ഭർത്താവിന്‍റെ സമ്മതമില്ലാതെ മുസ്ലിം സ്ത്രീക്ക് വിവാഹമോചനത്തിന് അവകാശം -ഹൈകോടതി
text_fieldsകൊച്ചി: ഭർത്താവിന്‍റെ സമ്മതമില്ലാതെതന്നെ മുസ്ലിം സ്ത്രീക്ക് ഏകപക്ഷീയമായി വിവാഹമോചനം നേടാൻ അവകാശമുണ്ടെന്ന് ഹൈകോടതി. ഇസ്ലാമിക വിവാഹമോചന മാര്‍ഗമായ ഖുൽഅ് പ്രകാരം മുസ്ലിം സ്ത്രീക്ക് വിവാഹമോചനം നേടാവുന്നതാണെന്നും ഇസ്ലാമിക നിയമം ഇത് അംഗീകരിക്കുന്നുണ്ടെന്നും ആവർത്തിച്ചാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സി.എസ്. ഡയസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.
ഖുൽഅ് മുഖേന വിവാഹബന്ധം വേർപെടുത്താമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഹരജി തള്ളിയാണ് കോടതി നിരീക്ഷണം. വാഹമോചനത്തിന് ഭർത്താവിനോട് സ്ത്രീ ത്വലാഖ് ആവശ്യപ്പെടണമെന്നും ഖുൽഅ് ഏകപക്ഷീയമായ അവകാശം സ്ത്രീക്ക് നൽകുന്നില്ലെന്നും ഹരജിക്കാർ വാദിച്ചു. ഭർത്താവ് അനുമതി നൽകിയാലേ വിവാഹമോചനം നടപ്പാകൂവെന്നും ചൂണ്ടിക്കാട്ടി. എന്നാൽ, ഇസ്ലാമിൽ സ്ത്രീകളുടെ വിവാഹമോചന മാർഗത്തിന് ഭർത്താവിന്‍റെ സമ്മതവുമായി ബന്ധമില്ലെന്ന് കോടതി വ്യക്തമാക്കി.
വിവാഹമോചനം ഭാര്യ പ്രഖ്യാപിക്കണം, വിവാഹസമയത്ത് ലഭിച്ച സമ്മാനങ്ങളും മറ്റും തിരിച്ചു നൽകാൻ സമ്മതം അറിയിക്കണം, ഖുൽഅ് മാർഗം സ്വീകരിക്കും മുമ്പ് സാധ്യമായ ഒത്തുതീർപ്പ് ശ്രമങ്ങൾ നടന്നിരിക്കണം എന്നിവയാണ് ഖുൽഇന്‍റെ സാധുതക്ക് അനിവാര്യമായ ഘടകങ്ങൾ. ഈ ഘടകങ്ങൾ കൃത്യമാണെങ്കിൽ ഖുൽഇന് സാധുതയുണ്ടാകുമെന്ന് കോടതി വിലയിരുത്തി.
ഭർത്താവ് വിവാഹമോചന ആവശ്യം നിരസിച്ചാൽ ഖാദിയെയോ കോടതിയെയോ സമീപിക്കണമെന്ന വാദം ഹരജിക്കാർ ഉയർത്തിയിരുന്നു. എന്നാൽ, ഖുൽഅ് മാർഗത്തിന് സാധുതയുണ്ടായിരിക്കെ സ്ത്രീക്ക് ജുഡീഷ്യല്‍ സംവിധാനത്തെ ആശ്രയിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. വിവാഹമോചനം കോടതി നടപടികളിലൂടെ മാത്രം നടപ്പാക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി നൽകിയ ഒരു കൂട്ടം ഹരജികളിലാണ് വിവാഹമോചനത്തിന് മുസ്ലിം സ്ത്രീക്ക് ഖുൽഇനെ ആശ്രയിക്കാമെന്ന് 2021 ഏപ്രിലില്‍ ഇതേ ബെഞ്ച് തന്നെ ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

