മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ ഇന്ന്; ജന. സെക്രട്ടറി സ്ഥാനത്ത് പി.എം.എ. സലാം തുടർന്നേക്കും
text_fieldsഅഡ്വ. പി.എം.എ. സലാം, ഡോ. എം.കെ. മുനീർ
കോഴിക്കോട്: കേസുകൾക്കും കോടതി നടപടികൾക്കുമിടെ മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ യോഗം ശനിയാഴ്ച. മൂന്ന് ജില്ല കൗൺസിൽ അംഗങ്ങൾ നൽകിയ കേസിൽ, ജില്ല കൗൺസിലുകൾ ചേരാതെ സംസ്ഥാന കൗൺസിൽ ചേരരുതെന്ന് കോടതി ഉത്തരവിട്ടെങ്കിലും മുഴുവൻ ജില്ല കൗൺസിലുകളും ചേർന്നതായ രേഖകളുടെ പിൻബലത്തിലാണ് സംസ്ഥാന കൗൺസിൽ യോഗം ചേരുക. ഇതുസംബന്ധിച്ച മിനിട്ട്സ് അടക്കം കൈവശമുള്ളതിനാൽ യോഗം ചേരുന്നതിൽ തടസ്സമില്ലെന്ന നിയമോപദേശം നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ രാവിലെ 11ന് നിലവിലെ കൗൺസിൽ യോഗം പാർട്ടി ആസ്ഥാനത്ത് നടക്കും. തുടർന്ന് വൈകുന്നേരം മൂന്നിന് പുതിയ കൗൺസിൽ യോഗം ചേർന്ന് ഭാരവാഹികളെ തെരഞ്ഞെടുക്കും. സംസ്ഥാന അധ്യക്ഷന്റെ കാര്യത്തിൽ സംശയമില്ലെങ്കിലും ജന. സെക്രട്ടറി ആരാകുമെന്ന കാര്യത്തിൽ ആഴ്ചകൾക്കു മുമ്പെ ലീഗിനകത്ത് ചർച്ച ആരംഭിച്ചിരുന്നു. പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ. സലാം, എം.കെ. മുനീർ എന്നിവരെയാണ് ജന. സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നുകേട്ടിരുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടി വീണ്ടും സംസ്ഥാന ജന. സെക്രട്ടറി സ്ഥാനം ഏറ്റെടുക്കില്ലെന്ന് ‘മാധ്യമം’ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട് പേരുകൾ നിലവിൽ ജന. സെക്രട്ടറി ചുമതല വഹിക്കുന്ന അഡ്വ. പി.എം.എ. സലാമിലേക്കും ഡോ. എം.കെ. മുനീറിലേക്കുമായി. വിഷയത്തിൽ നേതാക്കൾക്കിടയിൽ രണ്ടഭിപ്രായം ഉയർന്നതിന്റെ അടിസ്ഥാനത്തിൽകൂടിയാണ് വെള്ളിയാഴ്ച ജില്ല ഭാരവാഹികളെ സാദിഖലി തങ്ങൾ പാണക്കാട്ടേക്ക് വിളിപ്പിച്ച് അഭിപ്രായം ആരാഞ്ഞത്.
ഭൂരിഭാഗം ജില്ല ഭാരവാഹികളും സാദിഖലി തങ്ങളുടെ താൽപര്യമാണ് വലുതെന്നും അത് അംഗീകരിക്കുമെന്നുമാണ് അഭിപ്രായപ്പെട്ടത്. ഇതോടെ പി.എം.എ. സലാമിന്റെ സാധ്യത വർധിച്ചു. ഇക്കാര്യത്തിൽ തങ്ങളുടെ ഇംഗിതവും പി.കെ. കുഞ്ഞാലിക്കുട്ടിയുടെ താൽപര്യവും ഒന്നാണെന്നതും സലാമിന് അനുകൂല ഘടകമാണ്. ജന. സെക്രട്ടറി, ട്രഷറർ സ്ഥാനങ്ങൾക്ക് പുറമെ, എട്ട് വൈസ് പ്രസിഡന്റുമാരും എട്ട് സെക്രട്ടറിമാരും അടങ്ങുന്ന 19 അംഗ കമ്മിറ്റിയാണ് രൂപവത്കരിക്കുക. 21 അംഗ സെക്രട്ടേറിയറ്റും 75 അംഗ പ്രവർത്തക സമിതിയുമുണ്ടാകും.
അന്തരിച്ച എം.ഐ. തങ്ങൾക്ക് പകരം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും, അനാരോഗ്യം കാരണം വിട്ടുനിൽക്കാൻ താൽപര്യപ്പെടുന്ന പക്ഷം പി.കെ.കെ. ബാവ, ടി.പി.എം. സാഹിർ, സി.എ.എം.എ. കരീം എന്നിവർക്കു പകരം പുതുമുഖങ്ങൾ കടന്നുവരും. ഭാരവാഹിത്വത്തിൽനിന്ന് മാറ്റപ്പെടുന്ന മറ്റു മുതിർന്ന നേതാക്കൾക്ക് 21 അംഗ സെക്രട്ടേറിയറ്റിൽ ഇടം നൽകും. പാർട്ടിയുടെ ഏറ്റവും ഉയർന്ന ബോഡി ഇനി സെക്രട്ടേറിയറ്റായിരിക്കും. ഉന്നതാധികാര സമിതി ഔദ്യോഗികമായി ഉണ്ടാകില്ലെങ്കിലും സുപ്രധാന കാര്യങ്ങൾ സംബന്ധിച്ച് കൂടിയാലോചനകൾ നടത്തുന്നതിന് അത്തരമൊരു ബോഡി രൂപപ്പെടുത്താൻ സംസ്ഥാന അധ്യക്ഷന് അധികാരമുണ്ടാകും.
മത്സരമുണ്ടാകില്ലെന്ന് സാദിഖലി തങ്ങൾ
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയെ സമവായത്തിലൂടെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ജില്ല ഭാരവാഹികളിൽ നിന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായം തേടി. വെള്ളിയാഴ്ച മുസ്ലിം ലീഗ് ജില്ല ആസ്ഥാനത്ത് വെച്ച് ജില്ല പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർ തുടങ്ങിയവരിൽ നിന്നാണ് അഭിപ്രായം തേടിയത്. പുതിയ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പിൽ മത്സരമുണ്ടാകില്ലെന്നും മത്സരം മുസ്ലിം ലീഗ് കീഴ് വഴക്കമല്ലെന്നും സാദിഖലി ശിഹാബ് തങ്ങൾ മലപ്പുറത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സംസ്ഥാന കൗൺസിൽ യോഗം തടയണമെന്നാവശ്യപ്പെട്ട് കോഴിക്കോട് മുൻസിഫ് കോടതിയിൽ നൽകിയ ഹരജി യോഗത്തെ ബാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.