Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൈക്കിനെ കുറ്റം പറയാൻ വ​രട്ടെ, ആളുകൂടണമെങ്കിൽ പറയുന്നോനും പാർട്ടിയും നന്നാകണമെന്ന് കെ.എം. ഷാജി

text_fields
bookmark_border
Muslim League leader  km shaji
cancel

സി.പി.എം. സംസ്ഥാന സെ​ക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്കെതിരെ വിമർശനവുമായി മുസ്‍ലീം ലീഗ് നേതാവ് കെ.എം. ഷാജി. ജാഥയിൽ പ്രസംഗിക്കുന്നതിനിടെ, മൈക്കിനോടു ചേർന്നു നിന്ന് സംസാരിക്കാൻ ആവശ്യപ്പെട്ട മൈക്ക് ഓപ്പറേറ്ററായ യുവാവിനെ ശാസിച്ച എം.വി.ഗോവിന്ദനെതിരെയാണ് ഷാജിയുടെ പ്രസംഗം. ഈ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലാണിപ്പോൾ. ജാഥയ്ക്ക് ആളു വരാത്തതിന് മൈക്ക് ഓപ്പറേറ്ററോട് ദേഷ്യപ്പെട്ടിട്ട് എന്തു കാര്യമാണുള്ളതെന്ന് ഷാജി ചോദിച്ചു. ഗോവിന്ദൻ മാഷ് വിചാരിച്ചത് ആൾക്കാര് കൂടുന്നത് മൈക്ക് നന്നായതു കൊണ്ടാണ് എന്നാണ്. മൈക്ക് നന്നായതു കൊണ്ടല്ല, പറയുന്നോനും അവന്റെ പാർട്ടിയും നല്ലതായതുകൊണ്ടാണ് കേൾക്കാൻ ആളു കൂടുന്നത്. നിങ്ങൾടെ പരിപാടിക്ക് ആളു വരാത്തതിന് മൈക്കിനെ മോശമാക്കിയിട്ട് വല്ല കാര്യവുമുണ്ടോയെന്നാണ് ഷാജി പറയുന്നത്.

തൃശൂർ ജില്ലയിലെ പര്യടനത്തിനിടെ മാളയിലെ സ്വീകരണ യോഗത്തിലാണ് ജാഥാ ക്യാപ്റ്റൻ കൂടിയായ ഗോവിന്ദൻ മൈക്ക് ഓപ്പറേറ്ററെ ശാസിച്ചത്. ‘നിന്റെ മൈക്കിന്റെ തകരാറിനു ഞാനാണോ ഉത്തരവാദി’ എന്ന ഗോവിന്ദൻ ചോദ്യവും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.


ഷാജി പറയുന്നതിങ്ങനെ: ഇന്നലെയും ജാഥ ചർച്ചയായി. എന്താ കാര്യം? ഒരു മൈക്ക് ഓപ്പറേറ്റോട് ഗോവിന്ദന്റെ ഒരു ചൂടാകലുണ്ട്. പിണറായിക്കു ശേഷം സിപിഎമ്മിൽ ആരാണ് അങ്ങനെയൊരു പോക്കിരി ഉള്ളത് എന്ന് ഞാൻ ആലോചിച്ചിരിക്കുകയായിരുന്നു. ഇന്നലെ എനിക്കു മനസ്സിലായി; ആളുണ്ട്! പോക്രിത്തരത്തിനൊക്കെ ആളുണ്ട്. ഗുണ്ടായിസത്തിനൊക്കെ ആളുണ്ട്. ഒരു സാധു. ഇതാ ഇവിടെയൊരു മൈക്ക് ഓപ്പറേറ്ററുണ്ട്. എല്ലായിടത്തും ഉണ്ടാകും. അവരുടെ പണിയാണത്. അവർ തൊഴിലാളികളാണ്.

ഒന്നുകിൽ ഈ മൈക്കുമായി നടക്കുന്ന അതിന്റെ ഉടമസ്ഥനുണ്ടാകും. അവർ വലിയ പ്രതിസന്ധിയിലായിരുന്നു. കൊറോണയൊക്കെ വന്ന് പൂട്ടിപ്പോകലിന്റെ വക്കിലായിരുന്നു. അതെല്ലാം പിന്നിട്ട് അവർ ഒരു ആശ്വാസത്തിലേക്കു വരികയാണ്. നേതാവു പ്രസംഗിച്ചപ്പോൾ ശബ്ദം കുറഞ്ഞു. നമ്മളൊക്കെ പ്രസംഗിക്കുമ്പോൾ എന്തൊക്കെ സംഭവിക്കുന്നു. ഇവിടെ നല്ല മൈക്കാണ്. ചില സ്ഥലത്തു പോയാൽ മൈക്ക് വളരെ മോശമായിരിക്കും.

നമ്മൾ കുറേ പ്രസംഗിക്കും. ചുമയ്ക്കും. അതൊക്കെ കഴിഞ്ഞ് വീട്ടിൽ ചെന്നിട്ട് ഒരു ഗ്ലാസിൽ കുറച്ച് ഉപ്പിട്ടിട്ട് ചൂടുവെള്ളം ഒഴിച്ച് ഗാർഗിൾ ചെയ്യണം. അപ്പോൾ എല്ലാം മാറും. അത്രേയുള്ളൂ. അല്ലാതെ ആ പാവത്തിന്റെ മെക്കിട്ടു കേറീട്ട് കാര്യമുണ്ടോ? വല്ല കാര്യോമുണ്ടോ? അല്ലെങ്കിലും ഗോവിന്ദൻ മാഷേ, നാട്ടാര് പ്രസംഗം കേൾക്കാൻ വരാത്തത് മൈക്ക് നന്നല്ലാത്തതുകൊണ്ടല്ല. ഇങ്ങള് ശരിയല്ലാത്തോണ്ടാണ്. അതല്ലേ നിങ്ങൾ മനസ്സിലാക്കേണ്ടത്?

നാട്ടാര് പ്രസംഗം കേൾക്കാൻ വരാത്തതിന് മൈക്കിനെ കുറ്റം പറഞ്ഞിട്ട് വല്ല കാര്യോമുണ്ടോ? ഒരു തൊഴിലാളിയല്ലേ അത്? നിങ്ങൾ തൊഴിലാളിപ്പാർട്ടിയല്ലേ? ആ ബോഡി ലാംഗ്വേജ് കണ്ടോ നിങ്ങള്? ചെറുപ്പക്കാരനായ ആ മൈക്ക് ഓപ്പറേറ്ററോട് പെരുമാറുന്ന രീതി? എന്തൊരു ധിക്കാരം. എന്തൊരു പുച്ഛം. അവരുടെ പണിയെടുത്തല്ലേ ജീവിക്കുന്നത്? ഔദാര്യമൊന്നുമല്ലല്ലോ?


സത്യം പറഞ്ഞാൽ പരിപാടി കഴിഞ്ഞ് നിങ്ങൾ അവർക്ക് പൈസ പോലും കൊടുക്കില്ല. ലോക്കൽ കമ്മിറ്റി സഖാവ് ആ പൈസ കീശേലിട്ടിട്ട് അവനെ പേടിപ്പിക്കും. നിനക്ക് മൈക്കുമായിട്ട് നടക്കണേൽ പൈസ വേണ്ടാന്ന് പറയാൻ പറയും. പൈസ പോലും കൊടുക്കൂല. ആ പാവപ്പെട്ട തൊഴിലാളി വന്നിട്ട് മൈക്ക് നന്നാക്കാനല്ലേ നോക്കിയത്? ശരിയാക്കാനല്ലേ നോക്കിയത്? അവനെ പേടിപ്പിക്കുക. എന്നിട്ട് മൈക്കിനെക്കുറിച്ച് അഞ്ച് മിനിറ്റ് ക്ലാസും. ഇതൊന്നുമല്ല മൈക്ക്, മൈക്ക് എന്ന് പറഞ്ഞാൽ അതാണ്.. ഇയാൾ വിചാരിച്ചത് ആൾക്കാര് കൂടുന്നത് മൈക്ക് നന്നായതു കൊണ്ടാണ് എന്നാണ്. മൈക്ക് നന്നായതു കൊണ്ടല്ല, പറയുന്നോനും അവന്റെ പാർട്ടിയും നല്ലതായതുകൊണ്ടാണ് കേൾക്കാൻ ആളു കൂടുന്നത്. നിങ്ങൾടെ പരിപാടിക്ക് ആളു വരാത്തതിന് മൈക്കിനെ മോശമാക്കിയിട്ട് വല്ല കാര്യവുമുണ്ടോ?

ഒരു തൊഴിലാളിയോട് പെരുമാറാൻ പഠിക്കേണ്ടേ സഖാവേ? നിങ്ങളൊരു പാർട്ടി സെക്രട്ടറിയല്ലേ? തൊഴിലാളി പാർട്ടി എന്നല്ലേ പറയുന്നത്? ഒരു മുതലാളി പോലും കാണിക്കാത്ത വൃത്തികെട്ട ഈർഷ്യയും ദേഷ്യവും കുടിപ്പകയുമാണ് ആ ചെറുപ്പക്കാരനോട് നിങ്ങൾ കാണിച്ചത്. എന്തൊരു അസംബന്ധമാണ് അത്?.

ഷാജിയുടെ വിമർശനങ്ങൾ ഇങ്ങനെയാണെങ്കിലും ​മൈക്ക് ഓപ്പറേറ്ററെ ശാസിച്ചതല്ല, ശാസ്ത്രീയമായി ഉപയോഗിക്കുന്നതിനെ കുറിച്ച് ക്ലാസെടുക്കുകയായിരുന്നുവെന്നാണ് എം. വി. ഗോവിന്ദൻ പറയുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Muslim League leader K.M. Shaji's speech
Next Story