കോൺഗ്രസിലെ പോരിൽ ലീഗിൽ വിമർശനം
text_fieldsമലപ്പുറം: തെരഞ്ഞെടുപ്പുകൾ പടിവാതിൽക്കൽ എത്തിനിൽക്കെ കോൺഗ്രസിലെ പോര് രൂക്ഷമായതിനെതിരെ മുസ്ലിംലീഗ് ഉന്നതതല യോഗത്തിൽ കടുത്ത വിമർശനം. യു.ഡി.എഫിന് അനുകൂലമായ അന്തരീക്ഷം അട്ടിമറിക്കുന്നതാണ് കോൺഗ്രസിനകത്തെ സാഹചര്യമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. സംസ്ഥാന സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രക്ഷോഭം നടക്കേണ്ട സമയമാണിത്. കോൺഗ്രസിലെ പ്രശ്നങ്ങളിൽ നേതാക്കൾ ഒരുപോലെ അതൃപ്തി പ്രകടിപ്പിച്ചു. വിഷയത്തിൽ ലീഗ് ഇടപെടണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
27ന് നടക്കുന്ന യു.ഡി.എഫ് യോഗത്തിൽ വിഷയം ഗൗരവത്തിൽ ഉന്നയിക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം, ശശി തരൂർ വിവാദത്തിനു പിന്നാലെ പോകേണ്ടതില്ലെന്നും അഭിപ്രായമുയർന്നു. തരൂർ പാർട്ടി വിട്ടുപോകുന്ന സാഹചര്യം ഉണ്ടാകരുതെന്നാണ് ലീഗിന്റെ അഭിപ്രായം. സമസ്തയിൽ അടുത്ത കാലത്തുണ്ടായ ചേരിപ്പോരും യോഗത്തിൽ ചർച്ചയായി. റമദാനു മുമ്പുതന്നെ പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്ന് അധ്യക്ഷത വഹിച്ച പാണക്കാട് സാദിഖലി തങ്ങൾ യോഗത്തെ അറിയിച്ചു.
തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് സംഘടന സംവിധാനം ശക്തിപ്പെടുത്താനുള്ള പ്രവർത്തന പരിപാടികൾ ആലോചിക്കാനാണ് സംസ്ഥാന ജില്ല ഭാരവാഹികളുടെയും എം.എൽ.എമാരുടെയും യോഗം ചേർന്നത്. ശാഖാ തലം മുതൽ മേൽഘടകങ്ങൾ വരെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് പ്രവർത്തന പദ്ധതികൾ ആവിഷ്കരിച്ചു. പാർട്ടിയുടെയും പോഷക ഘടകങ്ങളുടെയും പ്രവർത്തന പദ്ധതികളിൽ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ പ്രധാന അജണ്ടയാകും.
കടൽമണൽ ഖനന അനുമതി തീരദേശവാസികൾക്കു നേരെയുള്ള ആക്രമണമാണെന്നും ഇതിനെതിരെ മുസ്ലിംലീഗ് സ്വന്തം നിലക്കും മുന്നണി സംവിധാനത്തിലും സമരം സംഘടിപ്പിക്കുമെന്നും യോഗം വ്യക്തമാക്കി. കലാലയങ്ങളിൽ റാഗിങ്ങിന്റെ പേരിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ യോഗം പ്രതിഷേധം രേഖപ്പെടുത്തി. പി.കെ. കുഞ്ഞാലിക്കുട്ടി ആമുഖപ്രഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

