'മലപ്പുറം വിഭജിച്ച് തിരൂർ ജില്ല'; കുറുക്കോളി മൊയ്തീന്റെ ആവശ്യത്തോട് പ്രതികരിച്ച് മുസ്‌ലിം ലീഗ് നേതൃത്വം
text_fieldsമലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന മുസ്‌ലിം ലീഗ് എം.എൽ.എ കുറുക്കോളി മൊയ്തീന്റെ ആവശ്യത്തോടെ പ്രതികരിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വം. മലപ്പുറം ജില്ല വിഭജനമെന്ന ആവശ്യം മുസ്‌ലിം ലീഗ് ചർച്ച ചെയ്യുകയോ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ലെന്നും വ്യക്തിപരമായ അഭിപ്രായമാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.
ജനസംഖ്യാനുപാതികമായി വികസനം സാധ്യമാകണമെങ്കിൽ ജില്ല വിഭജനം അനിവാര്യമാണെന്ന് തിരൂർ എം.എൽ.എയായ കുറുക്കോളി മൊയ്തീൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മലപ്പുറത്ത് ചേര്‍ന്ന ജില്ലാ റവന്യൂ അസംബ്ലിയിലാണ് ജില്ല വിഭജന ആവശ്യം ഉന്നയിച്ചത്.
താനൂര്‍, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകള്‍ ഉള്‍പ്പെടുത്തി തിരൂർ ജില്ല രൂപീകരിക്കണമെന്നും ഇക്കാര്യം സർക്കാറിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരമൊരു ആവശ്യം പരിഗണിക്കേണ്ടതില്ലെന്നാണ് ലീഗ് തീരുമാനം. എം.എൽ.എയുടെ വ്യക്തിപരമായി ആവശ്യം മാത്രാണെന്നാണ് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
നേരത്തെ, തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ പി.വി അൻവർ ഈ ആവശ്യം ഉന്നയിച്ചിരുന്നു. മലബാറിൻ്റെ വികസനം സാധ്യമാകണമെങ്കിൽ തിരൂർ,വടകര,ഷൊർണൂർ ആസ്ഥാനമാക്കി മൂന്ന് പുതിയ ജില്ലകൾ രൂപവത്കരിക്കമെന്നും കോഴിക്കോട് മിനി സെക്രട്ടേറിയറ്റ് സ്ഥാപിക്കണമെന്നും അൻവർ ആവശ്യപ്പെട്ടിരുന്നു. ആറു മുതൽ എട്ടുവരെ അസംബ്ലി മണ്ഡലങ്ങൾ ഉൾപ്പെടുന്ന രീതിയിൽ മലപ്പുറം,കോഴിക്കോട്,കണ്ണൂർ,പാലക്കാട് ജില്ലകൾ പുന:ക്രമീകരിക്കണം. മലയോര, തീരദേശ മേഖലകൾക്ക് ഒരുപോലെ പ്രാതിനിധ്യം കൊടുത്തുകൊണ്ട് ജനസംഖ്യാനുപാതികമായി വേണം ജില്ല പുനസംഘടനയെന്നും അൻവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

