തൃശൂർ: കാഴ്ചയുടെ വിളക്കണച്ച എൻഡോസൾഫാെൻറ ദുരിത ഭൂവിലാണ് വിഷ്ണുപ്രിയ പിറന്നത്. നിറങ്ങളില്ലാതെ വളർന്ന ഇൗ ബാല്യക്കാരിയിലെ സംഗീതക്കനൽ കണ്ടെത്തി ഉൗതിക്കത്തിച്ചത് ഉഷാഭട്ട് മജക്കാർ എന്ന സംഗീതാധ്യാപികയാണ്. ശുദ്ധ സംഗീതത്തിലൂടെയാണ് അവൾ പിന്നീട് ലോകത്തെ കണ്ടത്. സംഗീത വെളിച്ചത്തിൽ കട്ട ഇരുട്ടു കോരിയിട്ട് കഴിഞ്ഞ വർഷം ഉഷാഭട്ട് മരിച്ചു. ജീവിതവെളിച്ചം പകർന്ന അധ്യാപികക്ക് ഗുരുദക്ഷിണ നൽകാനാണ് വിഷ്ണുപ്രിയ എത്തിയത്. ചൊവ്വാഴ്ച മണിക്കൂറുകളുടെ ഇടവേളകളിൽ കഥകളിസംഗീതത്തിലും ശാസ്ത്രീയസംഗീതത്തിലും എ ഗ്രേഡ് നേടി കടംവീട്ടി.
കാസർകോട് ചെർക്കള അർളടുക്കയിലെ എൻഡോസൾഫാൻ ഇരയായ കാറഡുക്ക ഗവ. വി.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് വിഷ്ണുപ്രിയ. ജനിച്ചപ്പോൾതന്നെ കാഴ്ച കെട്ടുപോയിരുന്നു.
കീടനാശിനി വിതച്ച ദുരിതത്തിെൻറ ബാക്കിപത്രമായി ഭാഗിക കാഴ്ചയുള്ള ആശാദേവിയുടെ പൂർണ കാഴ്ചയില്ലാത്ത മകളായാണ് വിഷ്ണുപ്രിയ പിറന്നത്. ഏഴാമത്തെ വയസ്സുമുതലാണ് ഉഷാഭട്ട് ഒപ്പം കൂട്ടിയത്. നന്മ നിറഞ്ഞ സംഗീതത്തിലൂടെ സ്വപ്നം കാണാൻ പഠിപ്പിച്ചു ആ കൂട്ട്. മകളെപ്പോലെ സ്നേഹവാത്സല്യം നൽകി. വൈകാതെ മികച്ചൊരു സംഗീതപ്രതിഭയായി അവൾ മാറി. കഴിഞ്ഞ വർഷമാണ് ആദ്യമായി സ്കൂൾ കലോത്സവത്തിനെത്തിയത്. അന്ന് ശാസ്ത്രീയ സംഗീതത്തിൽ ഒന്നാം സ്ഥാനം നേടി. ഇക്കുറി ഉഷാഭട്ട് പഠിപ്പിച്ചത് അപ്പടി ആസ്വാദകഹൃദയങ്ങളിൽ ചേക്കേറി. അപ്പോഴും കാണാൻ ഗുരുനാഥയില്ലെന്ന സങ്കടം മാത്രം ബാക്കി. ജന്മനാ അന്ധരായ വിദ്യാഭ്യാസ വകുപ്പ് ഡി.പി.ഐ ആർ. രാജനും സ്കൂളിലെ സാമൂഹ്യശാസ്ത്രം അധ്യാപകൻ പി. സതീശനും വേദിയിലെത്തി സന്തോഷം പങ്കുവെച്ചു.
ഉഷാഭട്ട് തുടങ്ങിവെച്ച സംഗീതക്കച്ചേരികളെല്ലാം ഇപ്പോൾ നയിക്കുന്നത് വിഷ്ണുപ്രിയയാണ്. സ്കൂളിലും നാട്ടിലും വീട്ടിലും നിരവധി പേരെ സംഗീതം പഠിപ്പിക്കുന്ന വിഷ്ണുപ്രിയക്ക് നിരവധി ശിഷ്യരുണ്ട്. പക്ഷാഘാതം ബാധിച്ച് ശരീരം തളർന്ന പിതാവ് വിശ്വനാഥൻ നായരും അനുജൻ അഭിജിനും മാതാവും അടങ്ങുന്ന കുടുംബത്തിെൻറ താങ്ങും തണലുമാണ് ഇൗ കൊച്ചുപെൺകുട്ടി. ക്ഷേത്രങ്ങളിലും പൊതുവേദികളിലും സംഗീതക്കച്ചേരി നടത്തിയാണ് ജീവിതം. സഹായഹസ്തങ്ങളുമായി നാടും നാട്ടാരും ഒപ്പമുണ്ട്. കായികതാരം പി.യു. ചിത്ര ഒരിക്കൽ അരലക്ഷം രൂപ വിഷ്ണുപ്രിയക്ക് നൽകിയിരുന്നു. സംഗീതപ്രതിഭക്ക് കായികപ്രതിഭയുടെ സ്നേഹോപഹാരം.