സംവരണ അട്ടിമറിക്കെതിരെ മുസ്ലിം ലീഗ്
text_fieldsകോഴിക്കോട്: വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ നിലവിലുള്ള സംവരണ ക്വോട്ട അട്ടിമറിക്കപ്പെടുന്ന രീതിയിലുള്ള സർക്കാർ നടപടികൾ സംവരണ സമുദായങ്ങൾക്ക് വലിയ നഷ്ടമുണ്ടാക്കുന്നതായി മുസ്ലിം ലീഗ് സംസ്ഥാന ഭാരവാഹി യോഗം. പിന്നാക്കവിഭാഗങ്ങൾക്ക് സംവരണത്തോതിൽ വരുന്ന കുറവുകളെക്കുറിച്ച് വിശദമായി പഠിക്കുന്നതിന് ഡോ. എം.കെ. മുനീറിനെ യോഗം ചുമതലപ്പെടുത്തി.
റിപ്പോർട്ട് ലഭിച്ചശേഷം സമരപരിപാടികൾ ആവിഷ്കരിക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച വഖഫ് സംരക്ഷണ സമരപരിപാടികൾ കോവിഡ് സാഹചര്യം മാറുമ്പോൾ തുടരാൻ തീരുമാനിച്ചു. നിയമസഭ തുടങ്ങുന്ന ദിവസം എല്ലാ പഞ്ചായത്ത്, മുനിസിപ്പൽ കേന്ദ്രങ്ങളിലും കോവിഡ് പ്രോട്ടോകോൾ പാലിച്ച് സമര പ്ലക്കാഡുകൾ ഉയർത്തി പ്രതിഷേധിക്കും. മന്ത്രിമാർക്ക് യഥേഷ്ടം അഴിമതി നടത്താൻ അവസരമൊരുക്കുന്ന തരത്തിൽ ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ച സർക്കാർ നടപടിയിൽ യോഗം പ്രതിഷേധിച്ചു.
കരിപ്പൂർ വിമാനത്താവള റൺവേയുടെ നീളം കുറക്കാനുള്ള നീക്കം പ്രതിഷേധാർഹമാണ്. കെ–റെയിൽ വിരുദ്ധ പ്രക്ഷോഭത്തിൽ സജീവ പങ്കാളിത്തം വഹിക്കാനും തീരുമാനിച്ചു. ലീഗ് ഹൗസിൽ ചേർന്ന യോഗത്തിൽ സാദിഖലി തങ്ങൾ അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ചർച്ച ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി.എം.എ. സലാം സ്വാഗതം പറഞ്ഞു.