`ജീവനൊടുക്കിയത് ഒരു സഖാവാണ്. ജീവിതം പാർട്ടിക്ക് വേണ്ടി സമർപ്പിച്ച ഒരാൾ...' കെ.പി.എ മജീദ്
text_fieldsഇടതുപക്ഷ സംസ്‌കാരിക പ്രവര്‍ത്തകന്‍ റസാഖ് പയമ്പ്രോട്ട് ജീവനൊടുക്കിയതില്‍ പഞ്ചായത്തിനും ഭരണസമിതിക്കുമെതിരെ ആരോപണമുയർന്നിരിക്കയാണ്. പുളിക്കല്‍ പഞ്ചായത്ത് ഓഫീസിന്റെ വരാന്തയിലാണ് റസാഖിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ മുസ്‍ലീം ലീഗ് നേതാവ് കെ.പി.എ മജീദ് തന്റെ പ്രതികരണം ഫേസ് ബുക്ക് പേജിൽ കുറിച്ചിരിക്കുകയാണ്. ജീവനൊടുക്കിയത് ഒരു സഖാവാണ്. ജീവിതം പാർട്ടിക്ക് വേണ്ടി സമർപ്പിച്ച ഒരാൾ. പാർട്ടിക്ക് വേണ്ടി പഞ്ചായത്തിലേക്ക് മത്സരിച്ച ഒരാൾ. സമ്പാദ്യങ്ങളെല്ലാം സി.പി.എമ്മിന് എഴുതിക്കൊടുത്ത ഒരാൾ. സഖാക്കളാരും സംഭവം അറിഞ്ഞ മട്ടില്ല. അനുശോചന യോഗമോ അനുശോചന കാവ്യങ്ങളോ ഇല്ലെന്ന് മജീദ് എഴുതുന്നു.
കുറിപ്പ് പൂർണ രൂപത്തിൽ
ജീവനൊടുക്കിയത് ഒരു സഖാവാണ്. ജീവിതം പാർട്ടിക്ക് വേണ്ടി സമർപ്പിച്ച ഒരാൾ. പാർട്ടിക്ക് വേണ്ടി പഞ്ചായത്തിലേക്ക് മത്സരിച്ച ഒരാൾ. സമ്പാദ്യങ്ങളെല്ലാം സി.പി.എമ്മിന് എഴുതിക്കൊടുത്ത ഒരാൾ. സഖാക്കളാരും സംഭവം അറിഞ്ഞ മട്ടില്ല. അനുശോചന യോഗമോ അനുശോചന കാവ്യങ്ങളോ ഇല്ല. കാരണം വ്യക്തമാണ്. സി.പി.എം ഭരിക്കുന്ന പഞ്ചായത്ത് ഓഫീസിലാണ് സഖാവ് റസാഖ് തൂങ്ങി മരിച്ചത്.
പുളിക്കൽ പഞ്ചായത്തിലെ സി.പി.എം ഭരണസമിതിയുടെ അനുമതിയോടെ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽനിന്ന് ഒഴുകുന്ന വിഷമാലിന്യമാണ് സഹോദരന്റെ മരണത്തിന് കാരണമെന്ന് ആരോപിച്ച് ഈ മനുഷ്യൻ പലതവണ ബന്ധപ്പെട്ടവരെ കണ്ടതാണ്. പരാതികൾ നൽകിയതാണ്. എന്നാൽ അതെല്ലാം പാർട്ടിക്കാർ പുച്ഛിച്ചു തള്ളി. പരാതികളും രേഖകളും കഴുത്തിൽ തൂക്കിയാണ് റസാഖ് ജീവനൊടുക്കിയത്.
പതിറ്റാണ്ടുകളോളം യു.ഡി.എഫ് ഭരിച്ച പുളിക്കൽ പഞ്ചായത്തിൽ രണ്ടരക്കൊല്ലമായി ഭരണമേറ്റെടുത്ത സി.പി.എം സ്വന്തം സഖാക്കളെ തന്നെ മരണത്തിലേക്ക് തള്ളിവിടുകയാണ്. അപ്പോൾപ്പിന്നെ മറ്റുള്ളവരോട് ഇവരുടെ സമീപനമെന്തായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. റസാഖിന്റെ മരണം എഴുതിത്തള്ളാവുന്ന ഒരു കേസല്ല. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കണം.