മുസ്ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം: ഇതുവരെ ലഭിച്ചത് 26.77 കോടി രൂപ
text_fieldsമലപ്പുറം: ഡൽഹിയിലെ മുസ്ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരത്തിന്റെ നിർമാണത്തിലേക്ക് നടന്ന ഫണ്ട് സമാഹരണത്തിന് മികച്ച പ്രതികരണമെന്ന് പാർട്ടി. 26.77 കോടി രൂപയാണ് ജൂലൈ 31ന് അർധരാത്രിവരെ ലഭിച്ചത്. 25 കോടിയായിരുന്നു ലക്ഷ്യമെന്നും അതിനെ മറികടക്കാനായെന്നും നേതൃത്വം അറിയിച്ചു. സംസ്ഥാന കമ്മിറ്റി സ്വരൂപിച്ച ഫണ്ട് പ്രവർത്തനം വലിയ വിജയമാക്കാൻ സാധിച്ചതായും ഇതിനുപിന്നിൽ പാർട്ടിപ്രവർത്തകരുടെ ത്യാഗസന്നദ്ധതയാണെന്നും ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു.
ജൂലൈ 31ന് അർധരാത്രി കാമ്പയിൻ അവസാനിപ്പിച്ചപ്പോൾ സാങ്കേതികവും മറ്റും കാരണങ്ങളാൽ ചില വ്യക്തികൾക്കും ശാഖകൾക്കും സമാഹരിച്ച ഫണ്ട് അപ് ലോഡ് ചെയ്യാനും നേരേത്ത വാഗ്ദാനം ചെയ്ത സംഭാവനകൾ സമാഹരിക്കാനും പൂർണമായി സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുമടക്കം നേതാക്കൾ കൂടിയാലോചന നടത്തി ഫണ്ട് സമാഹരിച്ച ഘടകങ്ങൾക്ക് അവ അപ് ലോഡ് ചെയ്യാൻ ഈ മാസം മൂന്നിന് രാവിലെ 10 മുതൽ 12ന് രാത്രി 10 വരെ ആപ് തുറക്കാൻ തീരുമാനിച്ചു. അതേസമയം, നേരേത്ത പ്രഖ്യാപിച്ച സമ്മാനങ്ങൾ തീരുമാനിക്കുന്നത് പൂർണമായും ജൂലൈ 31 അർധരാത്രിയിലെ കണക്കുകൾ അനുസരിച്ചായിരിക്കുമെന്നും പി.എം.എ. സലാം പറഞ്ഞു.
ഫണ്ട് സമാഹരണ പ്രവർത്തനത്തിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, പി.എ.എം. സലാം, ദേശീയ, സംസ്ഥാന ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

