സംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു
text_fieldsകോട്ടയം: സംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് (72) അന്തരിച്ചു. കോവിഡ് ബാധിച്ച് കോട്ടയത്ത് ചികിത്സയിലായിരുന്നു. സിനിമയിലും നാടകത്തിലുമായി ലളിതഗാന ശാഖയിലുമായി രണ്ടായിരത്തോളം ഗാനങ്ങളുടെ ശിൽപിയാണ്. ജനപ്രിയ അയ്യപ്പഭക്തി ഗാനങ്ങളിലുടെ ശ്രദ്ധേയനായ ആലപ്പി രംഗനാഥ് ഈ വർഷത്തെ കേരള സര്‍ക്കാറിന്‍റെ 2022ലെ ഹരിവരാസനം പുരസ്കാരം നേടിയിരുന്നു.
"സ്വാമി സംഗീതമാലപിക്കും", "എന്‍മനം പൊന്നമ്പലം", "എല്ലാ ദുഃഖവും തീര്‍ത്തുതരൂ" തുടങ്ങിയ നിരവധി അയ്യപ്പ ഭക്തിഗാനങ്ങളിലൂടെ ശ്രോതാക്കള്‍ക്ക് സുപരിചിതനാണ് ആലപ്പി രംഗനാഥ്. 1949 മാർച്ച് 9ന് ആലപ്പുഴ വേഴപ്ര കുഞ്ഞുകുഞ്ഞു ഭാഗവതരുടെയും ഗാനഭൂഷണം എം.ജി.ദേവമ്മാളുടെയും ആറുമക്കളിൽ മൂത്തയാളാണ് ജനനം. സംഗീതം പൈതൃകമായി കിട്ടിയതിനാൽ അച്‌ഛന്റെ കർശന ചിട്ടയിലായിരുന്നു ബാല്യം. അതുകൊണ്ടുതന്നെ നൃത്തവും സംഗീതവും വാദ്യോപകരണങ്ങളുമെല്ലാം ഒരേ പോലെ വശമായിരുന്നു. 1968ൽ മലയാളം വിദ്വാൻ പഠിക്കാൻ പൊൻകുന്നത്ത് ഇളയച്‌ഛന്റെ വീട്ടിലേക്കു താമസം മാറ്റി. 19 വയസ്സുള്ളപ്പോൾ കാഞ്ഞിരപ്പള്ളി പീപ്പിൾസ് ആർട്‌സ് ക്ലബ്ബിന്റെ നാടകത്തിനു പാട്ടെഴുതി സംഗീതം നൽകി ശ്രദ്ധേയനായി.
നടൻ സത്യൻ വഴി ബാബുരാജിനെ പരിചയപ്പെട്ടതാണ് രംഗനാഥിനെ സിനിമാ സംഗീത ലോകത്തിലെത്തിച്ചത്. 'സരസ്വതി' എന്ന സിനിമയിൽ എൽ.ആർ. ഈശ്വരിയുടെ പാട്ടിനു ഹാർമോണിയം വായിച്ചായിരുന്നു തുടക്കം. 'തുറക്കാത്ത വാതിൽ' എന്ന സിനിമക്കുവേണ്ടി കെ. രാഘവൻ മാഷ് ചിട്ടപ്പെടുത്തിയ 'നാളികേരത്തിന്റെ നാട്ടിലെനിക്കൊരു' എന്ന സൂപ്പർഹിറ്റ് ഗാനത്തിനു ബുൾ ബുൾ വായിച്ചതും ആലപ്പി രംഗനാഥാണ്. 1973ൽ പി.എ. തോമസ് സംവിധാനം ചെയ്ത 'ജീസസ്' എന്ന സിനിമയിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. അഗസ്റ്റിൻ വഞ്ചിമല എഴുതിയ 'ഓശാന, ഓശാന' എന്നതാണ് ആദ്യഗാനം.
അച്ഛന്റെ മരണത്തോടെ മദ്രാസിൽനിന്നു തിരികെ നാട്ടിലെത്തി യേശുദാസിന്റെ ഉടമസ്ഥതയിലുള്ള തരംഗിണി സ്‌റ്റുഡിയോയിൽ സ്‌ക്രിപ്‌റ്റ് സ്‌ക്രൂട്ടിനൈസിങ് ഓഫിസറായി പ്രവേശിച്ചു. അങ്ങിനെയാണ് അയ്യപ്പനെക്കുറിച്ചുള്ള ഗാനങ്ങളുടെ രചനയും ഈണവും ഉൾപ്പെടെ കാസറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചത്. 1982ൽ പുറത്തിറങ്ങിയ 'സ്വാമിസംഗീതം' കാസെറ്റിലെ വൃശ്‌ചികപ്പൂമ്പുലരി, എന്മനം പൊന്നമ്പലം, സ്വാമി സംഗീതമാലപിക്കും, ശബരീ ഗിരിനാഥാ തുടങ്ങി കാസെറ്റിലെ 12 ഗാനങ്ങളും ഹിറ്റായി. ഈ ഗാനങ്ങളുടെ തമിഴ്, തെലുങ്ക്, കന്നഡ പതിപ്പുകളും ഹിറ്റാണ്. തരംഗിണിക്കുവേണ്ടി 25ലേറെ കസെറ്റുകൾ ചെയ്തിട്ടുണ്ട്.
'പൂച്ചയ്‌ക്ക് ഒരു മൂക്കുത്തി' എന്ന സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കിയതും 'പപ്പൻ പ്രിയപ്പെട്ട പപ്പനി'ലെ പാട്ടുകൾക്ക് ഈണം നൽകിയതും ശ്രദ്ധിക്കപ്പെട്ടു. 'ആരാന്റെ മുല്ല കൊച്ചുമുല്ല', 'പ്രിൻസിപ്പാൾ ഒളിവിൽ' എന്നിവ അടക്കം 20 സിനിമകളിൽ ഗാനങ്ങൾക്ക് ഈണമിട്ടിട്ടുണ്ട്. 'അമ്പാടി തന്നിലൊരുണ്ണി', 'ധനുർവേദം' എന്നീ സിനിമകൾ സം വിധാനം ചെയ്‌തു. ത്യാഗരാജസ്വാമികളെപ്പറ്റി ദൂരദർശനുവേണ്ടി പരമ്പരയും സംവിധാനം ചെയ്‌തിട്ടുണ്ട്. ഇടയ്ക്ക് ഏഴുവർഷം ന്യൂമുംബൈ വിദ്യാപീഠത്തിൽ സംഗീത–നൃത്ത–മൃദംഗം അധ്യാപകനുമായി. കേരള സംഗീത നാടക അക്കാദമിയുടെ രവീന്ദ്രനാഥ ടാഗോര്‍ പുരസ്കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. രാജശ്രീയാണ് ഭാര്യ.