‘എസ്.ഐ.ആർ നിർത്തിവെക്കണം, ഗ്യാനേഷ് കുമാർ രാജിവെക്കണം’; മുസ്ലിം സംഘടനകളുടെ യോഗം
text_fieldsമുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ കോഴിക്കോട്ട് നടന്ന മുസ്ലിം സംഘടന നേതാക്കളുടെ യോഗം
കോഴിക്കോട്: വോട്ടർപട്ടിക അട്ടിമറി ഉൾപ്പെടെ രാജ്യത്ത് നടക്കുന്ന ജനാധിപത്യവിരുദ്ധ നടപടികളെല്ലാം കേന്ദ്ര സർക്കാറിന്റെ പിന്തുണയോടെയാണെന്നും ജനാധിപത്യം അട്ടിമറിക്കാൻ കൂട്ടുനിൽക്കുന്ന സർക്കാറിന് ഭരണത്തിൽ തുടരാനുള്ള അർഹതയില്ലെന്നും പാണക്കാട് സാദിഖലി തങ്ങൾ വിളിച്ചുചേർത്ത മുസ്ലിം സംഘടന നേതാക്കളുടെ യോഗം അഭിപ്രായപ്പെട്ടു. 13 കോടി വോട്ടർമാരെയാണ് വെട്ടിമാറ്റിയത്. ചരിത്രത്തിൽ സമാനതകളില്ലാത്ത ഈ അട്ടിമറി നടത്തിയ മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഇപ്പോഴും തൽസ്ഥാനത്ത് തുടരുന്നത് രാജ്യത്തിന് നാണക്കേടാണ്. എസ്.ഐ.ആർ നടപടികൾ നിർത്തിവെക്കണമെന്നും ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ഡൽഹി ജന്തർ മന്തറിലും രാജ്യമാകെയും നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഭരണഘടനയും ജനാധിപത്യവും അട്ടിമറിക്കുന്ന കേന്ദ്ര സർക്കാറിനെതിരെ വിവേകപൂർവ്വം ജനാധിപത്യ മാർഗങ്ങൾ ഉപയോഗിച്ച് സമരം തുടരണമെന്നും യോഗം അഭ്യർഥിച്ചു.
രാജ്യത്ത് കാലങ്ങളായി നടക്കുന്ന സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളെ അട്ടിമറിക്കുന്ന എഫ്.സി.ആർ.എ നിയമ ഭേദഗതി പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങളുടെ ഭരണഘടനാവകാശങ്ങൾ നിരന്തരം കവരുന്ന നടപടികളുമായാണ് കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നത്. എഫ്.സി.ആർ.എ നിയമ ഭേദഗതി സന്നദ്ധ സംഘടനകളുടെ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ്. പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിനെ മറികടന്നാണ് ഭരണഘടനാവിരുദ്ധമായ ഈ നീക്കവുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നത്. ഈ വിഷയം ഏതെങ്കിലും മതവിഭാഗങ്ങളെ മാത്രം ബാധിക്കുന്നതല്ലെന്നും സന്നദ്ധസേവനം നടത്തുന്ന എല്ലാവർക്കും ഭീഷണിയാണെന്നും ഭരണഘടന സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന എല്ലാ ജനാധിപത്യവാദികളും ഈ നിയമത്തിനെതിരെ രംഗത്ത് വരണമെന്നും യോഗം അഭ്യർഥിച്ചു. സന്നദ്ധ സംഘടനകളുടെ ആസ്തികളിലേക്കുള്ള കടന്നുകയറ്റവും അനാവശ്യ നിയന്ത്രണവുമാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. എൻ.ജി.ഒകളുടെയും ജീവകാരുണ്യ, വിദ്യാഭ്യാസ, മത സ്ഥാപനങ്ങളുടെയും സ്വയംഭരണാവകാശം സംരക്ഷിക്കാൻ ജെ.പി.സിയെ (സംയുക്ത പാർലിമെന്ററി സമിതി) ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്താനും യോഗം തീരുമാനിച്ചു.
മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ആമുഖ ഭാഷണം നിർവഹിച്ചു. അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി, പി.വി. അബ്ദുൽ വഹാബ് എം.പി, കെ.പി.എ. മജീദ്, ഭരണ പരിഷ്കാര കമീഷൻ ചെയർമാൻ ഡോ. എം.കെ. മുനീർ, കേരള വഖഫ് ബോർഡ് ചെയർമാൻ എം.സി. മായിൻ ഹാജി, ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്വി (സമസ്ത), എം.ഐ. അബ്ദുൽ അസീസ്, ശിഹാബ് പൂക്കോട്ടൂർ (ജമാഅത്തെ ഇസ്ലാമി), ടി.പി. അബ്ദുല്ലക്കോയ മദനി, ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി (കെ.എൻ.എം), ഇ.പി. അഷ്റഫ് ബാഖവി (സംസ്ഥാന ജംഇയ്യത്തുൽ ഉലമ), ടി.കെ. അഷ്റഫ്, കെ. സജ്ജാദ് (വിസ്ഡം), ബി.പി.എ ഗഫൂർ (മർക്കസുദ്ദഅ്വ), ഡോ. ഫസൽ ഗഫൂർ (എം.ഇ.എസ്), എൻജി. പി. മമ്മദ് കോയ (എം.എസ്.എസ്) തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

