വകുപ്പ് വിഭജനത്തിൽ ‘സ്റ്റാറ്റസ്കോ’ തുടരാൻ മുസ്ലിം ലീഗ്
text_fieldsതിരുവനന്തപുരം: പുതിയ സർക്കാറിൽ വകുപ്പുകളുടെ കാര്യത്തിൽ സ്റ്റാറ്റസ്കോ തുടരാൻ മുസ്ലിം ലീഗ് നേതൃതലത്തിൽ ധാരണ. 2011-16ലെ മന്ത്രിസഭയിൽ പാർട്ടി കൈകാര്യം ചെയ്ത വകുപ്പുകൾ തന്നെയായിരിക്കും ഉഭയകക്ഷി ചർച്ചയിൽ പാർട്ടി ആവശ്യപ്പെടുക. വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് ഏറ്റെടുക്കുമെന്ന അഭ്യൂഹം പാർട്ടി നേതൃത്വം തള്ളുകയാണ്.
നിലവിൽ പൊതുവിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും രണ്ട് മന്ത്രിമാർക്ക് കീഴിലായിരുന്നെങ്കിൽ യു.ഡി.എഫ് ഭരണകാലത്ത് ഇവ ഒന്നിച്ച് ഒരു മന്ത്രിയാണ് കൈകാര്യം ചെയ്തത്. വകുപ്പുകളുടെ കാര്യത്തിൽ മുൻ യു.ഡി.എഫ് സർക്കാർ കാലത്തെ തൽസ്ഥിതി തുടരാൻ തീരുമാനിച്ചാൽ രണ്ട് വകുപ്പുകളും ഒരു മന്ത്രിക്ക് കീഴിൽ വരും.
പരസ്പര ബന്ധിതമായി നിൽക്കുന്ന രണ്ട് വകുപ്പുകൾ ഒന്നാം പിണറായി സർക്കാറിന്റെ കാലത്തെ മന്ത്രിസഭ പുനഃസംഘടനയിലാണ് വിഭജിച്ചത്. തദ്ദേശ വകുപ്പിൽ നിന്ന് മാറ്റിയ കെ.ടി ജലീലിന് ഉന്നത വിദ്യാഭ്യാസ വകുപ്പും സി. രവീന്ദ്രനാഥിനെ പൊതുവിദ്യാഭ്യാസ വകുപ്പും ഏൽപിക്കുകയായിരുന്നു. ഇത് രണ്ടാം പിണറായി സർക്കാർ കാലത്തും തുടർന്നു. നിയമസഭയിൽ പൊതുവിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും ഒറ്റ സബ്ജക്ട് കമ്മിറ്റിക്ക് കീഴിലാണ് വരുന്നത്.
രണ്ട് മന്ത്രിമാർ വന്നതോടെ പൊതുവിദ്യാഭ്യാസ മന്ത്രിയെ സബ്ജക്ട് കമ്മിറ്റിയുടെ അധ്യക്ഷനും ഉന്നത വിദ്യാഭ്യാസ മന്ത്രിയെ എക്സ് ഒഫിഷ്യോ അംഗവുമായി ഉൾപ്പെടുത്തുകയായിരുന്നു. ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ബില്ലുകൾ, ചട്ടങ്ങൾ എന്നിവ പരിഗണിക്കുമ്പോഴും സബ്ജക്ട് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് പൊതുവിദ്യാഭ്യാസ മന്ത്രിയായിരുന്നു.
വ്യവസായം, ഐ.ടി, വിദ്യാഭ്യാസം, പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണം, ന്യൂനപക്ഷ ക്ഷേമം, സാമൂഹിക നീതി, ഹജ്ജ് -വഖഫ് വകുപ്പുകളാണ് കഴിഞ്ഞ യു.ഡി.എഫ് സർക്കാറിൽ ലീഗ് മന്ത്രിമാർ കൈകാര്യം ചെയ്തത്. തദ്ദേശ വകുപ്പ് പഞ്ചായത്ത് വകുപ്പായും നഗരവികസന വകുപ്പായും (കോർപ്പറേഷൻ -മുനിസിപ്പാലിറ്റി) രണ്ട് മന്ത്രിമാർക്ക് കീഴിലായിരുന്നു കഴിഞ്ഞ തവണ.
എന്നാൽ രണ്ടാം പിണറായി സർക്കാറിന്റെ കാലത്ത് പഞ്ചായത്ത്, നഗരവികസനം, ഗ്രാമവികസനം, ടൗൺ പ്ലാനിങ് വകുപ്പുകൾ സംയോജിപ്പിച്ച് ഏകീകൃത തദ്ദേശ വകുപ്പാക്കി മാറ്റിയതിനാൽ ഇവ പഴയ രീതിയിൽ രണ്ട് മന്ത്രിമാർക്ക് കീഴിലാക്കാൻ നിയമപരമായ തടസമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

