മുറുകി ബേപ്പൂരും വടകരയും പേരാമ്പ്രയും
text_fieldsകോഴിക്കോട്: ജില്ലയിൽ ശ്രദ്ധേയ മത്സരം നടന്ന ബേപ്പൂരിൽ പി.വി. അൻവറും വിജയ പ്രതീക്ഷയിലാണ്. എന്നാൽ, പോളിങ് ശതമാനം 2021ലെക്കാൾ അധികമായത് മണ്ഡലം നിലനിർത്തുമെന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് എൽ.ഡി.എഫും മന്ത്രി പി.എ. മുഹമ്മദ് റിയാസും വിലയിരുത്തുന്നു. 2021ൽ 78.05 ശതമാനമുണ്ടായിരുന്ന പോളിങ് ഇത്തവണ 83.77 ശതമാനമാണ്. ഇവിടെ ബി.ജെ.പി സ്ഥാനാർഥി ജയപ്രകാശ് ബാബു പിടിക്കുന്ന വോട്ടുകൾ നിർണായകമാണ്. പരമ്പരാഗത വോട്ടിന്റെ പിൻബലത്തിൽ റിയാസ് ജയിക്കുമെന്ന് പറയുമ്പോഴും സി.പി.എമ്മിൽ അടിയൊഴുക്കുണ്ടാവുകയും വോട്ടുകൾ മറിയുകയും ചെയ്താൽ ഇവിടെ അൻവർ അട്ടിമറി ജയം നേടുമെന്ന് തന്നെയാണ് യു.ഡി.എഫ് കണക്കാക്കുന്നത്.
ശ്രദ്ധേയ മത്സരം നടന്ന പേരാമ്പ്രയിൽ 15000ഓളം വോട്ടുകളുണ്ടെന്ന് അവകാശപ്പെടുന്ന ബി.ജെ.പിയുടെ വോട്ടുകൾ മറിഞ്ഞില്ലെങ്കിൽ ഇടതുമുന്നണി കൺവീനർ ടി.പി. രാമകൃഷ്ണനെതിരെ ഫാത്തിമ തഹ്ലിയ അട്ടിമറി വിജയം നേടുമെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. മണ്ഡലത്തിലെ ശക്തമായ പോളിങ് യു.ഡി.എഫിന്റെ ആത്മവിശ്വാസത്തിന് ബലമേകുന്നു. കഴിഞ്ഞ തവണ 80.17 ശതമാനമുണ്ടായിരുന്ന പോളിങ് ഇത്തവണ 81.56 ആയി ഉയർന്നു.
വടകരയിൽ പോളിങ് ശതമാനത്തിലെ വർധന തുണയാകുമെന്ന് ഇരുമുന്നണികളും അവകാശപ്പെടുന്നുണ്ടെങ്കിലും ഭരണവിരുദ്ധ തരംഗത്തിന്റെ ആനുകൂല്യത്തിൽ കെ.കെ. രമ വിജയിക്കുമെന്ന് തന്നെയാണ് കണക്കുകൂട്ടൽ. കഴിഞ്ഞതവണ 79.33 ശതമാനമായിരുന്ന പോളിങ്ങിൽ നേരിയ വർധന മാത്രമാണ് ഇത്തവണയുള്ളത് -79.51. എല്ലാ തവണയും വോട്ട് ചെയ്യാനെത്തിയിരുന്ന പ്രവാസി വോട്ടർമാരുടെ അഭാവവും എസ്.ഡി.പി.ഐ വോട്ടുകൾ എൽ.ഡി.എഫിന് മറിയുകയും ചെയ്താൽ ചില ആശങ്കകൾ യു.ഡി.എഫിന് ഇല്ലാതെയുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

