'ദിവസവും കൈയും കാലും വെട്ടാനിറങ്ങുന്ന സ്ഥിതിക്ക് സി.പി.എമ്മിന്റെ ദൈനംദിന പ്രവർത്തനം വല്ല അറവുശാലക്കാരെയും ഏൽപ്പിച്ചു കൂടെ'; പി.കെ.അബ്ദുറബ്ബ്
text_fieldsമലപ്പുറം: ദിവസവും ഇങ്ങനെ കൈയും കാലും വെട്ടാനിറങ്ങുന്ന സ്ഥിതിക്ക് സി.പി.എമ്മിന്റെ ദൈനംദിന പ്രവർത്തനം വല്ല അറവുശാലക്കാരെയും ഏൽപ്പിച്ചു കൂടെയെന്ന് മുസ്‌ലിംലീഗ് നേതാവ് പി.കെ.അബ്ദുറബ്ബ്. മണ്ണാർക്കാട് പി.കെ ശശിക്കെതിരെ സി.പി.എം നടത്തിയ കൊലവിളി മുദ്രാവാക്യത്തിന്റെയും മീഡിയവൺ മാനേജിങ് എഡിറ്റർ ദാവൂദിനെതിരെ വണ്ടൂരിൽ നടന്ന പ്രകടനത്തിന്റെയും പശ്ചാത്തലത്തിലാണ് പി.കെ.അബ്ദുറബ്ബിന്റെ വിമർശനം.
പാർട്ടിക്കെതിരെ പറഞ്ഞാൽ പിന്നെ ചുരുങ്ങിയ ശിക്ഷ കൈയും കാലും വെട്ടലും കൂടിയ ശിക്ഷ 51 വെട്ടലുമാണെന്നും എന്തായാലും വെട്ടലിൽ കുറഞ്ഞൊരു ശിക്ഷയും ഈ പാർട്ടിയിലില്ലെന്നും അബ്ദുറബ്ബ് പരിഹസിച്ചു.
കൊലവിളി മുദ്രാവക്യം വിളിക്കാനാണ് സഖാക്കൾ തെരുവിലിറങ്ങുന്നതെന്നും പഴയ വിപ്ലവ ഗാനങ്ങളും മുദ്രാവാക്യങ്ങളുമൊക്കെ പാർട്ടി പാടേ മറന്നുവെന്നും അബ്ദുറബ്ബ് കുറ്റപ്പെടുത്തി. മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണത്തിൽ പ്രതിഷേധിച്ച് ഞായറാഴ്ച മണ്ണാർക്കാട് നഗരത്തിൽ സി.പി.എം നടത്തിയ പ്രകടനത്തിലാണ് സി.പി.എം നേതാവും കെ.ടി.ഡി.സി ചെയർമാനുമായ പി.കെ.ശശിക്കെതിരെ കൊലവിളി ഉയർന്നത്.
'ബിലാലുമാരുടെ ചെരിപ്പ് നക്കികൾ ഞങ്ങടെ നേരെ പോരിന് വന്നാൽ തച്ചു തകർക്കും സൂക്ഷിച്ചോ...ഞങ്ങൾക്കുണ്ടൊരു പരിപാടി. അരിവാൾ കൊണ്ടൊരു പരിപാടി. കൈയും വെട്ടും കാലും വെട്ടും വേണ്ടി വന്നാൽ തലയും വെട്ടും. ബിലാൽ എന്നൊരു വേട്ടപട്ടി വല്ലാതങ്ങ് കുരച്ചാൽ കുന്തിപ്പുഴയുടെ തീരത്ത് ഐ.ആർ.എട്ടിന് വളമാക്കും. സി.പി.എമ്മാ പറയുന്നെ'- മണ്ണാർക്കാട് നഗരത്തിൽ ഏരിയ സെക്രട്ടറി എൻ.കെ നാരയണൻ കുട്ടി ഉൾപ്പെടെ പങ്കെടുത്ത പ്രകടനത്തിൽ ഉയർന്ന മുദ്രാവാക്യമാണിത്.
കഴിഞ്ഞ ദിവസം, മണ്ണാർക്കാട് നഗരസഭയിലെ അഴിമതിക്കെതിരെ പാർട്ടി സ്വീകരിച്ച നിലപാടിനെതിരെ ശശി വിമർശനം ഉന്നയിച്ചിരുന്നു. മണ്ണാർക്കാട് നഗരസഭയുടെ ആയുർവേദ ഡിസ്‌പെൻസറി ഉദ്ഘാടനത്തിന് മുഖ്യാതിഥിയായി പങ്കെടുത്തായിരുന്നു വിമർശനം.
'കൊച്ചി പഴയ കൊച്ചിയല്ല, എന്നാല്‍ ബിലാല് പഴയ ബിലാല്‍ തന്നെയെന്ന് ' പി.കെ ശശി പറഞ്ഞു. അഴിമതിയെ ആരും പിന്തുണക്കാറില്ല. അഴിമതിയെ തുറന്ന് കാണിക്കുകതന്നെ വേണം. അതേസമയം അഴിമതി ആരോപിക്കുന്നവര്‍ പരിശുദ്ധരായിരിക്കണം. അത് തെളിയിക്കാന്‍ കഴിയണം. മാലിന്യകൂമ്പാരത്തില്‍ കിടക്കുന്നവന്‍ മറ്റൊരാളുടെ വസ്ത്രത്തിലെ കറുത്തപുള്ളിയെ ചൂണ്ടിക്കാണിക്കുന്നത് മ്ലേച്ഛകരമാണ്. എല്ലാം സോഷ്യല്‍ ഓഡിറ്റ് ചെയ്യപ്പെടണം. ഒറ്റകാര്യമേ പറയാനുള്ളൂവെന്ന് ചൂണ്ടിക്കാട്ടിയാണ് മമ്മൂട്ടി ചിത്രമായ ബിഗ്ബിയിലെ പ്രശസ്തമായ ഡയലോഗ് വേദിയില്‍ പറഞ്ഞത്. നിയമസഭ പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിലായിരുന്നു ശശിയുടെ പ്രസംഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

