‘ലീഗിന് ആശിക്കാം, ചന്ദ്രികയിൽ ലേഖനം എഴുതാം, അത്രയേ ഉള്ളൂ...’ കെ.പി.എ മജീദിന് കെ. രാജന്റെ മറുപടി
text_fieldsന്യൂഡൽഹി: സി.പി.ഐയെ പുകഴ്ത്തി മുസ്‍ലിം ലീഗ് മുഖപത്രമായ ചന്ദ്രികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന് മറുപടിയുമായി സി.പി.ഐ നേതാവ് കെ. രാജൻ. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സൃഷ്ടി സിപിഐയുടെ കൂടി ത്യാഗത്തിന്റെയും നിശ്ചയത്തിന്റെയും അടിസ്ഥാനത്തിലാണ്. കേരളത്തിലെ രാഷ്ട്രീയ പശ്ചാത്തലം എന്തായാലും അതുവിട്ട് ഞങ്ങൾ പോകും എന്ന് തെറ്റിദ്ധരിക്കേണ്ട. ലീഗിന് ആശിക്കാം, ചന്ദ്രികയിൽ ലേഖനം എഴുതാം.. അത്രയേ ഉള്ളൂ -അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പ്രതിപക്ഷ ഉപനേതാവ് വിവാദത്തിൽ സി.പി.ഐക്ക് പിന്തുണയുമായി പാർട്ടി മുഖപത്രമായ ചന്ദ്രികയിൽ മുസ്‍ലിം ലീഗ് ദേശീയ ഉപാധ്യക്ഷൻ കെ.പി.എ. മജീദ് ലേഖനം എഴുതിയിരുന്നു. മുസ്‍ലിം ലീഗും സി.പി.ഐയും കോൺഗ്രസും ചേർന്ന് ഭരിച്ച അച്യുതമേനോൻ സർക്കാരിന്റെ കാലം ഓർമിപ്പിച്ചുള്ള മജീദിന്റെ ലേഖനത്തിൽ സി.പി.ഐക്ക് യു.ഡി.എഫിലേക്കുള്ള പരോക്ഷ ക്ഷണവുമുണ്ടായിരുന്നു. രാജകൽപന അനുസരിക്കാൻ മാത്രം അടിമകളാണ് സി.പി.ഐക്കാരെന്ന് രാഷ്ട്രീയത്തെക്കുറിച്ച് സാമാന്യബോധമുള്ള ആരും പറയില്ല. ഏകാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക് മാറാത്തപക്ഷം സി.പി.ഐക്ക് എൽ.ഡി.എഫിൽ തുടരുന്നത് ദുഷ്കരമാകും. കേരളത്തിലെ യഥാർഥ ഇടതുപക്ഷം യു.ഡി.എഫ് ആണെന്ന് നൂറുദിന വി.ഡി.എസ് ഭരണം വിളിച്ചുപറയുന്നു. എൽ.ഡി.എഫ് എന്ന ലേബൽ ഒട്ടിച്ചത് കൊണ്ടുമാത്രം ഇടതുപക്ഷം ആവില്ലെന്ന് സി.പി.ഐക്കെങ്കിലും മനസ്സിലാകാതിരിക്കില്ലല്ലോ എന്നും "വലതുപക്ഷ സി.പി.എമ്മും സി.പി.ഐയുടെ നിലനിൽപ്പും" എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ മജീദ് ചൂണ്ടിക്കാട്ടി. ഇതേക്കുറിച്ചാണ് കെ. രാജന്റെ പ്രതികരണം.
‘കമ്മ്യൂണിസ്റ്റ് പാർട്ടി വളരെ ശരിയായ വിധത്തിലുള്ള ഒരു ആവശ്യമാണ് ഉന്നയിച്ചത്. ആ കാര്യത്തിൽ ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു, ഞങ്ങൾ ഉറച്ചു നിൽക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ ഞങ്ങൾക്ക് അർഹതപ്പെട്ട ഒരു കാര്യമാണ് ഞങ്ങൾ ആവശ്യപ്പെട്ടത് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അത് ഞങ്ങൾക്ക് അർഹതപ്പെട്ടായതുകൊണ്ട് കിട്ടുക തന്നെ ചെയ്യും’ -അദ്ദേഹം പറഞ്ഞു.
ഡൽഹി ഇന്നുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ ഇടതുപക്ഷ സമരമായിരിക്കും സി.പി.ഐ രാംലീല മൈതാനിയിൽ ഇന്ന് നടത്തുന്ന പ്രതിഷേധ റാലിയെന്ന് കെ. രാജൻ പറഞ്ഞു. ഉത്തർപ്രദേശിലെ 10 പാർട്ടി ജില്ലാ സെക്രട്ടറിമാരെ വീട്ടുതടങ്കിൽ വെക്കുകയെന്ന ഏറ്റവും നീചവും നികൃഷ്ടവും ആയിട്ടുള്ള നടപടിയാണ് കേന്ദ്രഭരണകൂടം കാണിക്കുന്നത്. അഞ്ച് ട്രെയിനുകൾ റദ്ദാക്കി, വാഹനങ്ങൾ വരുന്നത് നിരോധിച്ചു, രാംലീല മൈതാനത്ത് സോഷ്യൽ മീഡിയ സംവിധാനങ്ങൾ വരെ ജാമർ വെച്ച് ഇല്ലാതാക്കി എന്നാണ് കേൾക്കുന്നത്. ഒന്നിനെയും ഭയക്കാതെ വളരെ ശക്തമായി സമരം മുന്നോട്ടു പോകും. അതിനുവേണ്ടിയിട്ടുള്ള ആവേശകരമായ തയ്യാറെടുപ്പാണ് പാർട്ടി എന്ന നിലയിൽ നടത്തിയിട്ടുള്ളത്. ജനങ്ങൾ ഒഴുകി ഇറങ്ങുകയാണ്. ബിഹാറിൽ നിന്നും ഉത്തർപ്രദേശിൽ നിന്നുമൊക്കെ ഈ നിരോധനങ്ങളെയും തടസ്സങ്ങളെയും അതിജീവിച്ച് ജനങ്ങൾ എത്തിച്ചേരുന്നുണ്ട് -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

