കുപ്പായം മാറുന്ന പോലെ മുന്നണിമാറിയ ചരിത്രം ലീഗിനില്ല- പി.കെ.കുഞ്ഞാലിക്കുട്ടി
text_fieldsകുപ്പായം മാറുന്ന പോലെ ഓരോ വിഷയത്തിന്റെ പേരിൽ മുന്നണി മാറിയ ചരിത്രം ലീഗിനില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. ലീഗ് യുഡിഎഫിലെ അവിഭാജ്യ ഘടകമാണ്. പിണറായി സർക്കാരിനെതിരെ ഏറ്റവും നന്നായി സമരം ചെയ്തത് ലീഗാണ്. മുഖ്യമന്ത്രിയുടെ ലീഗ് പരാമർശത്തെ ദുർവ്യാഖ്യാനം ചെയ്യേണ്ട കാര്യമില്ല. ലീഗിനെ പ്രശംസിക്കുക മാത്രമല്ല മുഖ്യമന്ത്രി ചെയ്തത്.എതിർക്കേണ്ട വിഷയം വരുമ്പോൾ എതിർത്തിട്ടുണ്ടെന്നും അനുകൂലിക്കേണ്ടപ്പോൾ അനുകൂലിച്ചിട്ടുണ്ടെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
ഗവർണർ വിഷയത്തിൽ ലീഗ് സ്വീകരിച്ചത് കൃത്യമായ നിലപാടാണ്. മെറിറ്റിന് അനുസരിച്ചാണ് നിലപാടുകൾ സ്വീകരിക്കുന്നത്. അതിൽ മുന്നണി വിഷയമല്ല. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെയും വി മുരളീധരനെയും പുകഴ്ത്തിയ അബ്ദുൽ വഹാബിന്റെ പരാമർശം അടഞ്ഞ അധ്യായമാണ്. വഹാബ് വിശദീകരണം നൽകി. തങ്ങളുമായി വഹാബ് സംസാരിച്ചു. ഇനി ആ വിഷയത്തിൽ കൂടുതൽ ചർച്ച വേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.