മുരളീധരൻ ഫൈറ്റർ, പിന്തുണയുമായി ലീഗ്
text_fieldsമലപ്പുറം: തൃശൂരിൽ പരാജയം രുചിച്ച കെ. മുരളീധരന് പൂർണ പിന്തുണയുമായി മുസ്‍ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. മുരളി യു.ഡി.എഫിന്റെ അസറ്റാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ‘മുരളി ഒരുഫൈറ്ററാണ്. ചില ഫൈറ്റ് ജയിക്കും. ചിലതിൽ പരാജയപ്പെടും. മുരളിക്ക് ഇനിയും ധാരാളം അവസരമുണ്ട്. അദ്ദേഹത്തിന് വിഷമം വരേണ്ടതില്ല. തൃശൂരിൽ അദ്ദേഹം പോയത് യു.ഡി.എഫിന് വേണ്ടി ത്യാഗം ചെയ്യാനാണ്. വടകരയിൽ ഇറക്കിയപ്പോൾ അദ്ദേഹം ഫൈറ്റ് ചെയ്ത് വിജയിച്ചിരുന്നു’ -കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തൃശൂരിലെ പരാജയം ആഴത്തിൽ പരിശോധിക്കണം. ചില മേഖലകളിൽ സി.പി.എം വോട്ടും യു.ഡി.എഫ് വോട്ടും ബി.ജെ.പിക്ക് കുറേ പോകുന്നത് മുന്നണികൾ പരിശോധിക്കണം. രാഷ്ട്രീയ എതിരാളികളും സമസ്തയിലെ ചെറിയ ഒരു ന്യൂനപക്ഷവും മാത്രമേ മുസ്‍ലിം ലീഗിനെതിരെ പ്രചാരണം നടത്തിയിട്ടുള്ളൂ. ഇതല്ലാതെ സമസ്തക്കോ അതിലെ പണ്ഡിതന്മാർക്കോ ഈ കാര്യത്തിൽ പങ്കില്ല. ഇലക്ഷൻ സമയത്ത് വാട്സാപ്പിലൂടെ ചില കുബുദ്ധികൾ വാർത്തയുണ്ടാക്കാൻ ശ്രമിച്ചു എന്നേ ഉള്ളൂ -അദ്ദേഹം പറഞ്ഞു.

