സമരം അക്രമാസക്തമാക്കിയത് എസ്.പിയുടെ പ്രകോപന ഇടപെടല്‍ –ലീഗ്
text_fieldsകോഴിക്കോട്: താമരശ്ശേരി ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്‌കരണ കേന്ദ്രത്തിനു മുന്നില്‍ ഇരകള്‍ നടത്തിയ സമരം അക്രമാസക്തമാക്കിയത് കോഴിക്കോട് റൂറല്‍ എസ്.പി കെ.ഇ. ബൈജുവാണെന്ന് മുസ്‍ലിം ലീഗ്. ആറു വര്‍ഷത്തോളമായി സമാധാനപരമായും നിയമപരമായുമാണ് സമരക്കാര്‍ പ്രതിഷേധിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാലു വരെയും ഇവരുടെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായിട്ടില്ല.
എന്നാല്‍, സമരക്കാര്‍ക്കിടയിലേക്ക് ഫ്രഷ്‌കട്ട് കമ്പനിയുടെ വാഹനം കടത്തിവിടാന്‍ പൊലീസ് ശ്രമിച്ചതോടെയാണ് കാര്യങ്ങള്‍ വഷളായതെന്നും റൂറല്‍ എസ്.പിയെ സർവിസില്‍നിന്ന് മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്നും ജില്ല പ്രസിഡന്റ് എം.എ. റസാഖ് മാസ്റ്ററും ജനറല്‍ സെക്രട്ടറി ടി.ടി. ഇസ്മയിലും ആവശ്യപ്പെട്ടു.
കലക്ടർ ഇടപെടണം -എം.കെ. രാഘവൻ എം.പി
കോഴിക്കോട്: താമരശ്ശേരി ‘ഫ്രഷ് കട്ട്’ മാലിന്യ സംസ്കരണ കേന്ദ്രം പ്രദേശവാസികളുടെ ജീവിതത്തെ ബാധിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെന്നും സംസ്കരണ കേന്ദ്രത്തിൽനിന്നുള്ള അസഹ്യമായ ദുർഗന്ധം കാരണം പ്രദേശത്തെ ആയിരക്കണക്കിന് കുടുംബങ്ങളുടെ ശുദ്ധവായുപോലും നിഷേധിക്കപ്പെടുന്ന അവസ്ഥ അംഗീകരിക്കാൻ സാധിക്കില്ലെന്നും എം. കെ. രാഘവൻ എം.പി പ്രസ്താവനയിൽ പറഞ്ഞു.
പ്രശ്നത്തിൽ പരിഹാരമുണ്ടാക്കാൻ ജില്ല ഭരണകൂടം ആത്മാർഥമായി ശ്രമിക്കണം. കഴിഞ്ഞ ദിവസം നടന്ന സംഭവവികാസങ്ങൾ അപലപനീയമാണ്. പ്രദേശവാസികളെ അതിലേക്ക് നയിച്ച കാരണങ്ങൾ കൂടി കണക്കിലെടുക്കണം. പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടിയെ എം.പി ശക്തമായി അപലപിച്ചു.
കലാപമുണ്ടാക്കിയത് എസ്.ഡി.പി.ഐയെന്ന് സി.പി.എം
കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറ പഞ്ചായത്തിലെ ഇറച്ചിപ്പാറയിൽ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ സമരത്തിൽ മുൻകൂട്ടി തീരുമാനിച്ച പ്രകാരം എസ്.ഡി.പി.ഐ അക്രമികൾ നുഴഞ്ഞുകയറുകയും കലാപം അഴിച്ചുവിടുകയുമായിരുന്നുവെന്ന് സി.പി.എം.
നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും സ്വത്തുവഹകൾ നശിപ്പിക്കുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്തത് എസ്.ഡി.പി.ഐ ക്രിമിനലുകളാണെന്നും പാർട്ടി ആരോപിച്ചു. അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിലെ ദുർഗന്ധംകൊണ്ട് പൊറുതിമുട്ടിയ സമീപവാസികളായ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതുണ്ട് എന്നതിൽ തർക്കമില്ല.
എന്നാൽ, നിരപരാധികളായ ജനങ്ങളെ മുൻനിർത്തി കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഗൂഢ ശക്തികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും അക്രമങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും സി.പി.എം ജില്ല സെക്രട്ടേറിയറ്റ് വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

