സംവരണ സമുദായ മുന്നണിയുടെ പ്രക്ഷോഭത്തിന് പൂർണ പിന്തുണ –മുസ്ലിം ലീഗ്
text_fieldsFile Photo
മലപ്പുറം: പിന്നാക്കസമുദായ സംവരണം അട്ടിമറിക്കുന്നതിനെതിരെ സംവരണ സമുദായമുന്നണി നവംബർ ഒമ്പതിന് ജില്ല കലക്ടറേറ്റുകളുടെ പരിസരത്ത് നടത്തുന്ന പ്രക്ഷോഭത്തിന് പൂർണപിന്തുണ നൽകാൻ മുസ്ലിം ലീഗ് സംസ്ഥാന വർക്കിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. മുസ്ലിം ലീഗ് സ്വന്തമായി സമരം സംഘടിപ്പിക്കുന്നില്ല. എല്ലാ സമുദായങ്ങളെയും ബാധിക്കുന്ന പ്രശ്നമായതിനാൽ യോജിച്ച പോരാട്ടമാണ് നടത്തുക. സമരം വർഗീയമാകുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. സംവരണവിഷയത്തിൽ കടുത്ത അനീതിയാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ചെയ്യുന്നത്. മുസ്ലിംകളുടെ മാത്രം പ്രശ്നമല്ലിത്. സാമൂഹിക നീതിക്കുള്ള പോരാട്ടമാണിത്. സംവരണ വിഷയത്തിൽ കോൺഗ്രസിനും ലീഗിനും അവരുടേതായ നിലപാടുണ്ടാകും.
സംസ്ഥാന സർക്കാർ അഴിമതിയിൽ ആടിയുലയുകയാണെന്നും കമ്മിറ്റി കുറ്റപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പ് യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടും. സീറ്റുവിഭജന ചർച്ച പലയിടത്തും പൂർത്തിയായി. പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കും. മൂന്നു തവണ മത്സരിച്ചവര്‍ പിന്നീട് മത്സരിക്കുന്നത് സംബന്ധിച്ച തീരുമാനം കര്‍ശനമായി നടപ്പാക്കും. എം.സി. ഖമറുദ്ദീൻ എം.എൽ.എയുടെ പണമിടപാട് സംഭവത്തിൽ നിക്ഷേപകർക്ക് നഷ്ടപ്പെട്ട തുക മുഴുവൻ തിരിച്ചുനൽകാൻ ഉത്തരവാദപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്. അവർ അത് ചെയ്യും. അതിൽ കൂടുതൽ പാർട്ടിക്ക് പങ്കില്ല. സംസ്ഥാന പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.
വാർത്തസമ്മേളനത്തിൽ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി, സംസ്ഥാന സെക്രട്ടറി ഡോ. എം.കെ. മുനീർ എം.എൽ.എ എന്നിവർ പങ്കെടുത്തു. സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ട്രഷറര്‍ പി.വി. അബ്ദുൽ വഹാബ് എം.പി, സീനിയര്‍ വൈസ് പ്രസിഡൻറ് എം.പി. അബ്ദുസ്സമദ് സമദാനി, ഡെപ്യൂട്ടി ലീഡര്‍ വി.കെ. ഇബ്രാഹീം കുഞ്ഞ് എം.എല്‍.എ, പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ എന്നിവരും യോഗത്തിൽ പങ്കെടുത്തു.