എം.എം മണിക്കെതിരെ വംശീയാധിക്ഷേപം: പി.കെ ബഷീറിന് താക്കീത്, വ്യക്തിപരമായ അധിക്ഷേപം അനുവദിക്കില്ലെന്ന് സാദിഖലി തങ്ങൾ
text_fieldsമലപ്പുറം: സി.പി.എം നേതാവും മുൻ മന്ത്രിയുമായ എം.എം മണി എം.എല്‍.എക്കെതിരെ വംശീയാധിക്ഷേപം നടത്തിയ പി.കെ ബഷീര്‍ എം.എൽ.എക്ക് മുസ്‍ലിം ലീഗ് താക്കീത്. വംശീയാധിക്ഷേപം ലീഗിന്‍റെ രീതിയല്ലെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.
വ്യക്തിപരമായ അധിക്ഷേപങ്ങൾ ലീഗിന്‍റെ നയമല്ല. നേതാക്കൾ പരാമർശങ്ങൾ നടത്തുമ്പോൾ ജാഗ്രത പാലിക്കണം. ഈ വിഷയത്തിൽ നേതാക്കൾക്കും പ്രവർത്തകർക്കും നിർദേശം നൽകുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
മുസ്‍ലിം ലീഗ് വയനാട് ജില്ല പ്രവർത്തക സംഗമത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് എം.എം മണിയെ നിറത്തിന്‍റെ പേരിൽ പി.കെ ബഷീർ അധിക്ഷേപിച്ചത്. ഏറനാട് മണ്ഡലത്തിലെ എം.എല്‍.എയായ പി.കെ ബഷീറിന്‍റെ വംശീയാധിക്ഷേപത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയർന്നത്.
'കറുപ്പ് കണ്ടാൽ ഇയാൾക്ക് (പിണറായി) പേടി, പർദ കണ്ടാൽ ഇയാൾക്ക് പേടി, ഇനി എനിക്കുള്ള പേടിയെന്തെന്നാൽ, ഇവരുടെ സംസ്ഥാന കമ്മിറ്റിയിൽ എം.എം മണി ചെന്നാൽ എന്തായിരിക്കും സ്ഥിതിയെന്നാണ്... കാരണം അയാളുടെ കണ്ണും മോറും കറുപ്പല്ലേ...' എന്നിങ്ങനെയായിരുന്നു ബഷീറിന്‍റെ പരാമർശം.
പി.കെ. ബഷീറിന്‍റെ വിവാദ പരാമർശത്തിന് ജനങ്ങൾ മറുപടി നൽകുന്നുണ്ടെന്നും നേരിട്ടു കാണുമ്പോൾ പരാമർശത്തെ കുറിച്ച് ചോദിക്കുമെന്നും എം.എം. മണി പ്രതികരിച്ചിരുന്നു.
എം.എം മണിക്കെതിരായ പി.കെ ബഷീറിന്‍റെ വംശീയാധിക്ഷേപത്തിന് മറുപടിയുമായി മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തിയിരുന്നു. 'കറുപ്പോ വെളുപ്പോ അല്ല; ചുവപ്പാണ് മണിയാശാൻ...' എന്ന് ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.