കൂറുമാറിയാൽ സി.പി.എം 50 ലക്ഷം കോഴ ഓഫർ ചെയ്തതായി ലീഗ് സ്വതന്ത്രന്റെ വെളിപ്പെടുത്തൽ; പിന്നാലെ കൂറുമാറി, രാജി
text_fieldsകൂറുമാറി രാജിവെച്ച ഇ.യു. ജാഫർ
വടക്കാഞ്ചേരി (തൃശൂർ): തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം കൂറുമാറി എൽ.ഡി.എഫിന് വോട്ട് ചെയ്ത ലീഗ് സ്വതന്ത്രന്റെ ഫോൺ സംഭാഷണം പുറത്ത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൂറുമാറിയാൽ തനിക്ക് 50 ലക്ഷം രൂപ നൽകുമെന്ന് സി.പി.എം ഓഫർ ചെയ്തതായാണ് വടക്കാഞ്ചേരി ബ്ലോക്ക് തളി ഡിവിഷനിൽനിന്ന് ലീഗ് സ്വതന്ത്രനായി വിജയിച്ച ഇ.യു. ജാഫർ പറയുന്നത്. എൽ.ഡി.എഫിനും യു.ഡി.എഫിനും തുല്യ സീറ്റാണ് വടക്കാഞ്ചേരി ബ്ലോക്കിൽ ലഭിച്ചത്. തുടർന്ന് ജാഫർ കൂറുമാറി വോട്ടുചെയ്യുകയും എൽ.ഡി.എഫിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലഭിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ അംഗത്വം രാജിവെക്കുകയും ചെയ്തു.
കൂറുമാറുന്നതിന്റെ തലേന്ന് ഇ.യു.ജാഫർ കോൺഗ്രസ് വരവൂർ മണ്ഡലം പ്രസിഡന്റ് എ.എ. മുസ്തഫയോട് നടത്തിയ ഫോൺ സംഭാഷണമാണ് ഇപ്പോൾ പുറത്തായത്. ‘ഒന്നുകിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആവാം, അല്ലെങ്കിൽ 50 ലക്ഷം രൂപ സ്വീകരിച്ച് എൽ.ഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥിക്കു വോട്ട് നൽകാം. ഞാൻ എന്റെ ലൈഫ് സെറ്റിലാക്കാനാണ് ജീവിക്കുന്നത്. അത് സെറ്റാവാനുള്ള ഒരു ഓപ്ഷൻ വരികയാണ്. ഇവിടെ 50 ലക്ഷമാണ് ഇപ്പോൾ ഓഫർ കിടക്കുന്നത്. ഒന്ന് രണ്ട് ഉർപ്യയല്ല. നീയാണെങ്കിൽ നിന്റെ കണ്ണ് മഞ്ഞളിക്കും. അല്ലങ്കിൽ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം. നിങ്ങളുടെ കൂടെ നിന്നാൽ നറുക്കെടുത്താൽ മാത്രേ കിട്ടൂ. നീ നാളെ നോക്കിക്കോ, നാളെ കാണാം..’ എന്നാണ് ഫോണിൽ പറയുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനു തലേന്നായിരുന്നു സംസാരം.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട യുഡിഎഫിലെ പി.ഐ.ഷാനവാസാണു ഇതുപുറത്തുവിട്ടത്. ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിലെയും കരുവന്നൂർ സഹകരണ ബാങ്കിലെയും സാമ്പത്തിക തട്ടിപ്പുകളിൽ നിന്നു സമാഹരിച്ച ലക്ഷങ്ങൾ ജനാധിപത്യത്തെ അട്ടിമറിക്കാൻ സിപിഎം ഉപയോഗിക്കുകയാണെന്ന് പി.ഐ.ഷാനവാസ് ആരോപിച്ചു.
കഴിഞ്ഞ 15 വർഷമായി എൽ.ഡി.എഫാണ് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഭരിക്കുന്നത്. 2020ൽ 13 സീറ്റുകളിൽ പതിനൊന്നും എൽഡിഎഫ് നേടിയിരുന്നു. എന്നാൽ, ഇത്തവണ 14സീറ്റിൽ എൽ.ഡിഎഫിനും യുഡിഎഫിനും 7 വീതം അംഗങ്ങളാണ് ഉണ്ടായിരുന്നത്. ജാഫർ കൂറുമാറി വോട്ട് ചെയ്തതിനെ തുടർന്ന് സി.പി.എമ്മിലെ കെ.വി. നഫീസ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും മുൻ ജില്ലാ സെക്രട്ടറിയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമാണ് കെ.വി.നഫീസ. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽനിന്ന് ജാഫർന്‍വിട്ടുനിന്നതോടെ വൈസ് പ്രസിഡന്റ് സ്ഥാനവും എൽഡിഎഫ് നേടിയിരുന്നു. ഇതിനുപിന്നാലെ അടുത്തദിവസം ജാഫർ ബ്ലോക്ക് പഞ്ചായത്തംഗത്വം രാജിവെക്കുകയും ചെയ്തു.
യുഡിഎഫിനൊപ്പം നിന്നാൽ 2 സ്ഥാനാർഥികൾക്കും തുല്യ വോട്ട് ലഭിച്ച് നറുക്കെടുപ്പിലൂടെ ഒരാൾ പ്രസിഡന്റാവുമെന്നും അതുകൊണ്ട് തനിക്കെന്തു നേട്ടമെന്നും ജാഫർ ചോദിക്കുന്നുണ്ട്. പണം ലഭിച്ചാൽ രാജിവച്ച് രാഷ്ട്രീയം അവസാനിപ്പിക്കാമെന്നും പറയുന്നുണ്ട്. 31 വോട്ടിനാണ് ജാഫർ തെരഞ്ഞെടുപ്പിൽ വിജയിച്ചത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ തലേന്ന് താനുമായി ജാഫർ സംസാരിച്ചതാണ് ശബ്ദരേഖയെന്ന് മുസ്തഫ സ്ഥിരീകരിച്ചു. എന്നാൽ ഫോണിലൂടെ തമാശരൂപേണ പറഞ്ഞ കാര്യങ്ങളാണ് അതെന്നാണു ജാഫർ പറയുന്നത്. സംഭവത്തിൽ കെപിസിസി ജനറൽ സെക്രട്ടറി അനിൽ അക്കര ഡിജിപിക്കും വിജിലൻസ് ഡയറക്ടർക്കും പരാതി നൽകി. വിജിലൻസ് അന്വേഷണം ആരംഭിച്ചു.
കൂറുമാറിയ ജാഫറിന്റെ നടപടി ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. യു.ഡി.എഫ് പ്രവർത്തകർ പലയിടത്തും ജാഫറിന്റെ ഫ്ലക്സിൽ കരി ഓയിൽ അഭിഷേകം നടത്തിയും പ്രകടനം നടത്തിയും പ്രതിഷേധിച്ചിരുന്നു. ഇടതുമുന്നണിയിൽനിന്ന് വൻ തുക കൈപ്പറ്റിയാണ് കൂറ് മാറി വോട്ട് ചെയ്തതെന്ന് യു.ഡി.എഫ് പ്രവർത്തകർ അന്നുതന്നെ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെത്തി സെക്രട്ടറി കെ.എ. അൻസാർ അഹമ്മദ് മുമ്പാകെ രാജി സമർപ്പിച്ചത്. ഇതോടെ തളി പതിമൂന്നാം ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

