ തീരുമാനമെന്നും ശിവൻകുട്ടി പറഞ്ഞു. 'ചന്ദ്രിക'യിൽ ലേഖനം എഴുതി പ്രതിഷേധം ഒതുക്കുന്നതിന് പകരം, മുഖ്യമന്ത്രിയുമായി സംസാരിച്ച് ഈ തീരുമാനങ്ങൾ തിരുത്തിക്കാൻ സാദിഖലി തങ്ങൾ തയ്യാറാവണമെന്നും, അതിന് സാധിക്കില്ലെങ്കിൽ മന്ത്രിമാരോട് രാജിവെക്കാൻ ആവശ്യപ്പെടാനുള്ള ആർജ്ജവം ലീഗ് നേതൃത്വം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിച്ചതിലെ സംഘപരിവാർ ബന്ധവും ശിവൻകുട്ടി കത്തിൽ ഉയർത്തിക്കാട്ടുന്നു. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ ഇടപെടലുകൾ പോലും മറച്ചുവെച്ച് നടത്തിയ ഈ നിയമനം തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ ബി.ജെ.പിക്ക് ഇടപെടാൻ അവസരം നൽകുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരം നീക്കങ്ങൾക്കെതിരെ മതേതര ജനാധിപത്യ വിശ്വാസികളെ അണിനിരത്തി സി.പി.എം ശക്തമായ പോരാട്ടം തുടരുമെന്നും കത്തിൽ പറയുന്നു.

ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിന്‍റെ പൂർണ്ണരൂപം

ബഹുമാനപ്പെട്ട പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ,

അഭിവാദ്യങ്ങൾ.

കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ മണ്ഡലത്തിൽ അങ്ങേയറ്റം ഗൗരവതരമായ ചില വിഷയങ്ങൾ അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ഈ കത്തെഴുതുന്നത്. മതേതര കേരളം വലിയ ആശങ്കയോടെയാണ് യു.ഡി.എഫ് സർക്കാരിന്റെ സമീപകാല പ്രവർത്തനങ്ങളെ നോക്കിക്കാണുന്നത്. ഭരിക്കുന്ന കക്ഷികളിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗ് നേതൃത്വം ഇക്കാര്യങ്ങളിൽ പുലർത്തുന്ന മൗനവും അലംഭാവവും അങ്ങേയറ്റം ദുരൂഹമാണ്.

മതേതരത്വത്തിന്റെ പാരമ്പര്യം പേറുന്നവരാണ് മുസ്ലിം ലീഗ് എന്ന് അവകാശപ്പെടുമ്പോൾ, ആ പാർട്ടിയുടെ നേതാക്കൾ ഇപ്പോൾ സ്വീകരിക്കുന്ന നിലപാടുകൾ വിരോധാഭാസമായി മാറുകയാണ്. കേന്ദ്ര സർക്കാരിന്റെ ഭവന പദ്ധതിയിൽ പ്രധാനമന്ത്രിയുടെ ചിത്രമോ ലോഗോയോ പതിക്കണമെന്ന വ്യവസ്ഥ അംഗീകരിക്കാമെന്നുള്ള മന്ത്രി ഷാജിയുടെ പ്രസ്താവന, മതേതര കേരളത്തിന്റെ ആത്മവീര്യത്തിന് മേൽ പതിച്ച പ്രഹരമാണ്. സർക്കാർ പണം മുടക്കി പണിത അഞ്ചു ലക്ഷം വീടുകളിൽ ഒരു ഭരണകർത്താവിന്റെയും ചിത്രം പതിപ്പിക്കരുതെന്ന് നിർബന്ധബുദ്ധിയോടെ നിലപാടെടുത്തവരാണ് എൽ ഡി എഫ് സർക്കാർ. എന്നാൽ, ഇന്ന് യു.ഡി.എഫ് സർക്കാർ ആ പാരമ്പര്യത്തെ കാറ്റിൽപ്പറത്തി സംഘപരിവാർ അജണ്ടകൾക്ക് കുടപിടിക്കുകയാണ്.

പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാൻ പച്ചക്കൊടി കാണിക്കാൻ ലീഗ് മന്ത്രിമാർ തയ്യാറായതും, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി വെട്ടിക്കുറച്ച് മദ്യപാനം പ്രോത്സാഹിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതും അങ്ങയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകുമല്ലോ. ചന്ദ്രിക പത്രത്തിൽ ലേഖനമെഴുതി ഇതിനെ വിമർശിക്കുന്നതിന് പകരം, ഈ തീരുമാനങ്ങൾ തിരുത്താൻ മുഖ്യമന്ത്രിയെ വിളിച്ച് കർശനമായ നിലപാട് സ്വീകരിക്കാനല്ലേ അങ്ങ് തയ്യാറാവേണ്ടിയിരുന്നത്? അത് ചെയ്യാൻ അങ്ങ് തയ്യാറല്ലെങ്കിൽ, മന്ത്രിമാരോട് രാജിവെക്കാൻ ആവശ്യപ്പെടാനുള്ള ആർജ്ജവമെങ്കിലും ലീഗ് നേതൃത്വം കാണിക്കണ്ടേ?

ഇതിനെല്ലാം പുറമെയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിച്ചതിലെ സംഘപരിവാർ രാഷ്ട്രീയം. സംഘപരിവാർ പശ്ചാത്തലമുള്ള ഒരാളെ ഇത്തരമൊരു സുപ്രധാന പദവിയിൽ നിയമിക്കുമ്പോൾ, അദ്ദേഹത്തിന്റെ മുൻകാല സോഷ്യൽ മീഡിയ ഇടപെടലുകൾ പോലും മറച്ചുവെക്കപ്പെട്ടത് ആരുടെ താല്പര്യപ്രകാരമാണ്? വോട്ടർ പട്ടികയിലും തിരഞ്ഞെടുപ്പ് പ്രക്രിയകളിലും ബി.ജെ.പിക്ക് അനായാസം ഇടപെടാൻ വഴിയൊരുക്കുന്നതല്ലേ ഈ നിയമനം?

മതേതരത്വവും കേരളത്തിന്റെ സാമൂഹിക സുസ്ഥിതിയും സംരക്ഷിക്കാൻ ഇനിയും സമയം അതിക്രമിച്ചിട്ടില്ല.

യു.ഡി.എഫ് സർക്കാർ നടപ്പിലാക്കുന്ന ഇത്തരം കാവി അജണ്ടകൾക്കെതിരെ മതേതര ജനാധിപത്യ വിശ്വാസികളെ അണിനിരത്തി സി.പി.ഐ(എം) പോരാട്ടം തുടരുക തന്നെ ചെയ്യും.

സ്നേഹത്തോടെ,

വി. ശിവൻകുട്ടി

സി.പി.ഐ(എം) സംസ്ഥാന സമിതി അംഗം, മുൻ മന്ത്രി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:open letterKerala Liquor PolicySadik Ali Shihab Thangal
News Summary - Must clarify stance on PM SHRI and liquor policy; V. Sivankutty writes an open letter to Sadiqali Thangal
Next Story