വർഗീയ വിഭജനത്തിനെതിരായ വിധിയെഴുത്തെന്ന് മുസ്ലിം ലീഗ്; എൽ.ഡി.എഫിന്റെ വ്യാമോഹത്തിന് മതേതര കേരളം മറുപടി നൽകി
text_fieldsകോഴിക്കോട്: എൽ.ഡി.എഫ് സർക്കാറിന്‍റെ ദുർഭരണത്തിനും വർഗീയ വിഭജനത്തിനുമെതിരായ വിധിയെഴുത്താണ് തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായതെന്ന് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി യോഗം. ശബരിമല അയ്യപ്പന്റെ ശ്രീകോവിലിൽനിന്ന് പോലും സ്വർണം മോഷ്ടിച്ച ഭരണവർഗത്തിന്‍റെ കെടുകാര്യസ്ഥതക്ക് ജനം തിരിച്ചടി നൽകി. വർഗീയതയെ താലോലിച്ച്, വിദ്വേഷ പ്രസംഗകരെ തോളിലേറ്റി തെരഞ്ഞെടുപ്പിൽ ജയിക്കാമെന്ന എൽ.ഡി.എഫിന്റെ വ്യാമോഹത്തിന് മതേതര കേരളം മറുപടി നൽകിയതായും യോഗ തീരുമാനങ്ങൾ വിശദീകരിച്ച ലീഗ് ജന. സെക്രട്ടറി അഡ്വ. പി.എം.എ. സലാം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വർഗീയശക്തികളെ തരാതരം ഉപയോഗിക്കുന്ന സി.പി.എമ്മിന്‍റെ ശൈലി ഗുണം ചെയ്തത് ബി.ജെ.പിക്കാണെന്ന് ഫലം തെളിയിക്കുന്നു. അധികാരം നിലനിർത്തുന്നതിനുവേണ്ടി ഒളിഞ്ഞും തെളിഞ്ഞും വർഗീയ ശക്തികളുമായി സമരസപ്പെടുന്ന സി.പി.എം നിലപാട് കേരളത്തിലെ മതനിരപേക്ഷ സമൂഹം തള്ളിയിരിക്കുകയാണ്. നുണപ്രചാരണങ്ങൾ നടത്തി മലപ്പുറത്ത് ലീഗിനെ ഇല്ലാതാക്കാൻ വന്നവരുടെ പൊടിപോലും ഇല്ലാതായി. ഇരട്ടിയിലധികം സീറ്റുകൾ നേടി തെക്കൻ ജില്ലകളിലും മുസ്‍ലിം ലീഗ് കരുത്ത് കാട്ടി.
തെരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കാതെ സംസ്ഥാന വ്യാപകമായി സി.പി.എം അഴിച്ചുവിടുന്ന അക്രമവും ഗുണ്ടായിസവും ആ പാർട്ടിയുടെ അന്ത്യം കുറിക്കുമെന്ന് യോഗം അംഗീകരിച്ച പ്രമേയം വ്യക്തമാക്കി. രാവും പകലും യു.ഡി.എഫിനുവേണ്ടി പ്രവർത്തിച്ച ഓരോരുത്തരെയും സംരക്ഷിക്കാൻ മുസ്‍ലിം ലീഗ് രംഗത്തുണ്ടാകുമെന്നും യോഗം അംഗീകരിച്ച പ്രമേയം മുന്നറിയിപ്പ് നൽകി. സാദിഖലി തങ്ങൾ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

