മുസ്ലിം ലീഗ് ഐക്യത്തിന്റെയും നന്മയുടെയും പാര്‍ട്ടി -കെ.എം. ഷാജി
text_fieldsപൂക്കോട്ടൂര്‍: ഐക്യത്തിന്റെയും നന്മയുടെയും പാര്‍ട്ടിയാണ് മുസ്ലിം ലീഗെന്ന് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. പൂക്കോട്ടൂര്‍ മുണ്ടിത്തൊടികയില്‍ ലീഗ് ഓഫിസ് ഉദ്ഘാടന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങളുടെയും എല്ലാ വിഭാഗങ്ങളുടെയും ക്ഷേമവും നാടിന്റെ വികസനവുമാണ് പാര്‍ട്ടിയുടെ ലക്ഷ്യം. പാര്‍ട്ടിയില്‍ ആരും കുറഞ്ഞവരും കൂടിയവരുമല്ലെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗിനകത്ത് ഭിന്നിപ്പുണ്ടാക്കാമെന്നത് വ്യാമോഹം മാത്രമാണെന്ന് പരിപാടിയില്‍ മുഖ്യാതിഥിയായെത്തിയ പാർട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രവര്‍ത്തകരും നേതാക്കളും ഐക്യത്തോടെ പോകുന്ന മാതൃക രാഷ്ട്രീയമാണ് മുസ്ലിം ലീഗ് മുന്നോട്ടുവെക്കുന്നത്. പാര്‍ട്ടിയിലെ ഒരുമ തകര്‍ക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും ഇതിനായി നടക്കുന്ന നീക്കങ്ങള്‍ വിലപ്പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി ഓഫിസായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക മന്ദിരവും പാണക്കാട് ഹൈദരലി സ്മാരക ഹാളും ലൈബ്രറിയും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കമ്മിറ്റി പ്രസിഡന്റ് എം. മൂസ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ പി. ഉബൈദുല്ല, ടി.വി. ഇബ്രാഹിം, ജില്ല പഞ്ചായത്ത് അംഗം അഡ്വ. പി.വി. മനാഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍, പി.പി. നിസാം, മുസ്തഫ (വല്യാപ്പു) തുടങ്ങിയവര്‍ സംസാരിച്ചു.