ടി.പി. അഷ്‌റഫലി യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി; ഷിബു മീരാൻ ഓർഗനൈസിങ് സെക്രട്ടറി, സർഫറാസ് അഹമ്മദ് പ്രസിഡന്റ്
text_fieldsന്യൂഡൽഹി: മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി പ്രസിഡന്റായി അഡ്വ. സർഫറാസ് അഹമ്മദിനെയും (ഉത്തർപ്രദേശ്), ജന. സെക്രട്ടറിയായി ടി.പി. അഷ്‌റഫലിയെയും (കേരളം), ഓർഗനൈസിങ് സെക്രട്ടറിയായി അഡ്വ. ഷിബു മീരാനെയും (കേരളം) തെരെഞ്ഞെടുത്തതായി മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി അറിയിച്ചു. പ്രസിഡന്റ് ആസിഫ് അൻസാരിയും ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബുവും മുസ്‌ലിം ലീഗ് ദേശീയ ഭാരവാഹികളായതിനെതുടർന്നാണ് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി പുനഃസംഘടിപ്പിച്ചത്.
യു.പി. സംസ്ഥാന യൂത്ത് ലീഗ് പ്രസിഡന്റായിരുന്ന അഡ്വ. സർഫറാസ് അഹമ്മദ് നിലവിൽ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റാണ്. മീറത്ത് സ്വദേശിയാണ്.
ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ടി.പി. അഷ്‌റഫലി നിലവിൽ യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറിയാണ്. എം.എസ്.എഫിന്റെ പ്രഥമ ദേശീയ പ്രസിഡന്റ്, കേരള സ്റ്റേറ്റ് പ്രസിഡന്‍റ്, ജനറൽ സെക്രട്ടറി, കാലികറ്റ് സർവകലാശാല സിൻഡികറ്റ് അംഗം, പ്രഥമ കേരള യൂത്ത് കമീഷൻ അംഗം, മലപ്പുറം ജില്ല പഞ്ചായത്തംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ന്യൂഡൽഹിയിലെ ജാമിഅ ഹംദർദ് യൂനിവേഴ്സിറ്റിയിൽ ഇസ്‌ലാമിക് സ്റ്റഡീസിൽ റിസർച്ച് ചെയ്യുകയാണ്.
ഓർഗനൈസിങ് സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട അഡ്വ. ഷിബു മീരാൻ മികച്ച പ്രഭാഷകനും നിലവിൽ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമാണ്. കേരള ഹൈകോടതിയിൽ പ്രാക്ടീസ് ചെയ്യുന്നു. ദേശീയ കമ്മറ്റിയിൽ നിലവിലുള്ള മറ്റു ഭാരവാഹികൾ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

