എൽ.ഡി.എഫ് അട്ടിമറിച്ച നടുവിലിൽ ഭരണം തിരിച്ചു പിടിക്കണമെന്ന് ലീഗ്; ഗ്രൂപ്പ് പോര് അവസാനിപ്പിക്കണമെന്ന് പ്രമേയം
text_fieldsനടുവിൽ (കണ്ണൂർ): 19ൽ 11 സീറ്റ് നേടി വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിട്ടും കോൺഗ്രസിലെ തമ്മിലടി മൂലം യു.ഡി.എഫിന് ഭരണം നഷ്ടമായ നടുവിൽ പഞ്ചായത്തിൽ മുസ്‌ലിം ലീഗ് ഇടയുന്നു. ഗ്രൂപ്പ് പോര് അവസാനിപ്പിച്ച് യു.ഡി.എഫ് ഭരണം തിരികെ കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് മുസ് ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കി.
കോൺഗ്രസിന്‍റെ ആഭ്യന്തര വിഷയമാണെങ്കിലും ഇടനാഴിയിലൂടെ കയറിവന്ന ഇടത് മുന്നണിക്ക് അധികാരം കൈയാളാൻ വിട്ടുകൊടുക്കുന്നതിനോട് യോജിക്കാനാവില്ലെന്ന നിലപാടിലാണ് ലീഗ്. കോൺഗ്രസ് ഐ ഗ്രൂപ്പുകാരനായ ബേബി ഓടംപള്ളിയെ പിന്തുണച്ചാണ് നാല് പതിറ്റാണ്ടായി യു.ഡി.എഫിന്‍റെ കയ്യിലിരുന്ന പഞ്ചായത്ത് ഭരണം അട്ടിമറിയിലൂടെ എൽ.ഡി.എഫ് നേടിയത്. എൽ.ഡി.എഫിനൊപ്പം പോയ ഐ ഗ്രൂപ്പ് അംഗങ്ങളെ തിരികെ എത്തിക്കണമെന്നതാണ് മുസ്‌ലിംലീഗിന്‍റെ ആവശ്യം.
കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിലേക്ക് പോകുമെന്ന് ബേബിയും കൂട്ടരും പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതുവരെ മെമ്പർഷിപ്പ് പോലും എടുക്കാതിരുന്നത് അനുനയ ചർച്ചക്ക് കാത്തു നിൽക്കുന്നത് മൂലമാണെന്നാണ് സൂചന. എന്നാൽ ഭരണം ഇല്ലെങ്കിലും പാർട്ടിയെ ചതിച്ചു പോയവരുമായി സന്ധി വേണ്ടെന്നും കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടിയുമായി മുന്നോട്ടു പോകുകയാണ് വേണ്ടതെന്ന നിലപാടിലാണ് കോൺഗ്രസ്.
ഒപ്പമുള്ള മറ്റ് അംഗങ്ങളുമായി അനുനയമാവാമെങ്കിലും ബേബി ഓടംപള്ളിയുമായി ഒരു വിട്ടുവീഴ്ചക്കുമില്ലെന്ന നിലപാടിലാണ് എ ഗ്രൂപ്പുകാരായ കെ.സി ജോസഫ് എം.എൽ.എയും യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി മാത്യു അടക്കമുള്ളവർ. കൂറുമാറ്റ നിരോധന നിയമ പ്രകാരം അംഗങ്ങളെ അയോഗ്യരാക്കിയാലും തുടർന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ വാർഡിൽ വിജയിക്കാനായില്ലെങ്കിൽ ഭരണം സി.പി.എമ്മിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലേക്ക് നീങ്ങുമെന്നതാണ് ലീഗിന്‍റെ ആശങ്ക. ഭരണത്തിൽ നിന്ന് മുസ്‌ലിം ലീഗിനെ മാറ്റിനിർത്തിയതാണ് വലിയ നേട്ടമെന്ന ഇടത് മുന്നണി പ്രചരണവുമാണ് കടുത്ത നിലപാടിലേക്ക് പോകുവാൻ ലീഗിനെ പ്രേരിപ്പിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കേ നിലപടിൽ ലീഗ് ഉറച്ചുനിന്നാൽ കോൺഗ്രസിന് കീഴടങ്ങേണ്ടി വരും.
യു.ഡി.എഫ് നിയന്ത്രണത്തിലേക്ക് ഭരണം തിരിച്ചു പോയാൽ അട്ടിമറി നേടിയതിൽ ഏറെ കൊട്ടിഘോഷിച്ച ഇടതുമുന്നണിക്ക് കടുത്ത ക്ഷീണവുമാവും. സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ നേരിട്ടിടപെട്ടാണ് കേരള കോൺഗ്രസ് മുകാന്തരം ചർച്ചകൾക്ക് നേതൃത്വം നൽകിയിരുന്നത്. പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലിയുള്ള എ, ഐ ഗ്രൂപ്പുകളുടെ തർക്കമാണ് കോൺഗ്രസ് അംഗങ്ങളുടെ കാലുമാറ്റത്തിലും ഭരണമാറ്റത്തിലുമെല്ലാം എത്തിച്ചത്. ബേബി ഉൾപ്പെടെയുള്ള 3 ഐ ഗ്രൂപ്പ് അംഗങ്ങളും ഒരു കോൺഗ്രസ് വിമതയും അടക്കം നാലുപേരെ 7 അംഗങ്ങളുള്ള ഇടതുമുന്നണി പിന്തുണക്കുകയായിരുന്നു. ലീഗ് കയ്യാളിയിരുന്ന വൈസ് പ്രസിഡണ്ട് സ്ഥാനം കോൺഗ്രസ് വിമതക്കാണ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

