ലീഗിന് ചരിത്രനേട്ടം; മധ്യകേരളത്തിലും തെക്കൻ കേരളത്തിലും മികച്ച പ്രകടനം
text_fieldsമലപ്പുറം: ആകെ 2835 വാർഡുകളിൽ പാർട്ടി ചിഹ്നത്തിൽ വിജയിച്ച മുസ്‍ലിം ലീഗ് സീറ്റെണ്ണത്തിൽ ചരിത്രനേട്ടത്തിലെത്തി. ലീഗ് സ്വതന്ത്രരെക്കൂടി കണക്കിലെടുത്താൽ സീറ്റ് ഇനിയും കൂടും. 2020ൽ സംസ്ഥാനത്താകെ 2133 സീറ്റിലാണ് ലീഗ് വിജയിച്ചിരുന്നത്. സീറ്റെണ്ണം കുത്തനെ കൂട്ടിയ ലീഗ് മൂന്നാമത്തെ വലിയ കക്ഷിയെന്ന സ്ഥാനം അരക്കിട്ടുറപ്പിച്ചു. മലപ്പുറം ജില്ലയിൽ ലീഗിന്റെ സമഗ്രാധിപത്യമാണ് കണ്ടത്. 122 തദ്ദേശ സ്ഥാപനങ്ങളിൽ 117ലും യു.ഡി.എഫ് വിജയിച്ചു. .
മലപ്പുറം ജില്ല പഞ്ചായത്തിൽ മത്സരിച്ച മുഴുവൻ സീറ്റിലും വിജയിച്ച ലീഗ് പ്രതിപക്ഷ സാന്നിധ്യം പൂജ്യത്തിലാക്കി. കഴിഞ്ഞ തവണ 70 ഗ്രാമപഞ്ചായത്തുകളിലാണ് ലീഗ് നേതൃത്വത്തിൽ യു.ഡി.എഫ് ഭരിച്ചിരുന്നതെങ്കിൽ ഇത്തവണ അത് 90 ആയി. ജില്ലയിലെ 16 നിയമസഭ മണ്ഡലങ്ങളിലും ലീഗ് ആധിപത്യമുറപ്പിച്ചു. എൽ.ഡി.എഫ് വിജയിച്ച പൊന്നാനി മണ്ഡലത്തിലെ പൊന്നാനി നഗരസഭയും വെളിയംകോടുമൊഴികെ എല്ലായിടത്തും യു.ഡി.എഫ് വിജയിച്ചു. കെ.ടി. ജലീൽ വിജയിച്ച തവനൂർ മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലും ലീഗ് ഭരണത്തിലേറി. നഗരസഭകളിൽ മലപ്പുറത്തെ 12ൽ 11ഉം യു.ഡി.എഫ് പിടിച്ചപ്പോൾ നിലമ്പൂരൊഴികെ എല്ലായിടത്തും അധ്യക്ഷപദവി ലീഗിനാകും. 15 േബ്ലാക്ക് പഞ്ചായത്തുകളിൽ 14ഉം യു.ഡി.എഫ് അധീനതയിലായി. പെരുമ്പടപ്പും തിരൂരും വലിയ മാർജിനിൽ തിരിച്ചുപിടിച്ചു. പൊന്നാനി േബ്ലാക്കിൽ സമനില സ്വന്തമാക്കി.
കുറഞ്ഞ സീറ്റുകളാണ് മത്സരിക്കാൻ ലഭിച്ചതെങ്കിലും മധ്യകേരളത്തിലും തെക്കൻ കേരളത്തിലും മികച്ച പ്രകടനമാണ് ലീഗ് കാഴ്ചവെച്ചത്. തിരുവനന്തപുരം കോർപറേഷനിൽ രണ്ടു സീറ്റിൽ വിജയിച്ച ലീഗ് ജില്ല പഞ്ചായത്തിൽ ഒരു സീറ്റ് സ്വന്തമാക്കി. കോഴിക്കോട് കോർപറേഷനിൽ 14 സീറ്റിലും കണ്ണൂർ കോർപറേഷനിൽ 15 സീറ്റിലും കൊച്ചി കോർപറേഷനിൽ മൂന്നു സീറ്റിലും കൊല്ലം കോർപറേഷനിൽ രണ്ടു സീറ്റിലും വിജയിച്ചു. ലീഗിന് കായംകുളം നഗരസഭയിൽ അധ്യക്ഷ പദവിക്ക് സാധ്യതയുണ്ട്. വയനാട് ജില്ല പഞ്ചായത്തിലേക്ക് മത്സരിച്ച ആറു സീറ്റിലും വിജയിച്ചു. കാസർകോട് ജില്ല പഞ്ചായത്തിൽ നാലു സീറ്റിലും ജയിച്ചു. എറണാകുളം ജില്ല പഞ്ചായത്തിലും തൃശൂർ ജില്ല പഞ്ചായത്തിലും രണ്ടു സീറ്റിൽ വീതം ജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

