കോഴിക്കോട്: വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടതടക്കം മുസ്ലിം വിരുദ്ധ നിലപാടുകൾക്കെതിരെ വെള്ളിയാഴ്ച എല്ലാ പള്ളികളിലും ബോധവത്കരണ പ്രഭാഷണങ്ങൾ നടത്താൻ മുസ്ലിം സംഘടനകളുടെ തീരുമാനം. കോഴിക്കോട് എം.എസ്.എസ് ഓഡിറ്റോറിയത്തിൽ ചേർന്ന മുസ്ലിം നേതൃസമിതി കോർകമ്മിറ്റി യോഗത്തിലാണ് തീരുമാനമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള പി.എം.എ. സലാമും മറ്റു നേതാക്കളും വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടതിനെതിരെ ഹൈകോടതി, സുപ്രീംകോടതിയടക്കമുള്ളവയെ സമീപിക്കാനും യോഗം തീരുമാനിച്ചു. വഖഫിേൻറത് കേന്ദ്ര നിയമമായതിനാൽ സംസ്ഥാനത്തിന് ഇടപെടാനധികാരമില്ലെന്ന് കാണിച്ചാണ് നിയമനടപടികൾ ആരംഭിക്കുക.
ഡിസംബർ ഏഴിന് ചൊവ്വാഴ്ച പഞ്ചായത്ത് കേന്ദ്രങ്ങളിൽ മുസ്ലിം നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ ബഹുജന പ്രതിഷേധ റാലികളും സംഘടിപ്പിക്കും. റാലിയിൽ പ്രദേശത്തെ സമുദായ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിക്കും. തുടർന്ന് കോഴിക്കോട്ടും തിരുവനന്തപുരത്തും മുസ്ലിം നേതൃസമിതിയുടെ നേതൃത്വത്തിൽ ബഹുജന സമ്മേളനങ്ങളും നടത്തും. സംഘ്പരിവാറിനേക്കാൾ വലിയ ന്യൂനപക്ഷ, ദലിത് വിരുദ്ധ നടപടിയാണ് സംസ്ഥാനസർക്കാർ ചെയ്യുന്നതെന്ന് സലാം ആരോപിച്ചു. കോർ കമ്മിറ്റി യോഗത്തിൽ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.
പി.എം.എ. സലാം, സമസ്ത മുശാവറ അംഗം ഡോ. ബഹാഉദ്ധീൻ മുഹമ്മദ് നദ്വി, ശിഹാബ് പൂക്കോട്ടൂർ (ജമാഅത്തെ ഇസ്ലാമി), ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി (കെ.എൻ.എം), ബി.പി.എ. ഗഫൂർ (മർകസുദ്ദഅ്വ), കെ. സജ്ജാദ് (വിസ്ഡം), എൻജി.പി. മമ്മദ്കോയ (എം.എസ്.എസ്), ഇലവുപാലം ശംസുദ്ധീൻ മന്നാനി (ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ), എം. അഖ്നിസ് (മെക്ക), കമാൽ എം. മാക്കിയിൽ (കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ), കെ.പി. മെഹബൂബ് ശരീഫ് (റാവുത്തർ ഫെഡറേഷൻ), അഡ്വ. വി.കെ. ബീരാൻ എന്നിവർ പങ്കെടുത്തു.