മുസ്ലിം ലീഗിൽ പകുതിയിലേറെയും സ്ത്രീകൾ; 2.3 ലക്ഷം പുതിയ അംഗങ്ങൾ
text_fieldsമലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാനതലത്തിൽ നടത്തിയ അംഗത്വ കാമ്പയിനിലൂടെ 24,33,295 പേർ അംഗങ്ങളായതായി സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ, അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം എന്നിവർ മലപ്പുറത്ത് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ തവണയേക്കാൾ 2,33,295 പേർ വർധിച്ചു. അംഗങ്ങളിൽ 51 ശതമാനം സ്ത്രീകളാണ്. 61 ശതമാനം പേരും 35 വയസ്സിന് താഴെയുള്ളവരാണ്. വീടുകളിൽ നേരിട്ടെത്തി കാമ്പയിൻ പ്രവർത്തനം നടത്തിയതിനാലാണ് സ്ത്രീകളുടെ എണ്ണം വർധിച്ചത്. ഏറ്റവും കൂടുതൽ വർധന മലപ്പുറത്ത്, ഒരു ലക്ഷത്തിലേറെ പേർ. കഴിഞ്ഞ തവണ ഇവിടെ 6.1 ലക്ഷം ഉണ്ടായിരുന്നത് ഇത്തവണ ഏഴ് ലക്ഷത്തിന് മുകളിലെത്തി. കാസർകോട്ട് അര ലക്ഷത്തോളം പേരും കോഴിക്കോട്ട് 20,000ത്തോളം പേരും വർധിച്ചു. അതേസമയം, കണ്ണൂരിൽ അയ്യായിരം അംഗങ്ങൾ കുറഞ്ഞിട്ടുണ്ട്. ആപ് വഴി അംഗത്വം ചേർക്കുന്നതിലുള്ള സാങ്കേതിക പ്രശ്നങ്ങളും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിലുള്ള വിഷയങ്ങളുമാണ് കാരണം.
മാർച്ച് 10ന് ദേശീയ കൗൺസിൽ നിലവിൽവന്ന ശേഷം അംഗത്വ വിതരണം പുനരാരംഭിക്കുന്നതോടെ കണ്ണൂരിലടക്കം ബാക്കിയുള്ളവർക്കും നൽകാനാകും. ഇതോടെ അംഗങ്ങളുടെ എണ്ണം 25 ലക്ഷം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഴായിരത്തോളം വാർഡ് കമ്മിറ്റികളിൽ ആറായിരത്തോളവും നിലവിൽ വന്നുകഴിഞ്ഞു. കോർപറേഷൻ, നഗരസഭ, ത്രതല പഞ്ചായത്ത് എന്നിവയിലെ അധ്യക്ഷൻ, ഉപാധ്യക്ഷൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എന്നിവർക്ക് പാർട്ടി ഭാരവാഹികളാകാൻ കഴിയില്ല. അതേസമയം, എം.പി, എം.എൽ.എ സ്ഥാനം വഹിക്കുന്നവരുടെ പാർട്ടി ഭാരവഹിത്വം സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പിന് മുമ്പ് തീരുമാനമെടുക്കും. ഡിസംബർ ഒന്നിന് തുടങ്ങിയ വാർഡ് കമ്മിറ്റി രൂപവത്കരണം 31ഓടെ പൂർത്തീകരിച്ചു.
നിലവിൽ പഞ്ചായത്ത്, മുനിസിപ്പൽ, മേഖല കമ്മിറ്റി രൂപവത്കരണം നടക്കുന്നു. ഈ മാസം 15നുശേഷം മണ്ഡലം കമ്മിറ്റി രൂപവത്കരണം നടക്കും. ശേഷം ജില്ല കമ്മിറ്റികളും മാർച്ച് ആദ്യവാരം പുതിയ സംസ്ഥാന കമ്മിറ്റിയും നിലവിൽ വരും. 2022 നവംബർ ഒന്നു മുതൽ 30 വരെയായിരുന്നു കാമ്പയിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

