മുസ്ലിംകൾക്ക് ഇന്ന് വിശ്വസിക്കാനാകുന്നത് സി.പി.എമ്മിനെ മാത്രം -എ.എൻ ഷംസീർ
text_fieldsമുസ്ലിംകൾക്ക് ഇന്ന് രാജ്യത്ത് വിശ്വസിക്കാനാകുന്നത് സി.പി.എമ്മിനെ മാത്രമാണെന്ന് ഭരണപക്ഷത്തിന്റെ സ്പീക്കർ സ്ഥാനാർഥി എ.എൻ ഷംസീർ എം.എൽ.എ. മുസ്‍ലിം സമുദായത്തിന് ഇനി അധികാരികളെ കാണാൻ ഇടനിലക്കാർ വേണ്ട ആവശ്യമില്ല. വഖഫ് ബോർഡ് വിഷയത്തിൽ അത് തെളിഞ്ഞു. സമസ്ത പറഞ്ഞപ്പോൾ വഖഫ് ബില്ല് പിൻവലിച്ചത് ഇതിന് ഉദാഹരണമാണ്. മുസ്ലിംകൾക്ക് ഇന്ന് വിശ്വസിക്കാനാകുന്നത് സി.പി.എമ്മിനെ മാത്രം. അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു ഷംസീർ.
സഭക്കകത്ത് പ്രതിപക്ഷത്തിന്റെ പ്രവർത്തനം വളരെ മികച്ചതാണെന്നും അതിനെ പ്രതിരോധിക്കാനുള്ള ശേഷി ഭരണകക്ഷിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾ തന്നെ ദയാരഹിതമായി വേട്ടയാടി. ഭാര്യക്ക് ഉന്നത വിദ്യാഭ്യാസം ഉണ്ടായിട്ടും നിയമനം വിവാദമാക്കി. സി.പി.എമ്മുകാർ ഉന്നത വിദ്യാഭ്യാസം ഉള്ളവരെ വിവാഹം കഴിക്കരുതെന്നാണോ പറയുന്നതെന്നും ഷംസീർ ചോദിച്ചു.
സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തനിക്ക് പിതൃതുല്യനാണെന്നും ഒരു പിതാവിനെ പോലെ തന്നെ തിരുത്തിയും ശാസിച്ചും കൂടെ നിന്ന വ്യക്തിയാണ് കോടിയേരിയെന്നും ഷംസീർ പറഞ്ഞു.