ലീഗ്: സി.പി.എം നിലപാടിൽ സി.പി.ഐക്ക് അതൃപ്തി
text_fieldsതിരുവനന്തപുരം/കോഴിക്കോട്: മുസ്ലിം ലീഗ് വർഗീയ പാർട്ടിയല്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പരാമർശത്തിൽ സി.പി.ഐ നേതൃത്വത്തിന് അതൃപ്തി. എതിർമുന്നണിയിലെ പാർട്ടിക്ക് സ്വഭാവ സർട്ടിഫിക്കറ്റ് നൽകേണ്ടതില്ലെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. മറ്റൊരു മുന്നണിയിൽ നിൽക്കുമ്പോൾ ആ പാർട്ടിയെ പുകഴ്ത്തേണ്ടതില്ലെന്നും പല നേതാക്കൾക്കും അഭിപ്രായമുണ്ട്. യു.ഡി.എഫിനൊപ്പമെന്ന ലീഗ് മറുപടി ചോദിച്ചുവാങ്ങിയെന്നും അവർ പറയുന്നു. യു.ഡി.എഫിൽ അതൃപ്തിയുണ്ടെങ്കിൽ അത് ആദ്യം ഉന്നയിക്കേണ്ടത് ലീഗ് ആയിരുന്നെന്നാണ് പല സി.പി.ഐ നേതാക്കളുടെയും വിലയിരുത്തൽ.
കരുതിക്കൂട്ടിയുള്ള നീക്കത്തിന്റെ ഭാഗമായി ലീഗിനോട് സി.പി.എം പ്രകടിപ്പിച്ച പുതിയ സൗഹാർദ സമീപനം യു.ഡി.എഫിലും ലീഗിൽതന്നെയും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനിടയിലാണ് സി.പി.ഐയുടെ അതൃപ്തി പുറത്തുവരുന്നത്. യു.ഡി.എഫിൽ വിള്ളലുണ്ടാക്കാനുള്ള സി.പി.എം നീക്കത്തെ ഗൗരവത്തോടെ കാണണമെന്ന അഭിപ്രായം കോൺഗ്രസിലുമുണ്ട്. ലീഗിനെ ചേർത്തുനിർത്തണമെന്നാണ് ഗ്രൂപ്പുകളുടെ നിലപാട്. ശശി തരൂരിന്റെ കോഴിക്കോട് പര്യടനം വിവാദമാക്കിയതിൽ ലീഗിന് അതൃപ്തിയുണ്ടായിരുന്നു. ലീഗ് വർഗീയ പാർട്ടിയാണെന്ന് സി.പി.എം പറഞ്ഞിട്ടില്ലെന്നായിരുന്നു എം.വി. ഗോവിന്ദന്റെ പ്രസ്താവന.
അതിനിടെ, കമ്യൂണിസ്റ്റ് പാർട്ടി മുസ്ലിം ലീഗിനെ വർഗീയ പാർട്ടിയായി കാണുന്നില്ലെന്ന് സി.പി.ഐ സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എം.പി. എസ്.ഡി.പി.ഐയോ പി.എഫ്.ഐയോ പോലെയുള്ള പാർട്ടിയായി ലീഗിനെ കാണുന്നില്ല. ലീഗ് പൊതുവെ മതനിരപേക്ഷ മൂല്യങ്ങൾക്കൊപ്പം നിൽക്കുന്നുവെന്നാണ് അഭിപ്രായം.
ചാഞ്ചാട്ടവും പാളിപ്പോവലുമൊക്കെ പലപ്പോഴുമുണ്ടായിട്ടുണ്ട്. വർഗീയ സ്പർശമുള്ള നിലപാടിലേക്ക് പോവാൻ ശ്രമിച്ചിട്ടുമുണ്ട്. എന്നാൽ അടിസ്ഥാനപരമായി ലീഗ് വർഗീയ പാർട്ടിയാണെന്ന് സി.പി.ഐ ചിന്തിക്കുന്നില്ല. ഒന്നാമത്തെ എതിരാളി ആർ.എസ്.എസ് നയിക്കുന്ന ബി.ജെ.പിയാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. മതനിരപേക്ഷ മൂല്യമുള്ളവരെ ഒന്നിപ്പിച്ച് കൊണ്ടുപോവുമ്പോൾ ലീഗിനെ അകറ്റി നിർത്താനാവില്ല. അതിനർഥം സഖ്യമുണ്ടാക്കുമെന്നല്ല. ലീഗ് ഇടതുമുന്നണിയിൽ വരുമെന്ന ചർച്ച അപക്വമാണ്. ലീഗും കോൺഗ്രസും അത് തള്ളിക്കഴിഞ്ഞു. എന്നിട്ടും മാധ്യമങ്ങൾ അത് പറയുന്നത് വാർത്താദാരിദ്ര്യം കൊണ്ടാകും. ഏക സിവിൽ കോഡ് ബിൽ ചർച്ചക്കെടുക്കരുതെന്ന് സി.പി.ഐ കത്തെഴുതിയിരുന്നെന്നും ബിനോയ് വിശ്വം പറഞ്ഞു.
ലീഗിന് വീണ്ടും പ്രശംസ; മുന്നണിയിലേക്കുള്ള ക്ഷണമായി വ്യാഖ്യാനിക്കേണ്ടെന്ന് എം.വി. ഗോവിന്ദന്
കൽപറ്റ: ഗവർണറുമായുള്ള വിഷയത്തിൽ മുസ്ലിം ലീഗ് നിലപാടിനെ വീണ്ടും പ്രശംസിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ലീഗ് ശരിയായ നിലപാടെടുക്കുമ്പോള്‍ അതിനെ സ്വാഗതംചെയ്യുമെന്നും എന്നാൽ, അതിനെ ഇടതുമുന്നണിയിലേക്കുള്ള ക്ഷണമായി വ്യാഖ്യാനിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. കൽപറ്റ ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗവര്‍ണറുടെ വിഷയത്തില്‍ ആര്.എസ്.പിയും ലീഗും കൃത്യമായ നിലപാട് സ്വീകരിച്ചു.
ലീഗിന്റെ രാഷ്ട്രീയ സമ്മർദത്തിന്റെ ഫലമായാണ് ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാനുള്ള ഓർഡിനൻസിനെ നിയമസഭയിൽ കോൺഗ്രസിന് അനുകൂലിക്കേണ്ടിവന്നത്. അവിടെ ലീഗിന്റെ നിലപാടാണ് നിർണായകമായത്. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ടുള്ള മന്ത്രി വി. അബ്ദുറഹ്മാന്റെ വിഷയത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. എന്നാൽ, ഇത്തരത്തിൽ വർഗീയതക്കെതിരെ പോരാടുന്ന മതനിരപേക്ഷമായ നിലപാടിനെ സ്വാഗതംചെയ്യുന്നത് ഇടതുമുന്നണിയിലേക്കുള്ള ക്ഷണമായി വ്യാഖ്യാനിക്കേണ്ട. രാഷ്ട്രീയ നയപര നിലപാടിന്റെ അടിസ്ഥാനത്തിൽ മാത്രമേ ആരൊക്കെ ഇടതുമുന്നണിയിലേക്ക് വരേണ്ടതെന്ന് തീരുമാനിക്കാനാകൂ. യു.ഡി.എഫിലുള്ള അങ്കലാപ്പിൽ ഞങ്ങൾ ഉത്തരവാദികളല്ല. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് ആര്.എസ്.എസിനെ പിന്തുണക്കുകയും നെഹ്റുവിനെക്കുറിച്ചു തെറ്റിദ്ധാരണ പരത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

