‘പുതിയ തലമുറയാണ് ഭാവി, ലീഗ് പുതിയ കാലത്തിനൊപ്പം സഞ്ചരിക്കും’; യുവാക്കൾക്ക് നൽകിയ അവസരത്തിന്‍റെ നേട്ടമാണ് കൊയ്യുന്നതെന്ന് സാദിഖലി തങ്ങൾ
text_fieldsമലപ്പുറം: പുതുവത്സരത്തിൽ മുസ് ലിം ലീഗ് മുന്നോട്ടു വെക്കുന്ന രാഷ്ട്രീയത്തിന്‍റെ ദിശ വ്യക്തമാക്കി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് യുവാക്കൾക്കും പുതുമുഖങ്ങൾക്കും മികച്ച പരിഗണന നൽകുമെന്ന് സാദിഖലി തങ്ങൾ പറഞ്ഞു.
ലീഗ് പുതിയ കാലത്തിനൊപ്പം സഞ്ചരിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക് നൽകിയ മികച്ച അവസരങ്ങളുടെ നേട്ടം ലീഗിന് ഇത്തവണ കിട്ടിയെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.
പുതിയ തലമുറയാണ് ഭാവി. അവരാണ് കാര്യങ്ങൾ വിലയിരുത്തി കൊണ്ടിരിക്കുന്നത്. യുവാക്കൾക്ക് മുൻതൂക്കം കിട്ടുന്ന കാലമാണ് ലോകത്തുള്ളത്. ഇന്ത്യയിലും യുവാക്കളാണ് ഭൂരിപക്ഷം. അതെല്ലാം മുസ്ലിം ലീഗ് ഉൾക്കൊള്ളുന്നു.
പുതുമുഖങ്ങൾക്ക് ധാരാളം അവസരം പാർട്ടി നൽകി. അവരെല്ലാം നല്ല നിലയിൽ വിജയിച്ചു വന്നു. പുതുതലമുറക്ക് അവരുടേതായ കാഴ്ചപ്പാട് ഉണ്ട്. കഴിഞ്ഞ തവണ ലീഗ് മൂന്നു തവണ മത്സരിച്ചവരെ മാറ്റിനിർത്തി പുതിയവർക്ക് അവസരം നൽകി. അവസരം കൊടുത്ത പഞ്ചായത്തുകളിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിച്ചു.
ചെറുപ്പക്കാർ വന്നപ്പോൾ പരമ്പരാഗത ശൈലിയിൽ നിന്ന് മാറി പുതിയ കാലഘട്ടത്തിന് അനുസൃതമായ വികസനങ്ങളും പദ്ധതികളും ആവിഷ്കരിച്ച് അവർക്ക് പ്രവർത്തിക്കാൻ കഴിഞ്ഞു. അതിന്‍റെ നേട്ടമാണ് ലീഗ് കൊയ്യുന്നതെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.
തദ്ദേശ, നഗരസഭ, കോർപറേഷൻ തെരഞ്ഞെടുപ്പിൽ മുസ് ലിം ലീഗ് മത്സരപ്പിച്ച യുവ സ്ഥാനാർഥികൾ മികച്ച വിജയമാണ് നേടിയത്. മലപ്പുറം ജില്ലയിലെ ഭൂരിപക്ഷ തദ്ദേശ സ്ഥാപനങ്ങളിലും ലീഗിന് ഭരണത്തിലേറാൻ സാധിച്ചിരുന്നു. മികച്ച ഭൂരിപക്ഷത്തിലാണ് ലീഗിന്‍റെ യുവ സ്ഥാനാർഥികൾ വിജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

