സി.പി.എമ്മിന്‍റെ ക്ഷണം തള്ളി മുസ്‌ലിം ലീഗ്; ഏക സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കില്ല
text_fieldsഫയൽ ചിത്രം
മലപ്പുറം: സി.പി.എമ്മിന്റെ ഏക സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കേണ്ടതില്ലെന്ന് മുസ്‌ലിം ലീഗ് തീരുമാനം. ഇന്ന് രാവിലെ പാണക്കാട് ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. സി.പി.എം ക്ഷണിച്ചത് മുസ്‌ലിം ലീഗിനെ മാത്രമാണ്. യു.ഡി.എഫിന്‍റെ മറ്റു ഘടകകക്ഷികളെയൊന്നും ക്ഷണിച്ചിട്ടില്ല. അതുകൊണ്ട് തന്നെ യു.ഡി.എഫിന്‍റെ ഏറ്റവും പ്രധാന ഘടകകക്ഷി എന്ന നിലക്ക് മുസ്‌ലിം ലീഗിന് ഈ സെമിനാറിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
ഏക സിവിൽ കോഡ് വിഷയത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതികരിക്കാൻ കഴിയുക ഇന്ത്യൻ നാഷണൽ കോൺഗ്രസിനാണ്. കോൺഗ്രസിനെ മാറ്റിനിർത്തി ഈ വിഷയത്തിൽ മുന്നോട്ടുപോകാൻ സാധിക്കില്ല. അവരെ മാറ്റിനിർത്തിയുള്ള സെമിനാറിൽ ലീഗ് പങ്കെടുക്കുക എന്നത് രാഷ്ട്രീയ സാഹചര്യത്തിന് അത് ദോഷമുണ്ടാക്കും എന്ന തിരിച്ചറിവിലാണ് ലീഗിന്‍റെ നേതൃസമിതി ഈ തീരുമാനമെടുത്തത് -സാദിഖലി തങ്ങൾ വ്യക്തമാക്കി.
ഓരോ സംഘടനകൾക്കും അവരുടെ സ്വാതന്ത്ര്യം അനുസരിച്ച് സെമിനാറിലും മറ്റും പങ്കെടുക്കാമെന്നും സമസ്ത പങ്കെടുക്കുന്നു ലീഗ് പങ്കെടുക്കുന്നില്ല എന്ന രീതിയിൽ ഇത് മാറ്റേണ്ട കാര്യമില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇവിടുത്തെ സെമിനാറുകൾ ഭിന്നിപ്പിക്കാനുള്ളവയായി മാറരുതെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം സെമിനാറിൽ പങ്കെടുക്കുമെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ ഇന്നലെ വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അടക്കമുള്ളവരുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും, ഏക സിവിൽ കോഡിനെ എതിർത്ത് ആര് നടത്തുന്ന ഏത് നല്ല പ്രവർത്തനങ്ങളോടും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ജൂലൈ 15ന് കോഴിക്കോട്ടാണ് ഏക സിവിൽ കോഡ് വിഷയത്തിൽ സി.പി.എം സെമിനാർ സംഘടിപ്പിക്കുന്നത്. യു.ഡി.എഫ് യോഗത്തിനുശേഷം തീരുമാനം പറയുമെന്നായിരുന്നു നേരത്തെ ലീഗ് നേതാക്കൾ പറഞ്ഞിരുന്നത്.
അതേസമയം, ഏക സിവിൽ കോഡ് നടപ്പാക്കുന്നതിലെ ആശങ്കകൾ അറിയിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, നിയമ മന്ത്രി, നിയമ കമീഷൻ എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്. ഏക സിവിൽ കോഡ് ഇന്ത്യയുടെ പ്രധാന സവിശേഷതയായ ബഹുസ്വരതയും വൈവിധ്യങ്ങളും ഇല്ലായ്മ ചെയ്യുന്നതിലേക്കും രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിലേക്കും വഴിവെക്കുമെന്നും കേന്ദ്രസർക്കാർ പുനരാലോചന നടത്തണമെന്നും കാന്തപുരം നിവേദനത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.



