ചേലക്കര മണ്ഡലം ആവശ്യപ്പെട്ട് മുസ്ലിം ലീഗ്; ദലിത് ലീഗ് നേതാവ് ജയന്തി രാജനെ മത്സരിപ്പിക്കാനെന്ന് സൂചന
text_fieldsതൃശൂർ: നിയമസഭ തെരഞ്ഞെടുപ്പ് സീറ്റ് വിഭജന ചർച്ച മുറുകുന്നതിനിടെ തൃശൂർ ജില്ലയിൽ ഒരുസീറ്റ് കൂടി ആവശ്യപ്പെട്ട് മുസ്ലിം ലീഗ്. സംവരണ മണ്ഡലമായ ചേലക്കരയാണ് ലീഗ് കോൺഗ്രസ് നേതൃത്വത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവിൽ ഗുരുവായൂർ മാത്രമാണ് ജില്ലയിൽ ലീഗിനുള്ളത്. വനിതലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജനെ മത്സരിപ്പിക്കാനാണ് ചേലക്കര ആവശ്യപ്പെടുന്നതെന്നാണ് സൂചന. ദലിത് ലീഗ് വനിതവിഭാഗം സംസ്ഥാന പ്രസിഡൻറാണ് ഇവർ. പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു.
വയനാട് ഇരളം സ്വദേശിയായ ഇവർ ഇത്തവണ പുൽപള്ളി ഗ്രാമപഞ്ചായത്തിലേക്ക് മത്സരിച്ചിരുന്നു. സ്ത്രീസ്ഥാനാർഥിത്വത്തിൽ സമസ്തയുടെ നിലപാടെന്താവുമെന്ന ആശങ്കയാണ് ലീഗ് നേതൃത്വത്തിനുള്ളത്. എന്നാൽ, മുസ്ലിം ഇതര വനിതയാണെന്ന മറുവാദമാകും ഇതിനായി നേതൃത്വം ഉന്നയിക്കുക. സീറ്റ് നൽകാമെന്നാണ് കോൺഗ്രസ് ലീഗ് നേതൃത്വത്തെ പ്രാഥമിക ചർച്ചയിൽ അറിയിച്ചതെന്ന് പറയുന്നു.
എന്നാൽ, ഇക്കാര്യത്തിൽ ജില്ലയിലെ കോൺഗ്രസിൽനിന്ന് അഭിപ്രായം തേടിയിട്ടില്ലെന്നാണ് പറയുന്നത്. ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറും കെ.പി.സി.സി സെക്രട്ടറിയുമായ സി.സി. ശ്രീകുമാർ ചേലക്കര കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
നേരത്തേ കെ.ബി. ശശികുമാർ ഇവിടെ രണ്ടുതവണ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ശശികുമാറും കെ.പി.സി.സി മുൻ സെക്രട്ടറി എൻ.കെ. സുധീറും ചേലക്കര സീറ്റിനായി രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

